നീതിമാന്‍

0


ഒരുവന്‍ നീതിമാനുംനീതിയും ന്യായവുമനുസരിച്ച് പ്രവര്‍ത്തിക്കുന്നവനും ആണെന്നിരിക്കട്ടെ( എസെക്കി 18:6)

നീതിമാന്‍ എന്ന് പറയുമ്പോഴെല്ലാം നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് വിശുദ്ധ യൗസേപ്പാണ്. നീതിമാനെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്ന വ്യക്തി.

ആരാണ് നീതിമാന്‍ എന്നും എന്താണ് നീതിമാന്‍ ചെയ്യുന്നതെന്നും എസെക്കിയേലിന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.:

അവന്‍ പൂജാഗിരികളില്‍ വച്ചു ഭക്ഷിക്കുകയോ ഇസ്രായേലിലെ വിഗ്രഹങ്ങളുടെ നേര്‍ക്ക് കണ്ണുകളുയര്‍ത്തുകയോ ചെയ്യുന്നില്ല. അവന്‍ അയല്‍വാസിയുടെ ഭാര്യയെ മലിനപ്പെടുത്തുകയോ ആര്‍ത്തവകാലത്ത് സ്ത്രീയെ സമീപിക്കുകയോ ചെയ്യുന്നില്ല. അവന്‍ ആരെയും പീഡിപ്പിക്കുന്നില്ല. കടക്കാരന് പണയവസ്തു തിരികെ നല്കുന്നു. കൊള്ളയടിക്കുന്നില്ല, അവന്‍ വിശക്കുന്നവന് ആഹാരം നല്കുകയും നഗ്നനെ വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ പലിശ വാങ്ങുകയോ ലാഭമെടുക്കുകയോ ചെയ്യുന്നില്ല. അകൃത്യങ്ങള്‍ ചെയ്യുന്നില്ല.മനുഷ്യര്‍തമ്മിലുള്ള തര്‍ക്കത്തില്‍ സത്യമനുസരിച്ച് തീര്‍പ്പുകല്പിക്കുന്നു. അവന്‍ എന്റെ കല്പനകള്‍ അനുസരിക്കുകയും പ്രമാണങ്ങള്‍ വിശ്വസ്തതയോടെ പാലിക്കുകയും ചെയ്യുന്നു. അവനാണ് നീതിമാന്‍. അവന്‍ തീര്‍ച്ചയായും ജീവിക്കും.

ഒരു നോമ്പുകാലത്തിലൂടെ കടന്നുപോകുമ്പോള്‍ നീതിമാനായി ജീവിക്കാനുള്ള വെല്ലുവിളികള്‍ നാം കൂടുതലായി ഏറ്റെടുക്കേണ്ടതുണ്ടെന്ന് തോന്നുന്നു. എപ്പോഴും എല്ലാ നേരത്തും നീതിമാനായി മാറേണ്ടവരാണ് നാം ഓരോരുത്തരെങ്കിലും സമയത്തിന്റെ അടയാളങ്ങള്‍ ചില കാര്യങ്ങള്‍ നമ്മളില്‍ നിന്ന് കൂടുതലായി ആവശ്യപ്പെടുന്നുണ്ട്. അതിലൊന്നാണ് നീതി.

ആരെയും പീഡിപ്പിക്കാത്തവന്‍, സത്യമനുസരിച്ച് തീര്‍പ്പ് കല്പിക്കുന്നവന്‍.അകൃത്യങ്ങള്‍ ചെയ്യാത്തവന്‍..ഹാ നീതിമാന്റെ ചില ലക്ഷണങ്ങള്‍. കണ്ണാടിയില്‍ മുഖസൗന്ദര്യം നോക്കിനില്ക്കുന്നതിനൊപ്പം ഈ തിരുവചനങ്ങളുടെ വെളിച്ചത്തില്‍ നാം ഓരോരുത്തരും സ്വയം ചോദിക്കണം. ഞാന്‍ നീതിമാനാണോ?

നീതിയുടെ വെളിച്ചം നമ്മള്‍ ഓരോരുത്തരിലേക്കും കടന്നുവരട്ടെയെന്ന് ആശംസിച്ചുകൊണ്ട്

വിഎന്‍.