എവിടെയാണ് നീ ജറുസലേമിലോ അതോ..?

0


കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ സീയോനിലേക്കു മടങ്ങിവരും; ജറുസലെമിന്‍െറ മധ്യേ വസിക്കും. ജറുസലെം വിശ്വസ്‌ത നഗരമെന്നും സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ പര്‍വതം, വിശുദ്‌ധഗിരി എന്നും വിളിക്കപ്പെടും.(സഖറിയാ 8:3)  

വിശുദ്ധഗ്രന്ഥത്തിലെ സുവിശേഷ ഭാഗങ്ങളിൽ പലപ്പോഴും കാണുന്ന രണ്ട് സ്ഥലങ്ങളാണ് ജെറീക്കോയും ജറുസലേമും. ഈ രണ്ടു സ്ഥലങ്ങളും പ്രതിനിധാനംചെയ്യുന്ന ചില സങ്കല്പങ്ങളുണ്ട്. ജെറുസലേം യഹൂദരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട നഗരമാണ്, അവിടെയാണ് യഹോവയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.

പഴയനിയമത്തിൽ വിശുദ്ധനഗരം ആയിട്ടാണ് ജെറുസലേമിനെ കണക്കാക്കുക.
ജെറിക്കോ, വിജാതിയർ തിങ്ങിപ്പാർത്തിരുന്ന സ്ഥലമാണ്. വിജാതിയർ, യഹൂദരല്ലാത്തവർ, യഹോവയെ അറിയാത്തവരാണ്. വിജാതിയരുമായുള്ള സംസർഗം പോലും യഹൂദർ പ്രോത്സാഹിപ്പിച്ചിരുന്നില്ല. യേശുവിനെയും ശിഷ്യരെയും യാത്രക്കിടെ വിജാതീയർ തടയുന്ന സുവിശേഷഭാഗം നാം ഓർക്കുമല്ലോ.

(അവന്‍ ജറുസലെമിലേക്കു പോവുകയായിരുന്നതുകൊണ്ട്‌ അവര്‍ അവനെ സ്വീകരിച്ചില്ല. ഇതു കണ്ടപ്പോള്‍ ശിഷ്യന്‍മാരായ യാക്കോബുംയോഹന്നാനും പറഞ്ഞു: കര്‍ത്താവേ, സ്വര്‍ ഗത്തില്‍നിന്ന്‌ അഗ്‌നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന്‌ ഞങ്ങള്‍ പറയട്ടെയോ?ലൂക്കാ 9 :53- 54)

ജെറുസലേം ദൈവം ഉള്ള വിശുദ്ധമായ സ്ഥലമാണ്. ജെറിക്കോ ദൈവത്തെ അറിയാത്ത ദൈവമില്ലാത്ത ഇടവും. നല്ല സമരിയാക്കാരന്റെ ഉപമ ആരംഭിക്കുന്നത് പോലും ‘ഒരുവൻ ജറുസലേമിൽ നിന്നു ജെറിക്കോയിലേക്ക് പോവുകയായിരുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് (ലൂക്ക 10:30).

ദൈവസാന്നിധ്യത്തിൽ നിന്നും ദൈവമില്ലായ്മയിലേക്ക് ഒരു ഓടിപ്പോകൽ. 
നാം ഇപ്പോൾ എവിടെയാണ്? ജെറുസലേമിൽ ആണോ? ദൈവസാന്നിധ്യത്തിലാണോ? വിശുദ്ധമായ ഇടത്താണോ? ദൈവത്തിന്റെ കൂടെയാണോ? ദൈവ വിശ്വാസത്തിലാണോ? ദൈവസ്നേഹത്തിൽ ആണോ? ദൈവകൃപയിൽ ആണോ?
ദൈവത്തെ മറന്നസ്ഥലത്താണോ? ദൈവത്തെ ഉപേക്ഷിച്ച അവസ്ഥയിലാണോ? പാപത്തിൽ ആണോ? ബന്ധനത്തിലാണോ? 
ഇത് നാമോരോരുത്തരും ജെറുസലേമിൽ ആണെന്ന് ഉറപ്പു വരുത്തേണ്ട സമയം. 

ശുഭരാത്രി.

Fr. Sijo Kannampuzha OM