കത്തോലിക്കാ അല്മായ പ്രസ്ഥാനങ്ങള്‍ക്ക് ദേശീയതല പ്രവര്‍ത്തന ഏകീകരണമുണ്ടാകും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

0


ന്യൂഡല്‍ഹി: ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ദേശീയതലത്തില്‍ ഏകീകരിച്ച് അല്മായ സംഘടനകളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ലാറ്റിന്‍, സീറോ മലബാര്‍, സീറോ മലങ്കര എന്നീ മൂന്ന് കത്തോലിക്കാ സഭാവിഭാഗങ്ങളുടെ കൂട്ടായ്മയാണ് ഭാരത കത്തോലിക്കാ സഭ. സഭയുടെ അംഗീകാരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെയും ഭക്തസംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ ദേശീയ മുഖ്യധാരയില്‍ ഏകോപിപ്പിച്ചുള്ള അല്മായ ശക്തീകരണം അടിയന്തരമാണ്. ക്രൈസ്തവരുടേതായി ഒട്ടേറെ സഭാവിരുദ്ധപ്രസ്ഥാനങ്ങള്‍ രാജ്യത്തുടനീളം രൂപപ്പെട്ടുവരുന്നതും ഇക്കൂട്ടര്‍ വിവിധ വേദികളില്‍ സഭയ്‌ക്കെതിരെ നിലപാടെടുക്കുന്നതും വിശ്വാസികളിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചിട്ടുള്ളത് ഗൗരവമായി കാണണം.

ഭാരതകത്തോലിക്കാസഭയുമായി ബന്ധപ്പെടുന്ന പൊതുവായ വിഷയങ്ങളില്‍ സഭാസംവിധാനങ്ങളുടെ ഭാഗമായി വിവിധ അല്മായ പ്രസ്ഥാനങ്ങളുടെ കൂട്ടായ നിലപാടുകളും ദേശീയതല മുന്നേറ്റങ്ങളും സജീവമാക്കും. ക്രൈസ്തവ സമൂഹവുമായി ബന്ധപ്പെടുന്ന വിവിധ വിഷയങ്ങളില്‍ ഒറ്റക്കെട്ടായി പ്രതികരിക്കുവാന്‍ അല്മായ സംഘടനാ നേതാക്കള്‍ക്ക് പഠനവും പരിശീലനവും നല്‍കും.

സഭയുടെ പൊതുവേദികളിലും സഭാസ്ഥാപനങ്ങളുടെ വിവിധ ചടങ്ങുകളിലും അല്മായ സംഘടനാ നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കണം. ഭാരത കത്തോലിക്കാ സഭയിലെ മൂന്ന് റീത്തുകളിലേയും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സഭയിലെ അല്മായ പ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുമെന്നും ഇന്ത്യയിലെ 14 റീജിയണുകളിലും 174 രൂപതകളിലുമായുള്ള അല്മായ പ്രസ്ഥാനങ്ങളെ പരസ്പരം കോര്‍ത്തിണക്കി ദേശീയതലത്തില്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തനശൃംഖല രൂപപ്പെടുത്തുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.