അലങ്കാരം

0

ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണ്ണാഭരണമോ വിശേഷവസ്ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം. പിന്നെയോ ദൈവസന്നിധിയില്‍ വിശിഷ്ടമായ സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന അനശ്വരരത്‌നം അണിഞ്ഞ ആന്തരികവ്യക്തിത്വമാണ്.( 1 പത്രോ 3; 4)

പത്രോസ് ശ്ലീഹാ സ്ത്രീജനങ്ങള്‍ക്ക് ബാധകമെന്ന രീതിയില്‍ പറഞ്ഞുതന്നിരിക്കുന്ന ഈ നിര്‍ദ്ദേശം അണ്ഡകടാഹത്തിലെ സകലമനുഷ്യര്‍ക്കും ബാധകമാണ്. കാരണം
ബാഹ്യമോടികള്‍ കൊണ്ട് ആകര്‍ഷിക്കാനാണ് നമുക്കെന്നും താല്പര്യം. ആടകള്‍ക്കും ആഭരണങ്ങള്‍ക്കും പുറമെ വെളുത്ത ചിരി, തൂമന്ദഹാസം, മധുരതരമായ സംസാരം.

പക്ഷേ ആന്തരികമായി നാം അതുപോലെ തന്നെയാണോ..പുറമേയ്ക്ക് അണിയുന്നവയെല്ലാം അകമേ കൂടി ഉണ്ടായിരുന്നുവെങ്കില്‍ നാം ഭേദപ്പെട്ട മനുഷ്യരെങ്കിലുമായിരുന്നേനെ. എന്തു ചെയ്യാം ഉള്ളിലേക്ക് കുഴിച്ചുചെല്ലും തോറും നനവ് കാണാത്ത ഏതോ അഗാധഗര്‍ത്തംപോലെയാണ് പല മനസ്സുകളും.

ചിലരുമായി അടുത്ത് ഇടപഴകിയപ്പോള്‍ വിചാരിച്ചുപോയിട്ടുണ്ട്, അകലെ കാണുമ്പോള്‍ തോന്നിയിരുന്നത്ര സൗന്ദര്യം അടുത്തുവരുമ്പോഴും ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്. ഇതൊരുപക്ഷേ ഒരാള്‍ക്ക് മാത്രം തോന്നിയ തോന്നലായിരിക്കില്ല, എന്നെക്കുറിച്ച് മറ്റ് പലര്‍ക്കും തോന്നിയിട്ടുള്ളതും അങ്ങനെ തന്നെയാവാം.

ആന്തരികവ്യക്തിത്വം നല്ലതായിരിക്കുക എന്നതാണ് പ്രധാനം. വെളിച്ചത്ത് എങ്ങനെയോ അതുപോലെ തന്നെ ഇരുട്ടിലും ആയിരിക്കുക. ദൈവമേ എന്തൊരു വെല്ലുവിളിയാണ് അത്. ഇരുട്ടില്‍ പിഴച്ചുപോയ ചുവടുകളും ആരും അറിയാതെ പോയ പാപങ്ങളും ഇപ്പോള്‍ മനസ്സിലേക്ക് കടന്നുവരുന്നുണ്ട്.

പിന്നിയ മുടികൊണ്ടും സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടും വിശേഷവസ്ത്രങ്ങള്‍ കൊണ്ടും ബാഹ്യമോടികളില്‍ മാത്രം അഭിരമിച്ചു ഞാന്‍ ചെയ്തുകൂട്ടിയവ. പക്ഷേ അതില്‍ നിന്നെല്ലാം എത്രയോ ഭിന്നമായിരുന്നു എന്റെ ആന്തരികവ്യക്തിത്വം.

വിശിഷ്ടമായ ആന്തരികവ്യക്തിത്വം. അതാണ് ദൈവസന്നിധിയില്‍ നമ്മെ വിലയുള്ളവരാക്കുന്നത്. ഓരോരുത്തരും ഈ പ്രഭാതത്തില്‍ സ്വന്തം ആന്തരികവ്യക്തിത്വത്തെ അപഗ്രഥിക്കട്ടെ..അതിനെ കണ്ടെത്തട്ടെ.

ബാഹ്യവും ആന്തരികവുമായ ലോകങ്ങള്‍ തമ്മില്‍ അന്തരമില്ലാതെ ജീവിക്കാന്‍ എനിക്കും നിനക്കും കഴിയട്ടെയെന്ന ആശംസയോടെ

സസ്‌നേഹം

വിഎന്‍.