എന്‍റെയുള്ളിലെ ഫരിസേയന്‍

0


പാപിനിക്ക് മോചനം. (ലൂക്കാ 7 : 36-50)  ധ്യാനം -11

യേശുവിനെ ഭക്ഷണത്തിന് ക്ഷണിച്ച ഫരിസേയൻ, യേശുവൊരു ഗുരുവാണെന്നും ജനസമ്മതനാണെന്നും മനസ്സിലാക്കിയിരുന്നു. ഗുരുവിനെ സ്വന്തം ഭവനത്തിൽ ക്ഷണിക്കുന്നത് തന്റെ അന്തസ്സ് മറ്റുള്ളവരുടെ മുൻപിൽ വർദ്ധിക്കാൻ ഇടയാക്കും എന്നും കൃത്യമായി അവൻ കണക്കുകൂട്ടിയിരുന്നിരിക്കണം.

വളരെ പ്രൗഢിയോടെ, ആഹ്ലാദാരവത്തോടെ അവൻ യേശുവിനെ സ്വഭവനത്തിൽ സ്വീകരിക്കുന്നു.  തന്റെ ഭവനത്തിൽ കടന്നുവന്നു, ഗുരുവിന്റെ കാലുകഴുകി സുഗന്ധലേപനം പുരട്ടിയത് പാപിനിയായ സ്ത്രീയാണെന്നു ഫരിസേയൻ അറിഞ്ഞിരുന്നു. പക്ഷേ, യേശു അത് തിരിച്ചറിഞ്ഞില്ലായെന്നും അതുകൊണ്ടുതന്നെ അവനൊരു പ്രവാചകനല്ല എന്നും ഫരിസേയൻ ഉറപ്പിക്കുകയാണ്. താൻ പ്രതീക്ഷിച്ച ‘പ്രവാചകനല്ല’ യേശുവെന്ന ചിന്തയിൽ യേശുവിനെക്കുറിച്ചു ഫരിസേയൻ തെറ്റായ വിലയിരുത്തൽ നടത്തുന്നു.
തനിക്കുനന്മയുണ്ടാകുമെന്ന പ്രതീക്ഷയിൽ യേശുവിനെ ഭവനത്തിലേക്ക് ക്ഷണിക്കുന്ന ഫരിസേയൻ, അവനൊരു പ്രവാചകനല്ല എന്ന തെറ്റായ വിലയിരുത്തലിൽ യേശുവിനെ മനസ്സിൽ തള്ളിപ്പറയുകയാണ്. ഒത്തിരി പേരുള്ള, ആഘോഷമുള്ള, വിസ്തൃതിയുള്ള, കമനീയമായ അലങ്കാരമുള്ള ഭവനത്തിൽ യേശുവിനു പ്രവേശനം നൽകിയ ഫരിസേയൻ, പക്ഷേ തന്റെ സ്വന്തം ഇടമായ ഹൃദയത്തിൽ നിന്ന് യേശുവിനെ പുറത്താക്കിയിരിക്കുന്നു. 
എന്റെ ഭൗതീക ഭവനത്തിൽ, യേശുവും വളരെ ആദരണീയനും സ്വീകാര്യനുമാണ്. എന്നാൽ എന്റെ ഹൃത്തടത്തിലോ? ഞാൻ ആഗ്രഹിച്ച, സ്വപ്നം കണ്ട, പ്രാർത്ഥിച്ച, ആശിച്ച ചിലതൊന്നും ലഭ്യമാക്കപ്പെടാത്തതിന്റെ ആശങ്കയിൽ, എന്റെ ‘പ്രതീക്ഷകൾക്കൊത്തുയരാൻ’ കഴിയാതെ പോയതിന്റെ പേരിൽ, ഞാൻ ഗുരുവിനെ എന്റെ ഉള്ളിൽ നിന്ന് പുറത്താക്കിയോ?


ശരിയായിരിക്കാം, ഇടവകയിൽ, സമൂഹത്തിൽ, ജോലിയിടത്തിൽ, ഒരു പക്ഷേ കുടുംബത്തിൽ പോലും ഞാൻ യേശുവിനെ സ്വീകരിച്ചിട്ടുണ്ടാകാം. പക്ഷേ, ഇനിയും പൂർണ്ണമായും എന്റെ ഉള്ളിൽ ഗുരുവിനെ പ്രതിഷ്‌ഠിക്കാൻ എനിക്കായോ?
ശുഭരാത്രി

🖋

️Fr Sijo Kannampuzha OM