അവൻ പെട്ടെന്ന് നിന്നു

0


എത്ര തിരക്കുപിടിച്ച ജോലിക്കിടയിലും കുഞ്ഞു കരഞ്ഞാൽ അമ്മ ആ ജോലി നിറുത്തി കുഞ്ഞിനെ പരിചരിക്കും. എത്ര ആൾത്തിരക്കിനിടയിലും കുഞ്ഞിൻ്റെ കരച്ചിൽ അമ്മ തിരിച്ചറിയും. എത്ര ഇരുട്ടിലും അമ്മ കുഞ്ഞിനെയും കുഞ്ഞു അമ്മയെയും മനസ്സിലാക്കും.

ബർതിമേയൂസിൻ്റെ ചങ്കുപൊട്ടിയുള്ള ‘കർത്താവേ, എന്നിൽ കനിയണമേ’ എന്ന നിലവിളി ഈശോയുടെ കാതുകളിൽ പതിക്കുമ്പോൾ ആരോ പിടിച്ചു നിറുത്തിയാലെന്നതുപോലെ ഈശോ നിൽക്കുകയാണ്. ആഴിയുടെ അടിത്തട്ടിൽ പൂഴ്ന്നു കിടക്കുന്ന മുത്തുകൾപോലെ, വചനസാഗരത്തിലെ മനോഹരമായ ഒരു വചനം ഇവിടെയും.

വെറും നിസ്സാരനായ ഒരുവൻ്റെ നിലവിളി കേട്ട്, മുൻപോട്ട് പോകാതെ നിൽക്കുകയാണ് കർത്താവ്. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവൻ, വെറും നിമിഷാർദ്ധങ്ങൾക്കൊണ്ടു കടലിനെയും കരയെയും വേർതിരിച്ചവൻ, നാസാരന്ധ്രങ്ങളിലൂതി ജീവൻ നൽകിയവൻ – ആ ദൈവമിതാ, ഇവിടെ വെറും അന്ധയാചകനായ ഒരു പാവത്തിൻ്റെ നിലവിളിക്കു മുന്പിൽ കരുണയോടെ നിൽക്കുന്നു.

സൃഷ്ടിച്ചവനല്ലേ സൃഷ്ടിയെ അറിയൂ? ബർതിമേയൂസിൻ്റെ ജീവിതത്തിൽ ഇനി പ്രതീക്ഷകൾക്കും കാത്തിരിപ്പിനും സമയമില്ലെന്ന് ദൈവത്തിനറിയാം. അവൻ്റെ കണ്ണീർ ശേഖരിച്ച ദൈവം , അവൻ്റെ കണ്ണീരുപ്പുകലർന്ന ജീവിതത്തിനു ശാന്തി നൽകുകയാണ്.
നമ്മുടെ ദൈവം ഇത്രേയുള്ളൂ. ഒന്ന് കരഞ്ഞാൽ ഇറങ്ങിവരുന്ന, സ്പർശിക്കുന്ന, സുഖപ്പെടുത്തുന്ന ദൈവം.

അതുകൊണ്ടല്ലേ ഇന്നും പൊടിഞ്ഞുപോകുന്ന ഗോതമ്പപ്പത്തിൻ്റെ രൂപത്തിൽ അവനിന്നും നമുക്കുവേണ്ടി തിരുവൾത്താരയിലെ പരിശുദ്ധ സക്രാരികളിൽ കാത്തിരിക്കുന്നത്. അല്പസമയം ആ മടിത്തട്ടിൽ നമുക്കായിരിക്കാം..

ശുഭരാത്രി

Fr. Sijo Kannampuzha OM