നന്മകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ?

0

നന്മകള്‍ നഷ്ടമായിട്ടുണ്ടോ?

വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിശുദ്ധരിലൊരാളാണ് അന്തോനീസ്. കേരളത്തിലെ വിവിധ ദേവാലയങ്ങള്‍ വിശുദ്ധനോടുള്ള നമ്മുടെ വണക്കത്തിന്‍റെയും വിശ്വാസത്തിന്‍റെയും അടയാളങ്ങളായി ഉയര്‍ന്നുനില്ക്കുന്നു. അത്ഭുതപ്രവര്‍ത്തനവരത്താല്‍ പ്രസിദ്ധനായ വിശുദ്ധനോട്, കാണാതെ പോയ വസ്തുക്കള്‍ കണ്ടുകിട്ടാന്‍ വിശ്വാസികള്‍ സഹായമപേക്ഷിക്കാറുണ്ട.  ഇവിടെ നമുക്ക് ചിന്തിക്കേണ്ടതായ ഒരു കാര്യമുണ്ട്.

വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ പണം കൊടുത്ത് അവ വാങ്ങാം. നന്മകള്‍ നഷ്ടമായാലോ? സമ്പത്തുകൊണ്ട് വാങ്ങാന്‍ കഴിയാത്തതാണല്ലോ സ്വഭാവത്തിലെ നന്മകള്‍. അവ നഷ്ടപ്പെടുന്നുണ്ടോ എന്നു ശ്രദ്ധിക്കണം.

ഉത്സാഹശീലം, പ്രാര്‍ത്ഥനാശീലം, അധ്വാനശീലം എന്നിവയൊക്കെ കുട്ടിക്കാലത്തുതന്നെ സ്വന്തമാക്കുന്നവയാണ്. അവയില്‍ കുറവു വന്നോ എന്നു പരിശോധിക്കണം. ഈയിടെ അനുസരണം തീരെയില്ലാതായി വരുന്നു, നുണപറയാന്‍ മടിയില്ലാതായി, വേണ്ടാത്ത കാര്യങ്ങളിലാണ് ശ്രദ്ധ എന്നെല്ലാം ആരെങ്കിലുമൊക്കെ നിങ്ങളെ കുറ്റപ്പെടുത്താറുണ്ടോ? നിങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വേണമെന്ന് പറയാറുണ്ടോ? ഒപ്പമുണ്ടായിരുന്ന ചില നന്മകളെങ്കിലും ഇപ്പോള്‍ ഇല്ലാത്തതുപോലെ നിങ്ങള്‍ക്കു തോന്നിയിട്ടുണ്ടോ?

എങ്കില്‍ നഷ്ടപ്പെട്ട വസ്തുക്കളേക്കാള്‍ ഉത്സാഹത്തോടെ ആ നന്മകള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കണം. സ്വഭാവത്തെ ശുദ്ധീകരിക്കാന്‍, നന്മയില്‍ വളരാന്‍ വിശുദ്ധ അന്തോണീസിന്റെയും മറ്റു വിശുദ്ധരുടെയും മാധ്യസ്ഥ്യസഹായം അപേക്ഷിക്കാം. ലക്ഷം രൂപയേക്കാളും സ്വര്‍ണ്ണമാലയേക്കാളും വിലയേറിയതല്ലേ നിങ്ങളിലെ നന്മകള്‍? വിശുദ്ധരുടെ മാതൃക ആ നന്മകള്‍ തിരികെ നേടാന്‍ സഹായിക്കും.

 ഷാജി മാലിപ്പാറ