കര്‍ഷകര്‍ അതിജീവനത്തിനായി കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണം:മാര്‍ മാത്യു അറയ്ക്കല്‍

0


കൊച്ചി: അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് പ്രതിസന്ധികളെ അതിജീവിക്കാന്‍ കര്‍ഷകര്‍ അവരുടേതായ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. ഇന്‍ഫാം കര്‍ഷകദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച ദേശീയ സംസ്ഥാന കര്‍ഷക പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണമുന്നണിയുടെ നയങ്ങള്‍ക്കനുസരിച്ചുമാത്രമേ സര്‍ക്കാരുകള്‍ കര്‍ഷകരുള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുകയുള്ളൂ. നഷ്ടങ്ങളെ അതിജീവിക്കാന്‍ ഇന്‍ഷുറന്‍സ് പോലുള്ള സുരക്ഷാ പദ്ധതികള്‍ കാര്‍ഷികരംഗത്ത് വ്യാപകമാക്കാനുള്ള ശ്രമങ്ങളുണ്ടാകണം. കാര്‍ഷികോല്പങ്ങളില്‍ നിന്നുണ്ടാകുന്ന അവശിഷ്ടങ്ങള്‍ പോലും സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉത്പങ്ങളാക്കി കൃഷി ലാഭകരമാക്കുന്ന വിജയകഥകള്‍ ഏവര്‍ക്കും പ്രചോദനകരമാകണമെന്നും അദ്ദേഹം പറഞ്ഞു.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച കര്‍ഷകസംഗമത്തില്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷനായിരുന്നു. കാര്‍ഷിക പുരോഗതിക്കായി ഇന്‍ഫാം നടപ്പാക്കുന്ന ജൈവസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എംഎല്‍എ നിര്‍വഹിച്ചു. പ്രളയാനന്തര കാര്‍ഷിക പുനരുദ്ധാരണ നടപടികള്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കനുസൃതമാണെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി.സെബാസ്റ്റ്‌യന്‍ വിഷയാവതരണം നടത്തി. ദേശീയ പ്രസിഡന്റ് പി.സി.സിറിയക് ഐ.എ.എസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ കെ.സുദര്‍ശനന്‍ പിള്ള പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു. ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്്, എറണാകുളം ജില്ലാ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, ഫാ.തോമസ് മറ്റമുണ്ടയില്‍, അഡ്വ.ബിനോയ് തോമസ്, അഡ്വ.എബ്രാഹം മാത്യു, കെ.വി.ബിജു, ഫാ.ജോസ് കുന്നുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു.

.