എന്നിൽ കനിയേണമേ

0


ത്തിരി പ്രാർത്ഥനകൾ വായിച്ചും കേട്ടും പഠിച്ചും ഒക്കെ അറിഞ്ഞവരാണ് നമ്മൾ. പക്ഷെ സ്വന്തം ഹൃദയത്തിൽ നിന്ന്, ഒരു ഏച്ചുകെട്ടലുകളും കൂടാതെ, പിതാവിന്റെ മകനെന്ന ബോദ്ധ്യത്തോടെ ഇതിലും മനോഹരമായി പ്രാർത്ഥിക്കാവുന്ന വാചകമുണ്ടോ? – ‘എന്നിൽ കനിയേണമെ’.

വാചകക്കസർത്തുകളില്ല. സാഹിത്യസൗന്ദര്യമില്ല. ഒന്നിന്റെയും അകമ്പടിയും കോറസുമില്ല. ഒരു പക്ഷെ നിശ്ശബ്ദമായിപ്പോലും ആത്മാർത്ഥമായി പ്രാർത്ഥിക്കാവുന്ന ഒരു വാചകം – കർത്താവേ എന്നിൽ കനിയേണമേ..

യഹൂദരുടെ പ്രാർത്ഥനയിൽ പ്രഥമസ്ഥാനം ഈ പ്രാർത്ഥനക്കായിരുന്നു. പലരും ഈശോയുടെ അടുത്ത് ഈ പ്രാർത്ഥനയുമായി വരുന്നത് നാം കാണുന്നുണ്ട്. പഴയനിയമ പുസ്തകത്തിലെ സങ്കീർത്തനങ്ങളിലും ഈ പ്രാർത്ഥന ഒത്തിരി പ്രാവശ്യം ആവർത്തിക്കപ്പെടുന്നുണ്ട്.

ചിലപ്പോൾ തോന്നും ഇതിൽ കൂടുതലുള്ള പ്രാർത്ഥനകളൊക്കെ വെറും അക്ഷരക്കൂട്ടങ്ങളാണെന്ന്. ഇതിൽ കൂടുതൽ എന്തെങ്കിലും പ്രാർത്ഥിക്കേണ്ടതുണ്ടോ എന്നുപോലും ചിലപ്പോൾ സംശയിച്ചുപോകും. ഒന്നുമില്ലായ്മയിൽ നിന്നും എന്നെ സൃഷ്ടിച്ചു അനുദിനം വേണ്ടതൊക്കെ തന്നനുഗ്രഹിക്കുന്ന തമ്പുരാനോട് കനിയണമെന്നല്ലാതെ വേറെ എന്തുപറയാൻ?

ആരൊക്കെ ഈ പ്രാർത്ഥന കർത്താവിന്റെ മുൻപിൽ ഏറ്റുചൊല്ലിയിട്ടുണ്ടോ അവരൊക്കെ അവിടുത്തെ കനിവിന്റെ നനവറിഞ്ഞവരാണ്. ബർതിമിയൂസിനെപ്പോലെ നമുക്കും പ്രാർത്ഥിക്കാം, കർത്താവേ എന്നിൽ കനിയേണമേ..

പ്രാർത്ഥനകളോടെ

ശുഭരാത്രി നേര്‍ന്നുകൊണ്ട്

Fr Sijo Kannampuzha OM