കണ്ണിനു കണിയും കണ്ണിന്‍റെ കെണിയും

0

കാഴ്ചകൾ പലവിധമാണ്.കണ്ണിനും  മനസ്സിനും ഒരുപോലെ കൗതുകമുണർത്തുന്ന കാഴ്ചകളും. കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ചകളും. കരുണയിലേക്ക്  കൈപിടിച്ചു നടത്തുന്ന കാഴ്ചകളും. കാലിടറുന്ന കാഴ്ചകളും… പ്രചോദിപ്പിക്കുന്ന കാഴ്ചകളും നമ്മുടെ കൺവെട്ടത്തു തന്നെയുണ്ട്..

നീ ഏതു കാഴ്ചകളെ തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രദാനം. ചില കാഴ്ചകൾ നമ്മെ വിശുദ്ധരാക്കും മറ്റു ചില കാഴ്ചകൾ നമ്മെ പാപത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടും.ബൈബിൾ കാഴ്ചകളുടെ അനന്ത സാധ്യതകളിലേക്ക്  വിരൽ ചൂണ്ടുന്ന റഫറൻസ് ഗ്രന്ഥമാണ്.  കൗതുകം നിറഞ്ഞ കാഴ്ചയുടെ പിന്നാലെ പോയി വഴി തെറ്റിയവരുടെ ഒത്തിരി ദുരന്തകഥകൾ സത്യസന്ധമായും ഹൃദയാർദ്രമായും അവിടെ രേഖപെടുത്തിയിട്ടുണ്ട്.

മനുഷ്യ വംശത്തിന്റെ അധഃപതനത്തിനു കാരണമായ ഒരു കാഴ്ചയുടെ കഥയോടെയാണ് വേദത്തിന്റെ ചുരുളഴിയുന്നത്. ആ വൃക്ഷത്തിന്റെ പഴം കണ്ണിനു കൗതുകകരമാണെന്നു അവൾ കണ്ടു (ഉല്പത്തി 3/6) ആ കാഴ്ചയുടെ ദുരന്തം ഒരാൾ മാത്രമല്ല മനുഷ്യ വംശം മുഴുവൻ അനുഭവിക്കേണ്ടി വന്നു എന്നതാണ് സത്യം. രാജാവിനെ ഭിക്ഷക്കാരനെപോലെ ആക്കിയതും ഒരു  അനാവശ്യ കാഴ്ചയുടെ ദുരന്തം തന്നെയായിരുന്നു.

പറഞ്ഞു  വരുന്നത് കിന്നാരം മീട്ടി അനേകം ദുഷ്ടാത്മാക്കളെ പുറത്താക്കിയ ദാവീദ് രാജാവിന്റെ കാര്യം തന്നെയാണ് . പാളി പോയ നോട്ടത്തിനും  കാഴ്ചക്കും ദാവീദിന് ഒരുപാട് വില കൊടുക്കേണ്ടി വന്നു എന്നതാണ് വാസ്തവം.

ബൈബിളിൽ ഹവ്വായും  ദാവീദുമൊക്കെ കണ്ടതുപോലെയുള്ള കാഴ്ചകളാണോ നമ്മൾ കാണുന്നതെന്ന് ഓർക്കുന്നതും ധ്യാനിക്കുന്നതും നന്നാണ്… HD ദൃശ്യമികവോടെയും 3D എഫക്ടോടെയുമൊക്കെ ഇന്ന് ചാനലുകൾ നമുക്ക് മുന്നിൽ കാഴ്ചയുടെ പലവർണ്ണകുപ്പായങ്ങൾ അണിയിച്ചു തരുന്നുണ്ട്…ഇവയിൽ പലതും നമ്മുടെ കണിയായാണോ കണ്ണിനു കെണിയായാണോ തീരുന്നതെന്നു ആലോചിച്ചാൽ ഉത്തരം നമുക്ക് തന്നെ കണ്ടെത്താവുന്നതല്ലേ.

ഒരല്പ നേരത്തിന്റെ ശാരീരിക മാനസീക സുഖങ്ങൾക്ക് വേണ്ടി  ജീവനെയും ആത്മീയതയെയും നശിപ്പിക്കുന്ന കാഴ്ചകളുടെ ഉത്സവപ്പറമ്പുകളായ് നമ്മുടെ പല ചാനലുകളും അധഃപതിക്കുന്നുണ്ടെന്നു ആർക്കാണ് മനസ്സിലാകാത്തത്…അമ്മയോടും അപ്പനോടുമൊപ്പമിരുന്നു കണ്ടു രസിക്കാൻ  പറ്റുന്ന കാഴ്ചകൾ വിളമ്പാൻ നമ്മിൽ പലർക്കും സാധിക്കാതെ പോകുന്നു. കാഴ്ചകൾക്ക് മങ്ങലേറ്റു കൊണ്ടിരിക്കുന്നു എന്ന് കവി ചങ്കു പൊട്ടി പാടുന്നത് ആരു കേൾക്കാൻ..

നെറ്റിൽ പാതിരയോളം search ചെയ്യുന്നതെന്താണെന്നു അറയുമ്പോഴും ഓൺലൈനിൽ നീ എന്ത് ചെയ്യുകയാണെന്ന് ചോദിക്കുമ്പോഴും മിഴിയുയർത്തി മറുപടിപറയാൻ മടിക്കുന്നവരുടെ നാടായി നമ്മുടെ നാടു  മാറുന്നുണ്ടെന്നു എങ്ങനെ  എഴുതാതിരിക്കും?    നല്ല കാഴ്ചകളെ തേടി പോവുക എന്നതാണ് ഈ കുറിമാനത്തിന്റെ കാതൽ.. മോശ എന്തിനാണ് മലമുകളിലേക്ക് കയറി പോയത് എന്ന  ചോദ്യത്തിന് ബൈബിൾ പണ്ഡിതർ നല്കുന്ന മറുപടി നല്ല കാഴ്ചകൾ തേടി പോയി എന്നതാണ്.ആ തേടലും കണ്ടെത്തലും അവന്റെ ജീവിതത്തെ പ്രകാശിപ്പിച്ചു എന്നുതന്നെയാണ് മോശയുടെ പിന്നീടുള്ള ജീവിതം കാണിച്ചു തരുന്നത്.

കൊടുംപാപികളുടെ  ഗണത്തിൽ പെടുത്താൻ പറ്റുന്ന പാപങ്ങളെല്ലാം ചെയ്തിട്ടും സക്കേവൂസ് തെമ്മാടി കുഴിയിൽ വീഴാതിരുന്നതിന്റെ കാരണം അവൻ നല്ല കാഴ്ച്ചകൾ തേടി പോയി എന്നതും അവൻ ക്രിസ്തു എന്ന  കാഴ്ചയുടെ വിസ്മയം  കണ്ടെത്തി എന്നതുമാണ്.    ദിദിമോസിനെ ദൈവം ഉയർത്തിയത് നല്ലത് കാണാനുള്ള ആഗ്രഹം അവനിൽ നിറഞ്ഞു നിന്നത് കൊണ്ട് മാത്രമായിരുന്നു… ഉത്ഥിതനെ കാണാതെ കണ്ണടക്കാൻ  എനിക്ക് വയ്യെന്ന് പിടി വാശി പിടിക്കുക്കയും ഒരു നല്ല കാഴ്ചകൾ വേണ്ടി ജീവിതം മാറ്റി വയ്ക്കുകയും ചെയ്തത് കൊണ്ടാണ് ദിദീമോസ്‌ ക്രിസ്തുവിന്റെ മനസ്സറിയുന്നവനായി മാറിയത്.

ആ വൃദ്ധ ദമ്പതികൾക് പല കുറവുകളുമുണ്ടായിരുന്നു…. മക്കളില്ലെന്ന കുറവ് പ്രായമായി പോയി എന്ന കുറവ് അങ്ങനെ പല കുറവുകൾ ഉണ്ടായിട്ടും അവർ തളരാതിരുന്നത് അവർക്കു ഒരു കാര്യം  കൂടുതൽ ഉണ്ടായിരുന്നത് കൊണ്ടാണ്…. എന്താണ് ആ ഒരു കാര്യം  കൂടുതൽ?  രക്ഷകനായ ഉണ്ണിയെ കാണണമെന്ന  ആഗ്രഹത്തിന്റെ കൂടുതൽ. ആ കാഴ്ച അവരെ വലിയവരാക്കുകതന്നെ ചെയ്തു.

ഇത്രയും ശ്രദ്ധിച്ചു വായിച്ച  പ്രിയ വായനക്കാരാ,എന്തായിരുന്നു നിന്റെ കാഴ്ചകള്‍?. നല്ലതെന്തെങ്കിലും നീ ഇത് വരെ കണ്ടുവോ? കത്തുന്ന  മുൾപടർപ്പ് … ആകാശം തുറന്നു മാലാഖമാർ സ്വർഗ്ഗം  തുറന്നു ഗോവണിയിലൂടെ ഭൂമിയെ ചുംബിക്കാൻ വരുന്നത്….കെരൂബുകൾ നൃത്തം ചവിട്ടുന്നത് അങ്ങനെ അങ്ങനെ  എന്തെങ്കിലും?    

ഇത് വരെയും ഒരു കാഴ്ചയും നിന്നെ അഭിഷേകത്തിലേക് നയിച്ചിട്ടില്ലെങ്കിൽ വൈകാതെ നീ ചെയ്യേണ്ട ഒരു കാര്യം കൂടെ ഓർമിപ്പിച്ചു ഈ  കുറിപ്പ് നമുക്ക് അവസാനിപ്പിക്കാം ..just close your eyes. 

എന്നിട്ട് ക്രിസ്തുവേ നീ എൻ മിഴികളെ തൊടുക എന്ന കുഞ്ഞു പ്രാർത്ഥന  ചൊല്ലുക…. നിമിഷ നേരം കൊണ്ട് അവൻ നിന്നെ തേടി വരും… നിൻ മിഴികളിൽ അവൻ അഞ്ജന മെഴുതി നിന്റെ കാഴ്ചകളെ തെളിച്ചമുള്ളതാക്കി മാറ്റും., തീർച്ച.

പുറത്തു ആരോ സിനിമാപാട്ട്   പാടുന്നു… നന്മയായുള്ള കാന്തി കാണുവാൻ കണ്ണിനാകേണമേ.

ഫാ. സ്റ്റാഴ്ണ്‍ കള്ളിക്കാടന്‍