ഈ വിജയം കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള തിരിച്ചടി:

0

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരോഷവും അധികാര അഹങ്കാരത്തിനുള്ള മറുപടിയുമാണ് വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചതെന്ന്  ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
    നോട്ടുനിരോധനവും ജിഎസ്ടിയും വിവിധ രാജ്യാന്തര കരാറുകളുടെ മറവിലുള്ള അനിയന്ത്രിത കാര്‍ഷികോല്പന്ന ഇറക്കുമതിയും സൃഷ്ടിച്ച കടക്കെണിയും വിലത്തകര്‍ച്ചയും കര്‍ഷക ആത്മഹത്യകളും ഗ്രാമീണമേഖലയില്‍ കര്‍ഷകരുടെ സംഘടിത സര്‍ക്കാര്‍ വിരുദ്ധനീക്കത്തിന് കളമൊരുക്കി. ഇത് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ അവസരോചിതമായി ഉപയോഗിച്ചു.  കാര്‍ഷികവിഷയങ്ങളെ അവഗണിച്ച്  വര്‍ഗീയവിഷം ചീറ്റി ഇതിനെ അതിജീവിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനായില്ല.  തെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് ഇന്ത്യയിലെ കര്‍ഷകര്‍ നിശ്ചയിക്കുന്ന കാലം വന്നിരിക്കുന്നത് ശുഭസൂചനയാണ്. 

    രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങിയുള്ള സര്‍ക്കാര്‍ വിരുദ്ധ നീക്കമാണ് വിവിധ സംസ്ഥാനങ്ങളില്‍ ഭരണമാറ്റത്തിന് വിത്തുപാകിയത്.  വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ സ്ഥാനാര്‍ത്ഥികളുണ്ടാകും. കര്‍ഷകരെ സംരക്ഷിക്കുന്നവരെ കര്‍ഷകര്‍ സംരക്ഷിക്കുമെന്നതാണ് കര്‍ഷകപ്രസ്ഥാനങ്ങളുടെ നയം.  കോണ്‍ഗ്രസും ഈ തെരഞ്ഞെടുപ്പില്‍ നിന്ന് കര്‍ഷകശക്തി തിരിച്ചറിഞ്ഞ് പാഠം പഠിക്കണം.  രാഷ്ട്രീയനേതൃത്വങ്ങളുടെ അടിമത്വത്തില്‍ നിന്ന് കര്‍ഷകര്‍ മോചിതരാകണം.  സംഘടിച്ചുനീങ്ങിയാല്‍ മാത്രമേ വരും നാളുകളില്‍ രക്ഷപെടാനാവുകയുള്ളൂവെന്ന് കേരളത്തിലെ കര്‍ഷകരും തിരിച്ചറിയണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.