നക്ഷത്രങ്ങളില്ലാത്ത പുൽക്കൂടുകൾ നമ്മുടെ സങ്കൽപത്തിൽപോലും കടന്നുവരാറില്ല. കർത്താവിന്റെ പിറവിയുമായി ബന്ധപ്പെട്ട് വാനിൽ ഒരു പുതിയ നക്ഷത്രം ഉദിച്ചു എന്നതിൽ നിന്നാണ് നമ്മുടെ നക്ഷത്ര പ്രണയം തുടങ്ങിയത്. ഈ നക്ഷത്രത്തിന്റെ ഉദയത്തെക്കുറിച്ച് മത്തായിയുടെ സുവിശേഷത്തിൽ ജ്ഞാനികളുടെ സന്ദർശനം എന്ന ഭാഗത്താണ് വിവരിച്ചിട്ടുള്ളത് (മത്താ: 2.1-12). ആ ജ്ഞാനികൾ കർത്താവായ ഈശോയെ സന്ദർശിച്ച് കാഴ്ചകൾ സമർപ്പിച്ചതിനേയും കർത്താവ് അവർക്ക് പ്രത്യക്ഷനായതിനേയും ധ്യാനിക്കുന്ന ദിവസമാണ് എപ്പിഫനി അഥവാ ദനഹ. ഇതാണ് ഈതിരുന്നാളിന്റെ പ്രത്യേകതയും.
വാനിൽ പിറന്ന ഒരു പുതിയ നക്ഷത്രത്തെക്കുറിച്ചും അതിന്റെ പിന്നിലുള്ള കാരണത്തെക്കുറിച്ചും ജ്ഞാനികളായ ആ മൂന്ന് പേർക്കും അറിയാൻ കഴിഞ്ഞു എന്നത് ഇക്കാലത്തും ഗ്രഹിക്കാൻ എളുപ്പമല്ലാത്ത ഒരു കാര്യമാണെനിക്ക്. അവർ ചെയ്ത കാര്യങ്ങളെ വീണ്ടും മനസിലാക്കാൻ ശ്രമിക്കുമ്പോൾ അവരോട് വലിയ സ്നേഹം തോന്നുന്നു, ആദരവും ബഹുമാനവും തോന്നുന്നു. ഈ വചനഭാഗം ഓരോ പ്രാവശ്യം വായിക്കുമ്പോഴും ജ്ഞാനികളോടുള്ള ആദരവ് എന്റെയുള്ളിൽ വർദ്ധിതമാകുകയാണ് ചെയ്യുന്നത് അല്ലാതെ അൽപംപോലും കുറവുവന്നിട്ടില്ല. തങ്ങൾ മനസിലാക്കിയ ഈ മഹത്തായ കാര്യം തങ്ങളുടെ ചുറ്റുപാടുള്ളവരെ വിളിച്ചറിയിച്ച് തങ്ങൾ എന്തോ വലിയ കാര്യം കണ്ടെത്തിയിരിക്കുന്നു, മനസിലാക്കിയിരിക്കുന്നു, വലിയ നേട്ടം കൈവരിച്ചിരിക്കുന്നു എന്നതരത്തിൽ അഹങ്കരിക്കാതെ അവർ ഒരു യാത്രതുടങ്ങുകയാണ്. അവരുടെ യാത്ര എത്ര ദിവസങ്ങളെടുത്തു എന്ന് സുവിശേഷത്തിൽ ഒരിടത്തും പറയുന്നില്ല. എന്നാൽ, സുവിശേഷമെഴുതിയ വിശുദ്ധ മത്തായിയേക്കാളും, വാനിൽ നക്ഷത്രം കണ്ട ജ്ഞാനികളേക്കാളും അധികം അറിവുണ്ട് എന്ന് സ്വയം കരുതുന്ന, തങ്ങളുടെ മുന്നിലെത്തുന്ന എല്ലാത്തിനും വിശദീകരണങ്ങളും ആധികാരികമായ വ്യാഖ്യാനങ്ങളും നൽകുന്ന ധാരാളംപേർ നമ്മുടെ ആത്മീയ പരിസരങ്ങളിലുണ്ട് എന്നത് ശുഭകരമല്ലാത്ത പ്രവണതയായി മാത്രം ഞാൻ മനസിലാക്കുന്നു.
നക്ഷത്രം കാണിച്ച വഴികളിലൂടെയുള്ള ജ്ഞാനികളുടെ യാത്രയിൽ ആ മൂന്ന് പേരും പലവിധത്തിലുള്ള സംവാദങ്ങൾക്ക് മുതിർന്നിട്ടുണ്ടാകാം എന്ന് കരുതാൻ ഞാൻ ഇഷ്ടപ്പെടുന്നു. വാദങ്ങളും പ്രതിവാദങ്ങളുമായി അവർ യാത്ര നടത്തിയപ്പോൾ രാജാവ് പിറക്കേണ്ടത് ഒരു രാജകൊട്ടാരത്തിൽ എന്ന ആശയം ആ ജ്ഞാനികളുടെ ഉള്ളിൽ നിശ്ചയമായും കടന്നുവന്നിട്ടുമുണ്ടാകും. ആ ചിന്തയിൽ അവർ ഉറച്ചുനിന്നപ്പോൾ ആകാശത്തുള്ള അനവധി നക്ഷത്രങ്ങൾക്കിടയിൽ, വ്യക്തമായ കാരണങ്ങളോടെ പുതിയതായി പിറന്ന നക്ഷത്രത്തെ അവർ അവഗണിച്ചിരിക്കാം. അവരുടെ ഉള്ളിൽ അൽപമെങ്കിലും അഹങ്കാരം കടന്നുകൂടിയിട്ടുമുണ്ടാകും. മിക്കവാറും ഇതിന്റെയെല്ലാം ഫലമായിട്ടാകാം അവർ രാജകൊട്ടാരത്തിൽ, ശരിയായ ഇടമെന്നോർത്ത് വഴിതെറ്റി എത്തിച്ചേരുന്നത്. സംവാദങ്ങൾ എപ്പോഴും നല്ലതാണ് എന്നിരുന്നാലും വ്യക്തതയുള്ളതും ബോധ്യമുള്ളതുമായ കാര്യങ്ങളിൽ അനാവശ്യമായി സംവാദം നടത്തുമ്പോളാണ് ശരിയായദിശ പലർക്കും നഷ്ടമാകുന്നത് എന്നെനിക്ക് തോന്നാറുണ്ട്.
വഴിതെറ്റിയെന്ന് തിരിച്ചറിയുന്ന ജ്ഞാനികൾ നിരാശരാകുന്നില്ല എന്നത് ഏതുകാലത്തേക്കുമുള്ള ഒരു നല്ല പാഠമാണ്. സാധാരണഗതിയിൽ ഇവിടംകൊണ്ട് മിക്കവരും ലക്ഷ്യത്തിലേക്കുള്ള തങ്ങളുടെ യാത്ര അവസാനിപ്പിക്കും. അത്ര ഉറപ്പോടെയും, ബോധ്യത്തോടെയും വ്യക്തതയോടെയും ആരംഭിച്ച യാത്ര ഇതാ പരാജയപ്പെട്ടിരിക്കുന്നു. ഇനി ഈ നാണക്കേടും സഹിച്ച് എന്തിനാണ് ജീവിക്കുന്നത് എന്നുപോലും ചിന്തിക്കുന്ന എത്രയോപേരുണ്ട്. അവരുടെ മുൻപിലാണ് ഇത്രയും വലിയ ജ്ഞാനികൾക്ക്പോലും വഴിതെറ്റിയെന്ന് വചനം പറഞ്ഞുതരുന്നത്. തങ്ങളുടെ ലക്ഷ്യം തെറ്റിയെന്ന് അറിയുന്ന ജ്ഞാനികൾ നിരാശപ്പെട്ട് യാത്ര അവസാനിപ്പിക്കുന്നില്ല, ജീവിതം അവസാനിപ്പിക്കുന്നില്ല. പകരം ശ്രമം തുടരാനണ് അവരുടെ തീരുമാനം. തങ്ങളുടെ ലക്ഷ്യത്തിലേക്ക്, ആകാശത്തുള്ള, തങ്ങൾ തിരിച്ചറിഞ്ഞ പുതിയ നക്ഷത്രം നോക്കി ഒരു തുടക്കം കൂടി.
എല്ലാം തനിക്കറിയാമെന്ന് സ്വയം കരുതാതെയും, അഹങ്കരിക്കാതെയും എളിമയോടെയുമാകണം ക്രിസ്തുവിലേക്കുള്ള ഓരോരുത്തരുടെയും യാത്ര എന്നൊരു ചിന്തയും ജ്ഞാനികൾ പങ്കുവയ്ക്കുന്നുണ്ട്. ഇതിനൊരുദാഹരണം ഞാൻ കൃത്യമായി കണ്ടെത്തിയത് എന്നെ ബൈബിൾ പഠിപ്പിച്ച ലൂക്കാച്ചനിലാണ്. അദ്ദേഹത്തോളം ബൈബിളിൽ അറിവുള്ള ആരേയും വർഷങ്ങൾ കഴിയുമ്പോഴും ഞാൻ കണ്ടുമുട്ടിയിട്ടില്ല. അനേകം ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുണ്ടായിരുന്ന, ബൈബിളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ബൈബിൾ പണ്ഡിതനായിരുന്നു ലൂക്കാച്ചൻ. ബൈബിളിലെ കാര്യങ്ങളിൽ അദ്ദേഹത്തിനറിയാത്തതൊന്നുമില്ല എന്നതാണ് ഞങ്ങളുടെ അനുഭവം. എങ്കിലും, അപുർവമായിമാത്രം ഞങ്ങളുയർത്തിയിട്ടുള്ള ചില ചോദ്യങ്ങൾക്ക് അറിയില്ലായെന്നും, ഞാൻ പിന്നീട് പറഞ്ഞുതരാമെന്നും എളിമയോടെ മറുപടി തന്നിരുന്ന ഒരധ്യാപകൻ കൂടിയായിരുന്നദ്ദേഹം. ഞാൻ അടുത്തറിഞ്ഞ ജ്ഞാനിയായ ഈ മനുഷ്യന്റെ ശൈലി ഇങ്ങനെയൊക്കെയായിരുന്നു.
വാനിൽ പിറന്ന ഒരു പുതിയ നക്ഷത്രവും അതിന്റെ പിന്നാമ്പുറവും കൃത്യമായി മനസിലാക്കാനുള്ള അറിവുണ്ടായിരുന്ന ഈ ജ്ഞാനികളുടെ ജീവിതത്തിലെ കുറച്ചുകാര്യങ്ങൾ എത്രയോ വലിയ സത്യങ്ങളാണ് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നതും ഓർമ്മിപ്പിക്കുന്നതും. ഇതിലെവിടെയൊക്കയോ ഞാനാകുന്ന അന്വേഷകനും, തീർത്ഥാടകനും, പരാജിതനും ഒക്കെ ഉൾചേർന്നിട്ടില്ലേ? പല രൂപത്തിലും ഭാവത്തിലും ഉറപ്പായും ഉണ്ടാകും. എന്തുകൊണ്ട് ഒരാൾക്ക് ക്രിസ്തുവിനെ കാണാൻ സാധിക്കാതെവരുന്നു, എന്തുകൊണ്ട് ചിലപ്പോഴെങ്കിലും എന്റെ യാത്രയുടെ ദിശമാറിപ്പോകുന്നു എന്നതിനൊക്കെ ഇവിടെ ചില ഉത്തരങ്ങളുണ്ട്. അൽപം വൈകിയാണെങ്കിലും, തെറ്റിയവഴി തിരുത്തി ക്രിസ്തുവിനെ കണ്ടെത്തിയ ജ്ഞാനികൾ തങ്ങളുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ളവ രക്ഷകസമക്ഷം സമ്മാനമായി കാഴ്ചവച്ച് നേടിയ ആത്മീയപ്രഭ നമ്മുടെ ഉള്ളിലും പ്രത്യാശയുടെ നാളം തെളിയിക്കാൻ സഹായിക്കട്ടെ. നമ്മുടെ ചില ധാരണകളും ബോധ്യങ്ങളും തിരുത്തുവാൻ സഹായകവുമാകട്ടെ.
പോള് കൊട്ടാരം കപ്പൂച്ചിന്