നീയും ബർതിമേയൂസിനെ പോലെ അന്ധനോ?

0ജെറീക്കോയുടെ വഴികളിൽ മറ്റുള്ളവരുടെ കരുണയ്ക്ക് വേണ്ടി നിസ്സഹായനായി കൈനീട്ടി യാചിക്കുന്ന ബർതിമേയൂസ്. അവനെ യാചകനാക്കിയത് അവന്റെ അന്ധതയാണ്. അവനെ സഹായിക്കാൻ ഒരു മരുന്നിനും ഭിഷഗ്വരനും സാധിക്കുന്നില്ല. ആരോഗ്യമോ കുടുംബമഹിമയോ അവനെ സഹായിക്കുന്നില്ല. ജീവിതം മുൻപോട്ടു തള്ളി നീക്കാൻ ഇനി അവന് മറ്റുള്ളവരുടെ കരുണ കൂടിയേ തീരൂ. അവൻ പ്രകാശം കാണാനാകാത്ത, കുഞ്ഞുമക്കളുടെ മുഖം കാണാനാകാത്ത, പ്രിയതമയുടെ പുഞ്ചിരി കാണാനാകാത്ത ഹതഭാഗ്യൻ.
 

നാം അന്ധരാണോ? പുറമേ അല്ല. പ്രകൃതിയും പക്ഷിജീവജാലങ്ങളും നമ്മുടെ മുൻപിൽ മനോഹരമായ ഒരു കാഴ്ചയായി വിളങ്ങി നിൽക്കുന്നു. സഹോദരങ്ങളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നമുക്ക് ഒരു പ്രത്യേക കാഴ്ചയേ അല്ല. ഒരു 10 മിനിറ്റ് കണ്ണടച്ചിരുന്ന് കുടുംബാംഗങ്ങളെ മനസ്സിൽ ഒന്ന് കാണാമോ? നാളെ പ്രഭാതത്തിൽ കാഴ്ചയില്ലാതെ എഴുന്നേറ്റാൽ എന്തുചെയ്യും?  ഈ മൊബൈൽ ഫോൺ പോലും ഉപയോഗശൂന്യം.

നാം അന്ധരാണ്‌. ആന്തരീകമായി, ചിലപ്പോൾ ആത്മീയമായി, മറ്റുചിലപ്പോൾ മാനസികമായി, വേറെ ചിലപ്പോൾ സമൂഹത്തിന് നേരെയും. നമ്മുടെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കത, പ്രിയതമയുടെ/ പ്രിയതമന്റെ കണ്ണുനീര്, മാതാപിതാക്കളുടെ സ്നേഹം, മറ്റുള്ളവരുടെ നന്മ, അധികാരികളുടെ ബുദ്ധിമുട്ട്, താഴെയുള്ളവരുടെ ആത്മാർത്ഥത, ആത്മീയ ജീവിതത്തിലെ കൂദാശകൾ ഇവയൊന്നും കാണാതെയും ആസ്വദിക്കാതെയുമിരിക്കുമ്പോൾ നാമും ബർതിമേയൂസിനെ പോലെ അന്ധർ.

സ്വന്തം അന്ധതയെക്കുറിച്ചുള്ള ആത്മശോധനയോടെ,

ശുഭരാത്രി

Fr. Sijo Kannampuzha OM

( മാർക്കോസ് 10:46-52. നെ ആസ്പദമാക്കിയായിരിക്കും തുടര്‍ന്നുള്ള ഗുഡ് നൈറ്റ് ചിന്തകള്‍ അവതരിപ്പിക്കപ്പെടുന്നത്)