ഇനിയെന്ന് കാണും?

0


രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട ഒരു സുഹൃത്തിനെ സന്ദർശിച്ചു വിടപറയുന്നനേരം അവൻ ചോദിച്ചു – “ഇനിയെന്ന് കാണും”?

കാണാൻ സാധിക്കുന്നത് കണ്ണിനു മാത്രമല്ല മനസ്സുകൊണ്ട് കൂടിയാണ്. എത്രയോ മായക്കാഴ്‌ച്ചകൾ ആണ് നമ്മുടെ കണ്ണുകളെ ഓരോ ദിവസവും ആകർഷിക്കുന്നത്? എത്രയോ കാഴ്ചകളാണ് നമ്മുടെ കണ്ണിൽ നിന്ന് അശ്രദ്ധ മൂലം നഷ്ടപ്പെടുന്നത്? ഒരു മനോഹരമായ പൂന്തോട്ടം കാണാൻ നാം ഇഷ്ടപ്പെടുന്നു.

എന്നാൽ രോഗികൾ കിടക്കുന്ന ഒരു ആശുപത്രിയോ മാറാരോഗികളുടെ ഒരു ആശ്രയകേന്ദ്രമോ കാണാൻ നമ്മൾ ഇഷ്ടപ്പെടാറില്ല. കാരണം അവിടുത്തെ കാഴ്ചകൾ നമ്മളെ അലോസരപ്പെടുത്തുന്നു.

ഇന്ന് ദനഹാ തിരുനാൾ! ക്രിസ്തുവാണ് ലോകത്തിന്റെ പ്രകാശം എന്ന് ഉദ്ഘോഷിക്കുന്ന ദിവസം. ക്രിസ്തു പ്രകാശമായി അനുഭവപ്പെട്ടത് കണ്ണുകൾക്കല്ല, മനസ്സിനാണ്. എത്രമാത്രം കാഴ്ചശക്തി ഉണ്ടായാലും ക്രിസ്തുവിന്റെ പ്രകാശം കാണാൻ കഴിയില്ല, അതിന് ഹൃദയം തുറക്കുക തന്നെവേണം. നാമെല്ലാവരും ശാരീരികമായി കാഴ്ച ഉള്ളവരാണ്, പക്ഷേ പലപ്പോഴും ആത്മീയമായി അന്ധരാണ്. ക്രിസ്തുവിനെ കാണാൻ, അവന്റെ സാമീപ്യവും സാന്നിധ്യവും ചുറ്റുമുള്ളവരിൽ തിരിച്ചറിയാനുള്ള ആന്തരിക കാഴ്ചശക്തി, നമുക്ക് പലപ്പോഴും നഷ്ടപ്പെടുന്നു.
 

ബർത്തിമേയൂസ് എന്ന അന്ധയാചകൻ ഉറക്കെ നിലവിളിക്കുന്നു – “എന്നിൽ കനിയേണമേ”. കാഴ്ച ലഭിക്കണമെന്ന് അവന് ആഗ്രഹമുണ്ടായിരുന്നു. ക്രിസ്തു നമ്മുടെ ആന്തരിക അന്ധത നീക്കുന്നവനാണ് എന്നുനമുക്കറിയാം. പക്ഷേ പലപ്പോഴും നമ്മുടെ ആത്മീയ അന്ധത നമ്മൾ തിരിച്ചറിയുന്നില്ല.ചിലപ്പോൾ ആ അന്ധതയാണ് നമുക്കിഷ്ടം, കാരണം ആ അന്ധത, സ്വാർത്ഥതയുടെ ഒരു സുഖം നൽകുന്നുണ്ട്.
 

ബർത്തിമേയൂസിനോട് ചോദിച്ച അതേ ചോദ്യം കർത്താവ് നമ്മോടു ചോദിക്കുന്നു – “ഞാൻ നിനക്ക് എന്തു ചെയ്തു തരണം എന്നാണ് നീ ആഗ്രഹിക്കുന്നത്?” ഈ ദനഹാ ദിവസം നമ്മുടെ ആത്മീയാന്ധത മാറ്റിത്തരണമെന്ന് നമുക്ക് പ്രാർത്ഥിക്കാം. നമുക്ക് ക്രിസ്തുവിന്‍റെ പ്രകാശത്തിൽ സഞ്ചരിക്കാം.

ശുഭരാത്രി

Fr. Sijo Kannampuzha OM