പെസഹ എന്നാല്‍ ഒരു അത്താഴത്തിന്റെ ഓര്‍മ്മയാണ്. ഒടുവിലത്തെ അത്താഴം. വിശ്വപ്രസിദ്ധമായ അതിന്റെ ചിത്രത്തില്‍ അത്താഴമേശയുടെ സവിശേഷതകള്‍ കാണാനാകും. ഭക്ഷണമേശയ്ക്കു ചുറ്റും എല്ലാവരുമുണ്ട്. മറ്റൊന്നിലും ശ്രദ്ധിക്കാതെ ഏവരും ഒരേ മനസ്സോടെ ഒത്തുകൂടിയിരിക്കുന്നു.
ഭക്ഷണമേശയില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പെസഹ ഓര്‍മ്മിപ്പിക്കുന്നില്ലേ? ഭക്ഷണസമയത്ത് എല്ലാവരും ഒരുമിച്ചുകൂടുക. മറ്റു കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുക. ഉള്ള വിഭവങ്ങള്‍ സ്നേഹത്തോടെ പങ്കുവച്ചുകഴിക്കുക. ഉത്സാഹത്തോടെ വിളമ്പാനും രുചിയോടെ കഴിക്കാനും സാധിക്കണം.
മൊബൈലില്‍ ചാറ്റുചെയ്തും ഹെഡ്ഫോണില് പാട്ടുകേട്ടും അവനവന്റെ കാര്യങ്ങളില്‍ മുഴുകിയും ഭക്ഷണമേശയില്‍ നിങ്ങള്‍ സമയം ചെലവഴിക്കാറുണ്ടോ?
നല്ല സംഭാഷണവും നല്ല വിഭവങ്ങളും മനസിനെയും ശരീരത്തെയും ആരോഗ്യവും സൗഖ്യവുമുള്ളതാക്കും. അതിനായി അത്താഴമെന്നല്ല, എല്ലാനേരവും ഭക്ഷണമേശയെ ആകര്‍ഷകമാക്കി മാറ്റാം.
ഷാജി മാലിപ്പാറ