അഹങ്കാരം വിനാശവും അരാജകത്വവും വരുത്തും.( തോബിത്ത് 4:13)
ഒരുവന് താന്‍ ഒന്നുമല്ലായിരിക്കെ എന്തോ ആണെന്ന് ഭാവിക്കുന്നുണ്ടെങ്കില്‍ അവന് അഹങ്കാരിയാണ്. ദൈവമോ മനുഷ്യരോ ചെയ്തുതന്ന നന്മകള്, ഉപകാരങ്ങള്‍ വിസ്മരിക്കുന്നത് അഹങ്കാരമാണ്. ദൈവം നല്കിയ നേട്ടങ്ങളെ സ്വന്തം കഴിവിന്റെ പേരില്‍ സ്വന്തമാക്കുന്നത് അഹങ്കാരമാണ്. തന്നെക്കാള്‍ താഴ്ന്നവനെന്നതിന്റെ പേരില്‍ മറ്റുള്ളവരെ പുച്ഛത്തോടെ വീക്ഷിക്കുന്നതും അവഗണിക്കുന്നതും ചിലരെ നിറത്തിന്റെയും പണത്തിന്റെയും പദവിയുടെയും പേരില്‍ നീക്കിനിര്‍ത്തുന്നതും അഹങ്കാരമാണ്.
ഗര്‍വ്വ് കലര്‍ന്ന കണ്ണുകളാണ് അവന്റേത്. ധാര്‍ഷ്ട്യം പുലമ്പുന്ന നാവാണ് അവന്റേത്. അഹങ്കാരികളാണ് ചെറിയൊരു കാര്യത്തിന് പോലും വലിയ തോതില്‍ പൊട്ടിത്തെറിക്കുന്നത്. വലിയ തെറ്റു ചെയ്തിട്ടും ക്ഷമ ചോദിക്കാന്‍ മടിക്കുകയും എല്ലാ കുറ്റങ്ങളും മറ്റുള്ളവന്റെ മേല്‍ ആരോപിക്കുന്നതും. അവരുടെ നോട്ടത്തില്‍ മറ്റെല്ലാവരും നിസ്സാരരാണ്. പരിഹാസത്തോടെയാണ് അവര്‍ മറ്റുള്ളവരുടെ കുറവുകളെ വീക്ഷിക്കുന്നത്.
അഹങ്കാരികളില്‍ നിന്ന് പാപത്തില്‍ നിന്നെന്നപോലെ അകന്നുമാറേണ്ടതുണ്ട്. കാരണം അവര്‍ തങ്ങളുടെ ജീവിതം മാത്രമല്ല മറ്റുള്ളവരുടെ ജീവിതങ്ങളിലും വിനാശവും അരാജകത്വവും വരുത്തും. തിരുവചനം ധ്യാനിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് അതാണല്ലോ. അഹങ്കാരം വിനാശവും അരാജകത്വവും വരുത്തുമെന്ന്.
അത് അയാളുടെ ജീവിതത്തില്‍ മാത്രമല്ല അയാളുമായി ചേര്ന്നുനില്ക്കുന്നവരുടെ ജീവിതങ്ങളെയും ബാധിക്കുമെന്നത് തീര്‍ച്ചയാണ്. മേലുദ്യോഗസ്ഥന് ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഭര്‍ത്താവ് ആവശ്യപ്പെടുന്ന കാര്യം അഹങ്കാരത്തിന്റെ പേരില്‍ തള്ളിക്കളയുന്ന എത്രയോ ഭാര്യമാരുണ്ട്!
ഈ പ്രഭാതത്തില്‍ നമുക്ക് ആത്മശോധന ചെയ്യാം, ഞാന്‍ ശരിക്കും അഹങ്കാരിയാണോ.. ദൈവം എനിക്ക് നല്കിയ വലിയ കാരുണ്യത്തെ ഞാന്‍ എന്റെ കഴിവിന്റെ ഫലമായിട്ടാണോ കണക്കാക്കിപോരുന്നത്. ദൈവം നല്കിയ മഹാദാനത്തോട് ഞാന്‍ എപ്പോഴെങ്കിലും നന്ദി പറയാതെ പോയിട്ടുണ്ടോ.. എന്റെ നോട്ടത്തിന്റെ ചുറ്റുവട്ടങ്ങളില്‍ ചിലരെയൊക്കെ ഞാന്‍ നിസ്സാരരായിട്ടാണോ കാണുന്നത്? ഞാനുമായി ബന്ധപ്പെട്ടവരുടെ ജീവിതങ്ങളില്‍ എന്റെ അഹങ്കാരം മൂലം വിനാശവും അരാജകത്വവും ഉണ്ടായിട്ടുണ്ടോ?
ദൈവമേ നിന്നോടുള്ള എന്റെ നന്ദികേടുകള്‍ക്ക് മാപ്പ്. എന്റെ അഹങ്കാരചിന്തകളില് നിന്ന് പുറത്തുകടക്കാന്‍ എനിക്ക് നീ ശക്തി നല്കിയാലും. അപരനെ അംഗീകരിക്കാനും അനുസരിക്കാനും എന്റെ പിഴവുകളെ സമ്മതിക്കാനും കഴിയുന്ന വിധത്തില്‍ എന്റെ മനസ്സിന് വെളിച്ചം നല്കണമേ.
ഈ പ്രഭാതത്തില്‍ അഹങ്കാരത്തിന്റെ ഭാണ്ഡക്കെട്ടുകള്‍ അത്താണിയിന്മേല് ഇറക്കിവച്ച് പിന്നെയൊരിക്കലും തിരികെ വന്നെടുക്കാന് കഴിയാത്തവിധത്തില്‍ മുന്നോട്ടുയാത്ര ചെയ്യാന്‍ പ്രാപ്തിയുള്ള ഒരു സഞ്ചാരിയാക്കി മാറ്റിയാലും.
ആ യാത്രാപഥങ്ങളിലൂടെ നമുക്ക് ഒരുമിച്ചു മുന്നേറാം
ശുഭപ്രതീക്ഷകളോടെ
വിഎന്‍.