കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ

0

നാല്‌ വർഷങ്ങൾക്ക്‌ മുൻപ്‌, കൃത്യമായി പറഞ്ഞാൽ 2015 ജനുവരി പതിനൊന്നിന്‌ വത്തിക്കാനിലെ പതിവ്‌ മധ്യാഹ്ന ആശീർവാദവേളയിൽ, പലയിടങ്ങളിൽനിന്നും ദേശങ്ങളിൽനിന്നും അവിടെ വന്നുചേർന്നവരോടായി ഫ്രാൻസീസ്‌ പാപ്പ പറഞ്ഞു, “കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ സഭ ആഘോഷിക്കുന്ന ഈ ദിവസം നാമോരുത്തരും സ്വന്തം ജ്ഞാനസ്നാനദിനം സന്തോഷപൂർവം ഓർമ്മിക്കേണ്ട ദിനംകൂടിയാണ്‌. എന്നാണ്‌ നിങ്ങൾ ഓരോരുത്തരും ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന്‌ അറിയത്തില്ലെങ്കിൽ അത്‌ കണ്ടുപിടിക്കുകയും, ഞാൻ ഇന്ന ദിവസമാണ്‌ ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന്‌ പറയാനും നിങ്ങൾക്ക്‌ സാധിക്കട്ടെ.” വത്തിക്കാനിൽ അന്നിത്‌ ഫ്രാൻസീസ്‌ പാപ്പായുടെ അധരങ്ങളിൽനിന്നും നേരിട്ട്‌ കേട്ടവർ മാത്രമല്ല, മാധ്യമങ്ങളിലൂടെ അനേകായിരങ്ങൾ ആവേശത്തോടെ കേൾക്കുകയും സ്വീകരിക്കുകയും ചെയ്ത വാക്കുകളാണിത്‌.

ഇന്ന്‌ ഒരിക്കൽകൂടി ഈശോയുടെ ജ്ഞാനസ്നാന തിരുനാൾ ആഘോഷിക്കുമ്പോൾ നമ്മിലെത്രപേർ ഫ്രാൻസീസ്‌ മാർപാപ്പ അന്ന്‌ പറഞ്ഞതുപോലെ സ്വന്തം ജ്ഞാനസ്നാന ദിനം കണ്ടുപിടിക്കുകയും, ഇപ്പോഴും അത്‌ ഓർത്തുവയ്ക്കുകയും ചെയ്യുന്നുണ്ട്‌?. എന്തൊക്കെയായാലും കുറച്ചുപേർ തീർച്ചയായും ഓർക്കുകയും അത്‌ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്‌ എന്ന്‌ ഞാൻ കരുതുന്നു. നാം ക്രിസ്തുവിന്റെ സഭയിലെ അംഗങ്ങളായി തീർന്നത്‌ ജ്ഞാനസ്നാനം വഴിയാണ്‌. അതിനാൽ എന്നാണ്‌ ഈ സുന്ദരമായ ദിവസം എന്നറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. അതുപോലെ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഈ ദിനം ഓർമ്മിക്കുന്നതും ആഘോഷിക്കുന്നതും അർത്ഥവത്താണെന്ന്‌ ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.

എനിക്കൊരുകാര്യവും തിരിച്ചറിയുവാനോ ഓർമ്മയിൽ സൂക്ഷിക്കുവാനോ സാധ്യമാകുന്നതിന്നും മുൻപ്‌, എന്റെ മാമ്മോദീസയുടെ ദിവസം എന്നെ ദൈവാലയത്തിൽ കൊണ്ടുപോയി, എനിക്ക്‌ വളരെ പ്രിയപ്പെട്ടവരായ രണ്ടുപേർ ജ്ഞാനസ്നാന മാതാപിതാക്കളായി (തലതൊട്ടപ്പനും തലതൊട്ടമ്മയും) നിന്നുകൊണ്ട്‌ എനിക്കുവേണ്ടി സഭയിൽ എന്റെ വിശ്വാസം ഏറ്റുപറഞ്ഞു, തുടർന്ന്‌ എനിക്ക്‌ കർത്താവിന്റെ സഭയിൽ ഒരു പുതിയനാമം കിട്ടി, അതുപോലെ എനിക്ക്‌ സഭയിൽ അംഗത്വംകിട്ടി എന്നിങ്ങനെയുള്ള പതിവ്‌ അറിവുകൾക്കും കാര്യങ്ങൾക്കുമപ്പുറം, ഇത്‌ ജീവിതകാലം മുഴുവൻ ഓർമ്മയിൽ സൂക്ഷിക്കേണ്ടതും, ആഘോഷിക്കേണ്ടതുമായ വലിയ കാര്യമായോ സംഭവമായോ എനിക്കൊരിക്കലും തോന്നിയിരുന്നില്ല. സെമിനാരിയിൽ ചേരാനായി പള്ളിയിൽ നിന്നും മാമ്മോദീസയുടെ കുറി മേടിച്ചപ്പോളാണ്‌ എന്റെ മമ്മോദീസയുടെ ദിനമേതാണെന്ന്‌ എനിക്ക്‌ അറിയാനായത്‌. അന്നുമുതൽ എന്റെ ജ്ഞാനസ്നാന ദിനത്തോട്‌ ഒരിഷ്ടം കൂടുതൽ തോന്നിത്തുടങ്ങുകയും ചെയ്തു. കാരണം ഞാൻ ജനിച്ചതിന്റെ രണ്ടാം ദിവസമാണ്‌ എന്നെ മാമ്മോദീസമുക്കിയത്‌.

2012ൽ പുറത്തിറങ്ങിയ “മൗനം തുറന്ന ജാലകങ്ങൾ” എന്ന എന്റെ ആദ്യ പുസ്തകത്തിൽ `സ്വർഗത്തിൽ പേരെഴുതുന്ന ദിവസം` എന്ന പേരിൽ മാമ്മോദീസയെക്കുറിച്ച്‌ ഒരു ലേഖനം ചേർത്തിരുന്നു. അതിനുശേഷം, ജന്മദിനമോ നാമഹേതുകതിരുനാളോ ആഘോഷിക്കുന്നതിൽ നിന്നും കുറച്ച്‌ മാറ്റംവരുത്തികൊണ്ട്‌ ഞാനെന്റെ ജ്ഞാനസ്നാനം സ്വീകരിച്ച ദിനം ആഘോഷിക്കാൻ തുടങ്ങി. അതിന്റെ പേരിൽ കുറെപ്പേർ കളിയാക്കി, പലതരം കമന്റുകൾ പറഞ്ഞു. പക്ഷേ അതൊന്നും എന്നെ അസ്വസ്ഥനാക്കിയില്ല, അൽപംപോലും അലോസരപ്പെടുത്തിയുമില്ല. പകരം എനിക്കിത്‌ കൂടുതൽ അർത്ഥമുള്ളതായും ഹൃദ്യമായും അനുഭവപ്പെട്ടു. നാമോരൊരുത്തരും മണ്ണിൽ പിറന്നദിനം വളരെ പ്രധാനപ്പെട്ടതാണെന്നത്‌ വിസ്മരിക്കുന്നില്ല. അതിനെതിരായ ചിന്തയുമല്ലായിരുന്നത്‌. (ഇപ്പോഴും കുറേപ്പേർ എന്റെ ജന്മദിനത്തിന്‌ ആശംസകൾ നൽകാറുണ്ട്‌, ഞാനത്‌ സ്വീകരിക്കാറുമുണ്ട്‌) എന്നലിവിടെ, ഞാൻ ക്രിസ്തുവിന്റെ സഭയിൽ അംഗമായ ദിനത്തെ കുറച്ചുകൂടി ആത്മീയഗൗരവത്തോടെ കാണാനും, ജ്ഞാനസ്നാന ദിനമെന്നത്‌ സ്വർഗത്തിൽ എന്റെ പേര്‌ എഴുതിയ ദിനമാണെന്നുമൊക്കെയുള്ള പുതിയൊരു ചിന്തയോടെ മുൻപോട്ട്‌ പോകാനും ഏറെ സഹായിച്ചു.

സുവിശേഷങ്ങളിൽ വായിക്കുന്നതുപോലെ, ജോർദ്ദാൻ നദിയിലെ ജലത്താൽ സ്നാപക യോഹന്നാൽ കർത്താവിനെ സ്നാനപ്പെടുത്തിയപ്പോൾ സ്വർഗംതുറന്നു എന്നതും, ഇവൻ എന്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന വാക്കുകളാൽ ദൈവപിതാവ്‌ സംസാരിച്ചതും, മാടപ്രാവിന്റെ രൂപത്തിൽ ആത്മാവ്‌ ആവസിച്ചതുമെല്ലാം നമ്മുടെ ഓരോരുത്തരുടേയും ജ്ഞാനസ്നാനവേളയിലും സംഭവിച്ചിട്ടുണ്ട്‌ എന്ന്‌ ഞാൻ വിശ്വസിക്കുന്നു. ഈ ഒരു ചിന്ത മാത്രം ഉള്ളിലുണ്ടായാൽ മതി നമ്മുടെ ഓരോരുത്തരുടേയും ജ്ഞാനസ്നാനദിനത്തെ നാമറിയാതെതന്നെ സ്നേഹിക്കും, ഒരിക്കലും മാഞ്ഞുപോകത്തവിധം അത്‌ ഹൃദയത്തിൽ ആലേഖിതമാകുകയും ചെയ്യും.

ഇത്‌ വായിക്കുന്നവരിലാർക്കെങ്കിലും ഇനിയും സ്വന്തം ജ്ഞാനസ്നാന ദിവസമേതാണ്‌ എന്നറിയത്തില്ലെങ്കിൽ അതന്വേഷിച്ച്‌ കണ്ടുപിടിക്കാനും, ഈ ദിനത്തിന്റെ പ്രത്യേകത മനസിലാക്കി ആത്മീയമായി സന്തോഷിക്കുവാനും സാധിക്കട്ടെ എന്ന്‌ ആശംസിക്കുന്നു.

പോൾ കൊട്ടാരം കപ്പൂച്ചിൻ