അച്ചുതണ്ട് ആവുക

0

.
പ്ര
പഞ്ചം മുഴുവൻ ഭൂമിയെ ചുറ്റുന്നു എന്നൊരു സിദ്ധാന്തം പണ്ട് ഉണ്ടായിരുന്നു. പിന്നീടതുമാറി. സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നാണ് പിന്നീടുണ്ടായ സിദ്ധാന്തം. നാളെ ഇനിയും പുതിയ സിദ്ധാന്തങ്ങൾ വരാം, ഇതുവരെ വിശ്വസിച്ചത് പലതും തെറ്റായിരുന്നു എന്നും ബോധ്യപ്പെട്ടേക്കാം. പക്ഷേ, എത്രയൊക്കെ പുതുസിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടാലും, എന്തെല്ലാം നവീനആശയങ്ങൾ വന്നാലും, കുടുംബം അമ്മയെന്ന അച്ചുതണ്ടിലാണ് കറങ്ങുന്നത് എന്നതിൽ വലിയ മാറ്റമൊന്നും സംഭവിക്കുമെന്ന് തോന്നുന്നില്ല.
 

നമ്മുടെ കുടുംബങ്ങളെയെല്ലാം ഭ്രമണപഥം തെറ്റാതെ കാക്കുന്നത് അമ്മമാരല്ലേ? കോഴികൂവുമ്പോൾ തുടങ്ങുന്ന അദ്ധ്വാനം പാതിരാവരെ നീളുന്നത് കുടുംബത്തിന് വേണ്ടിയല്ലേ? ആരെങ്കിലും രോഗിയാകുമ്പോഴും രോഗം ബാധിക്കുന്നത് അമ്മയേയല്ലേ? 

ബൈബിളിലൂടെ കണ്ണോടിച്ചാൽ ഇങ്ങനെ കുറെ അച്ചുതണ്ടുകളെ കാണാം. ഇസ്രായേൽജനത്തെ വാഗ്ദാനനാട്ടിലേക്ക് നയിക്കുന്ന മോശയും, ഇസ്രായേലിന് സുരക്ഷിതത്വം ഒരുക്കുന്ന ദാവീദും, അവരെ നേർവഴിക്കു നയിക്കുന്ന ഏലിയ പ്രവാചകനും എല്ലാം അച്ചുതണ്ടുകളാണ്.

പുതിയനിയമത്തിൽ ശിഷ്യന്മാർക്ക് ഈശോയും, തിരുക്കുടുംബത്തിന് യൗസേപ്പിതാവും, ആദ്യക്രിസ്ത്യാനികൾക്ക് ശ്ലീഹന്മാരും  അച്ചുതണ്ടുകൾതന്നെ. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഓടി വിജനമായ പ്രാന്തപ്രദേശങ്ങളിലേക്ക് ചേക്കേറുവാൻ എളുപ്പമാണ്. മറ്റൊരുവന് അത്താണിയാകുവാനും മറ്റുള്ളവർക്ക് ബലമേകുവാനും എളുപ്പമല്ല.

ക്രിസ്തു ആഗ്രഹിക്കുന്നത് നമ്മൾ അച്ചുതണ്ടാവുക എന്നുള്ളതാണ്. മറ്റുള്ളവർക്ക് വളരാനും വികസിക്കാനും ആശ്വസിക്കാനും കാരണമാകുന്ന അച്ചുതണ്ട്. 
പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം – അച്ചു തണ്ടുകൾ ഒരിക്കലും യാഥാർത്ഥ്യങ്ങളല്ല. ഒരു സങ്കല്പമാണ്, അതുകൊണ്ടുതന്നെ അദൃശ്യങ്ങളും. ഉത്തരവാദിത്വങ്ങൾ ചെയ്ത് തീരുമ്പോൾ നീയും അദൃശ്യനാവുക. ഭാവുകങ്ങൾ! 

ശുഭരാത്രി

Fr. Sijo Kannampuzha OM