തിരിച്ചറിവ് ഒരു തിരുവറിവ്

0


നസറായനായ യേശുവാണു പോകുന്നതെന്നറിഞ്ഞപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിൻ്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ!”(മര്‍ക്കോസ്‌ 10 : 47).

നമ്മെ കടന്നുപോകുന്ന പലതിനെയും തിരിച്ചറിയാൻ കഴിയുന്നില്ല എന്നുള്ളതാണ് നമ്മുടെ ഒരു പരാജയം. കടന്നു പോകുന്ന മുഖങ്ങളെ, വിട്ടുപോകുന്ന സമയത്തെ, തീർന്നുപോകുന്ന സ്നേഹത്തെ, വറ്റിപ്പോകുന്ന കരുണയെ, ഇതൊന്നും തിരിച്ചറിയാൻ സാധിക്കാത്ത വിധം നമ്മുടെ കണ്ണുകൾ മറ്റു പലതിലും ഉടക്കിക്കിടക്കുന്നു.

എന്നെ വലുതാക്കുന്നവരുടെ ചെറുതാകലുകളും, എനിക്ക് ആരോഗ്യം പകരുന്നവരുടെ രോഗക്കിടക്കകളും, എനിക്ക് വേണ്ടി കൈകൾ ഉയർത്തുന്നവരുടെ വേദനകളും പലപ്പോഴും ഞാൻ തിരിച്ചറിയുന്നില്ല. അമ്മയുടെ വിവാഹ ആൽബം കണ്ടു ‘എന്നെ എന്തുകൊണ്ട് കൊണ്ടുപോയില്ല’ എന്ന് ചിണുങ്ങുന്ന കുഞ്ഞുപോലും കടന്നുപോയതിനെ ഓർത്തു കലമ്പുന്ന ഒരു ഹൃദയത്തെ ഓർമിപ്പിക്കുന്നു.

ഓരോ പ്രഭാതത്തിലും വിരലുകൾക്കിടയിലൂടെ കടന്നുപോകുന്ന ദിവ്യകാരുണ്യവും തിരിച്ചറിയപ്പെടാതെപോകുന്ന  ഒരു തിരുസാന്നിദ്ധ്യമാണ്. എൻ്റെ കൈകളിലെ അപ്പം തിരുവോസ്തിയാകുന്നത് തിരിച്ചറിയാതെപ്പോകുന്ന എനിക്ക് ദുരിതം. എൻ്റെ വഴികളിലൂടെ കടന്നുപോകുന്ന ക്രിസ്തുവിൻ്റെ കാലൊച്ചകൾ തിരിച്ചറിയാതെ പോകുന്ന ഞാൻ ദുർഭഗൻ.

ബർതീമിയൂസ് അന്ധനായിരുന്നു. പക്ഷേ അവൻ ക്രിസ്തു കടന്നുപോകുന്നത് ‘തിരിച്ച’റിഞ്ഞു. നമ്മൾ കാഴ്ചയുള്ളവരാണ്, പക്ഷേ ക്രിസ്തു കടന്നുപോകുന്നത്  അറിയാൻ ആവാത്തവിധം നമ്മുടെ അകക്കണ്ണുകൾ അടഞ്ഞിരിക്കുന്നു.
അന്ധനായ സൂർദാസ് ഭഗവാനെ  പ്രസാദിപ്പിച്ചു കാഴ്ച ശക്തി പ്രാപിക്കുകയാണ്. ഭഗവാനെ കണ്ട ഉടൻ അവൻ വീണ്ടും അന്ധനാകുവാനായി പ്രാർത്ഥിക്കുന്നു. ഇനി ഭഗവാനെ കണ്ട കണ്ണുകൾകൊണ്ട് ഒന്നും കാണാതിരിക്കുവാനായി.

മനസ്സിൻ്റെ കണ്ണുകൾ തുറക്കപ്പെടുവാൻ, കടന്നുപോകുന്നത് തമ്പുരാനാണെന്നു ‘തിരിച്ച’റിവ്‌ ഉണ്ടാകുവാനായി പ്രാർത്ഥിക്കാം. 

തിരിച്ചറിവില്‍ നിന്ന് തിരുവറിവിലേക്കുള്ള ശുഭരാത്രി ആശംസിച്ചുകൊണ്ട്

സ്നേഹപൂര്‍വ്വം

FR. SIJO KANNAMPUZHA OM