കർത്താവിനോട് നിശ്ശബ്ദനാകരുത്

0


‘അമ്മേ’ എന്ന് ആദ്യമായി കുഞ്ഞു വിളിക്കുമ്പോൾ അമ്മ എത്രമാത്രം സന്തോഷിക്കും? ‘അപ്പാ’ എന്ന ആദ്യവിളി  കാതിൽ പതിക്കുമ്പോൾ ഒരു പിതാവെത്ര സന്തുഷ്‌ടനാകും ?

മൊബൈൽ കമ്പനികളുടെ അൺലിമിറ്റഡ് ഓഫറുകൾ ഏറ്റവും അധികം ഉപയോഗിക്കുന്നത് പ്രണയിനികൾ അല്ലെ ? ചില സ്നേഹനഷ്ടങ്ങൾ പരിസരബോധം പോലുമില്ലാതെ പലരെയും കരയിപ്പിക്കുന്നത് കണ്ടിട്ടില്ലേ?  കിടാവിനെ കാണാതെ കരയുന്ന പശുവും, കൂടു നശിക്കുമ്പോൾ ഉറക്കെചിലയ്ക്കുന്ന പക്ഷിയുമെല്ലാം ഉള്ളിലെ സ്നേഹത്തിൻ്റെ  ഉറവയെയാണ് സൂചിപ്പിക്കുന്നത്.  അതെ, സ്നേഹമുള്ളവരുടെ ഇടയിൽ നിശ്ശബ്ദതക്ക് സ്ഥാനമില്ല.

ബർതിമേയൂസ്, കടന്നുപോകുന്നത് കർത്താവാണെന്നു തിരിച്ചറിയുമ്പോൾ ‘എന്നിൽ കണിയണമേ’ എന്ന് കരയുന്നുണ്ട്. പലരും അവനോട്  നിശ്ശബ്ദനാകുവാൻ ആവശ്യപ്പെടുന്നു. എന്നാൽ അവൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ‘ദാവീദിൻ്റെ പുത്രാ, എന്നിൽ കനിയണമേ’.- പലരും അവനെ നിശ്ശബ്ദനാക്കാൻ ശ്രമിച്ചപ്പോൾ അവൻ നിശ്ശബ്ദനാവുകയല്ല, ശബ്ദമുയർത്തിവിളിക്കുകയാണ് ചെയ്തത്. നാണക്കേടോ,  ആളുകൾ എന്തുവിചാരിക്കുമെന്നോ ഒന്നും അവൻ ചിന്തിക്കുന്നില്ല.

കാരണം കർത്താവിൻ്റെ കനിവാണ് ബർതിമേയൂസ് അപ്പോൾ ഏറ്റവും അധികം ആഗ്രഹിക്കുന്നത്.

ചില സമയങ്ങളിൽ നാം ബർതിമേയൂസിനെപ്പോലെ കർത്താവിനെ നോക്കി നിലവിളിക്കുന്നുണ്ടാകാം. നമ്മുടെ വാചികപ്രാർത്ഥനയും, ഉപവാസവും നോമ്പും, ഭക്താനുഷ്ഠാനങ്ങളുമെല്ലാം ഉള്ളിലുള്ള, ഇനിയും പുറത്തുവരാത്ത  നിലവിളിയുടെ ബാഹ്യരൂപങ്ങളല്ലേ? കണ്ണീരില്ലാതെ, എത്രയോ പ്രാവശ്യം നാം ഹൃദയം നുറുങ്ങി കർത്താവിനെ വിളിച്ചിരിക്കുന്നു. 

പക്ഷേ എപ്പോഴെങ്കിലും പ്രാർത്ഥനയുടെ പേരിലോ, ഫലസിദ്ധി ലഭിക്കാത്തതിൻ്റെപേരിലോ  കളിയാക്കപ്പെടുകയോ, വിമർശിക്കപ്പെടുകയോ, അധിക്ഷേപിക്കപ്പെടുകയോ ചെയ്‌താൽ, അതോടെ പ്രാർത്ഥന അവസാനിപ്പിക്കുന്ന, കൂദാശകളും ജപമാലയും യാമപ്രാർത്ഥനകളും ഉപേക്ഷിക്കുന്ന അവസ്ഥയാണ് നമ്മുടേത്. ഇവിടെ ബർതിമേയൂസ് വിഭിന്നനാകുന്നു. അവന് വലുത് ക്രിസ്തുവിൻ്റെ കനിവാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അവനു മുഖം നൽകുന്നേയില്ല. ആർക്കും അവനെ നിശ്ശബ്ദനാക്കാൻ ആകുന്നില്ല. 

എൻ്റെ പ്രാർത്ഥനയും നിലവിളിയും ഒരു കുഞ്ഞും പിതാവുമെന്ന തലത്തിലേക്ക് ഉയരുമ്പോൾ മാത്രമേ ഹൃദയം തുറന്നു ‘കർത്താവേ’- എന്ന് വിളിക്കാൻ, ‘എന്നിൽ കനിയണമേ’ എന്ന് പ്രാർത്ഥിക്കാൻ എനിക്കാവുകയുള്ളൂ. ഒരു കുഞ്ഞിൻ്റെ ശബ്ദം  പിതാവിനെയെന്നപോലെ, എൻ്റെ ശബ്ദം ദൈവത്തെ സന്തോഷിപ്പിക്കുമെന്ന് ഞാൻ അറിയണം.

എൻ്റെ പ്രാർത്ഥനകൾ അപരനെ അലോസരപ്പെടുത്തുമോ എന്ന് ചിന്തിച്ചാൽ, ആരുടെയെങ്കിലും നിർദ്ദേശങ്ങൾക്കനുസരിച്ചു പ്രാർത്ഥന രൂപപ്പെടുത്തുവാൻ ഞാൻ തുനിഞ്ഞാൽ, അതിനർത്ഥം ഇനിയും ഞാൻ മകനും, ക്രിസ്തു എനിക്ക് പിതാവുമായിട്ടില്ല എന്നാണ്.

ബര്‍തിമേയൂസിന്‍റെ പ്രാര്‍ത്ഥനയുടെ ഉയരങ്ങളിലേക്ക് നീയും ഞാനും വളരേണ്ടിയിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്,

ശുഭരാത്രി

Fr. Sijo Kannampuzha OM