ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍

0


ജീവിതത്തില്‍ സന്തോഷിക്കാനുള്ള അവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. അതൊരിക്കലും ആനുകൂല്യമല്ല. എന്നിട്ടും എത്രയോ കുറച്ചുപേര്‍ മാത്രമാണ് ആത്മാര്‍ത്ഥമായി ജീവിതത്തില്‍ സന്തോഷിക്കുന്നവരായിട്ടുള്ളത്! വലിയ വലിയ കാരണങ്ങള്‍ കൊണ്ടുമാത്രമേ ജീവിതത്തിലേക്ക് സന്തോഷങ്ങള്‍ കടന്നുവരുകയുള്ളൂ എന്നാണ് പലരുടെയും ധാരണ. പക്ഷേ ഒന്ന് മനസ്സുവച്ചാല്‍, സ്വസ്ഥമായി അവനവിനിലേക്ക് തന്നെ നോക്കിയൊന്ന് ധ്യാനിച്ചാല്‍, ആയിരിക്കുന്ന ഇടങ്ങളിലൊക്കെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ കണ്ടെത്താനും അത് മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കാനും കഴിയുന്നവരാണ് ഓരോരുത്തരും.

കൊച്ചുകൊച്ചു സന്തോഷങ്ങള്‍ കൊണ്ട് പൂരിപ്പിക്കേണ്ട പദപ്രശ്‌നം തന്നെയാണ് ജീവിതമെന്നും അത് ഓരോരുത്തരും കണ്ടുപിടിക്കേണ്ട സാധ്യതയാണെന്നും ഓര്‍മ്മിപ്പിക്കുന്ന പുസ്തകമാണ് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ജീവിതം: കൊച്ചുകൊച്ചു സന്തോഷങ്ങള്‍.

സാധാരണയായി ജോസഫച്ചന്‍ ഫോക്കസ് ചെയ്യുന്നത് ദാമ്പത്യപ്രശ്‌നങ്ങളിലേക്കാണെങ്കില്‍ ഈ കൃതിയിലാവട്ടെ അദ്ദേഹം വ്യക്തിജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിച്ചാണ് കടന്നുപോകുന്നത്. കുടുംബജീവിതം പ്രധാനപ്പെട്ട ഭാഗം വഹിക്കുന്നുവെന്ന് മാത്രം.

ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണത്തിന്റെയുമൊക്കെ പേരിലുള്ള വര്‍ഗ്ഗീകരണങ്ങളും വിഭാഗീയതകളും മുമ്പെന്നത്തെക്കാളുമേറെ ശകതമാകുകയും അതൊരു പടികൂടീ കടന്ന് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മുഖം കൈവരിക്കുകയും ചെയ്യുന്ന ആസുരമായ കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എന്നിട്ടും മതവും ജാതിയും വര്‍ഗ്ഗവും വര്‍ണ്ണവും നോക്കാതെ സകലരാലും അഭിമതരാകുക എന്നത് അപൂര്‍വ്വം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന അംഗീകാരമാണ്. പ്രത്യേകിച്ച് ഒരു പ്രത്യേക മതത്തിന്റെ വക്താവായി പൊതുസമൂഹത്തില്‍ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്ക്. അത്തരമൊരു അംഗീകാരം കിട്ടിയിട്ടുള്ള അപൂര്‍വ്വം ചില ഗുരുക്കന്മാരില്‍ ഒരാളാണ് പുത്തന്‍പുരയിലച്ചന്‍. അതിന് തെളിവാണ് ക്ഷേത്രങ്ങളില്‍ പോലും പ്രസംഗിക്കാന്‍ അദ്ദേഹം ക്ഷണിക്കപ്പെടുന്നത്.

എന്തുകൊണ്ട് അത്തരമൊരു മാനം അദ്ദേഹത്തിന് ലഭിക്കുന്നുവെന്ന് ചോദിച്ചാല്‍ അതിന് ഒന്നേയുള്ളൂ ഉത്തരം.ജോസഫച്ചന്റേത് ഒരു പൊതുമുഖമാണ്. സാധാരണയായി നാം കണ്ടുശീലിച്ചുവരുന്ന ആത്മീയഗുരുക്കന്മാരില്‍ നിന്നെല്ലാം രൂപം കൊണ്ടും ഭാവം കൊണ്ടും ഭാഷ കൊണ്ടും അദ്ദേഹം വ്യത്യസ്തനാണ്. ഇസ്തിരിയിട്ട മതപാഠങ്ങളൊന്നുമല്ല അച്ചന്‍ കൈമാറുന്നത്. മതവും വിശ്വാസവും അദ്ദേഹത്തിന് വലുതാകുമ്പോഴും മറ്റാരെയും അതുകൊണ്ട് മുറിപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. തന്റേതായ മതവിശ്വാസങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കാനും അദ്ദേഹം ശ്രമിക്കുന്നില്ല. ബാലന്‍സഡായ ആത്മീയതയാണ് അച്ചന്റെ ഉളളുറപ്പ്.

അതുകൊണ്ടുതന്നെയാണ് ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ പോലും അദ്ദേഹം പുരുഷനെ മാത്രമായോ സ്ത്രീയെ മാത്രമായോ പ്രതിചേര്‍ക്കാത്തത്. പുരുഷനില്‍ ആരോപിക്കപ്പെടുന്ന അതേ കുറവുകളും കുറ്റങ്ങളും തെല്ലും കുറയാതെയും കൂട്ടാതെയും അദ്ദേഹം സ്ത്രീയിലും കണ്ടെത്തുന്നുണ്ട്. പരിപക്വമായ കാഴ്ചപ്പാടുകള്‍ ഉള്ള ഒരാള്‍ക്ക് മാത്രമേ അത് സാധിക്കൂ.അല്ലെങ്കില്‍ അയാള്‍ ഏതെങ്കിലും ഒന്നില്‍ കക്ഷിചേര്‍ക്കപ്പെട്ടുപോകും. പക്ഷേ ജോസഫച്ചന്‍ അവിടെ വ്യത്യസ്തനാണ്.
തെളിഞ്ഞ ജീവിതദര്‍ശനം കൊണ്ടും നിഷ്‌ക്കളങ്കമായ ആശയങ്ങള്‍ കൊണ്ടും ശുദ്ധമായ ഭാഷകൊണ്ടുമാണ് ജോസഫച്ചന്‍ വായനക്കാരെയും ശ്രോതാക്കളെയും ഒരുപോലെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്.

എഴുത്തിലും പ്രസംഗത്തിലും പുതിയൊരു ശൈലി തന്നെയാണ് ജോസഫച്ചന്‍ തുറന്നിട്ടിരിക്കുന്നത്. മറ്റാര്‍ക്കും അനുകരിക്കാനാവാത്ത അനായാസതയും നിര്‍ഗ്ഗളതയും അച്ചന്റെ ഓരോ വരികളിലുമുണ്ട്. അതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് നര്‍മ്മമാണ്. പറയാന്‍ പോകുന്ന പ്രധാനപ്പെട്ട കാര്യത്തിനോ പറഞ്ഞുതീര്‍ത്ത പ്രധാന വിഷയത്തിനോ മുമ്പിലും പിമ്പിലുമായി ആസ്വാദ്യകരമായ വിധത്തില്‍ അദ്ദേഹം നര്‍മ്മം വിന്യസിക്കുന്നു. ചിരിയെ സാമൂഹ്യവിമര്‍ശനത്തിന്റെ ഭാഗമായി കൊണ്ടാടിയ കുഞ്ചനും ആത്മീയതയെ കാവ്യാനുശീലത്തിന്റെ പാരമ്പര്യമായി ശീലിച്ച തുഞ്ചനും ഈ എഴുത്തുകാരന്റെ രചനാവഴികളില്‍ കൂടെ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ചിരി ധ്യാനമാകുന്നതും ധ്യാനം സ്വയം തിരിച്ചറിവാകുന്നതും.

ഈ പുസ്തകത്തിന്റെ വായന നഷ്ടപ്പെട്ടുപോയതോ നഷ്ടപ്പെടുത്തിക്കളഞ്ഞതോ ആയ നമ്മുടെ സന്തോഷങ്ങളെ തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്ന കാര്യം ഉറപ്പാണ്. സന്തോഷങ്ങള്‍ വ്യക്തിപരമോ കുടുംബപരമോ സാമൂഹ്യപരമോ ആകാം. കണ്ടെത്തുന്നു എന്നതാണ് പ്രധാനം. അത് നടപ്പില്‍ വരുത്തുക എന്നതും. അപ്പോള്‍ ഈ വായന കുറെക്കൂടി നമ്മെ നല്ലവരാക്കിമാറ്റും. നമ്മുടെ ബന്ധങ്ങളെ കെട്ടുറപ്പുള്ളതാക്കും.

കരുതുന്നതുപോലെ സങ്കീര്‍ണ്ണമല്ല ജീവിതമെന്നും സരളമായിരുന്ന പലതിനെയും നാം സങ്കീര്‍ണ്ണമാക്കി മാറ്റിയതുകൊണ്ടാണ് അങ്ങനെ അനുഭവപ്പെട്ടതെന്നും നാം തിരിച്ചറിയും. അങ്ങനെ നമ്മുടെ സന്തോഷങ്ങളുടെ കാരണങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന ഉത്തമകൃതിയായി ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍ പരിണമിക്കുന്നു.
ഹൃദ്യമായ ഈ വായനാനുഭവത്തിലേക്ക് ഓരോ വായനക്കാരനെയും ആദരപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

വിനായക് നിര്‍മ്മല്‍

( ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഫാ. ജോസഫ് പുത്തന്‍പുരയുടെ ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന കൃതിയുടെ വായനാനുഭവത്തെക്കുറിച്ച് കറന്റ് ബുള്ളറ്റനില്‍ പ്രസിദ്ധീകരിച്ച ലേഖനം)