നീ പാനം ചെയ്യേണ്ട കാസ

0


ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? (മത്താ 20 : 22)

ഒരു വൃദ്ധമന്ദിരത്തിൽ ഒരമ്മയെ കണ്ടുമുട്ടി. ഇപ്പോഴും ജപമണികൾ ഉരുക്കഴിക്കുന്ന ഒരമ്മ, സൗമ്യമായ സംസാരം. സംസാരിക്കുമ്പോൾ അമ്മ ആവശ്യപ്പെടുന്ന ഒറ്റക്കാര്യം മകനുവേണ്ടി പ്രാർത്ഥിക്കണമെന്നാണ്. നാളുകൾക്കുമുന്പു അമ്മയെ ആൾക്കൂട്ടത്തിൽ ഉപേക്ഷിച്ചുകടന്നുപോയ ആ മകനുവേണ്ടിയുള്ള അമ്മയുടെ പ്രാർത്ഥന ദൈവത്തെപ്പോലും പൊള്ളിക്കുന്നുണ്ടാകും.

മൂന്നുവർഷം കൂടെ നടന്നു അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും സാക്ഷിയായ ശിഷ്യന്മാരിൽ രണ്ടുപേർ, ഭാവിയിൽ അവരുടെ പ്രമുഖ സ്ഥാനങ്ങൾ ഉറപ്പിക്കാനായി ക്രിസ്തുവിനെ സമീപിക്കുന്നു. യേശു അവരോട് ചോദിക്കുന്നു – ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? ആരെല്ലാമാണോ ക്രിസ്തുവിന്റെ രാജ്യത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നത് അവരെല്ലാം സ്വീകരിക്കേണ്ട ഒന്നാണ് അവന്റെ കാസ.

ഇന്നുവരെ ക്രിസ്തുവിനെ അനുഗമിച്ച ആരും ആ കാസ പാനം ചെയ്യാതെ കടന്നുപോയിട്ടില്ല. നിസ്സാരമല്ല അതിലെ കയ്പുനീർ. അതുകൊണ്ടാണല്ലോ ഗേത്സമെൻ തോട്ടത്തിൽ നെഞ്ചുരുകി പുത്രൻ പിതാവിനോട് കേഴുന്നത് – കഴിയുമെങ്കിൽ ഈ കാസ എന്നിൽ നിന്ന് അകറ്റേണമേ.

ക്രിസ്തുവഴികളിലെ അനിവാര്യതയാണ് കയ്പുനിറഞ്ഞ ആ പാനപാത്രം.നിനക്കത് കണ്ടില്ലെന്ന് നടിച്ച് മുന്നേറാം. അത് ഗൗനിക്കാതെ നിന്റെ പ്രയാണം തുടരാം. പക്ഷെ ഒരിക്കലും ക്രിസ്തുവിന്റെ ശിഷ്യനാണെന്നു വൻപുപറയരുത്. ക്രിസ്തുപകരുന്ന സമാധാനം നമുക്ക് ആവശ്യമാണ്. അവന്റെ കരുണയിൽ നാം ശരണപ്പെടുന്നു. ഗുരുവിന്റെ പരിധിയില്ലാതെ സ്നേഹം ആവോളം നാം അനുഭവിക്കുന്നു. അവന്റെ അനുഗ്രഹമാണ് നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു. പക്ഷേ അവന്റെ സഹനങ്ങളോ? അതിനോട് പുറംതിരിഞ്ഞാണ് നമ്മൾ നിൽക്കുക.

ക്രിസ്താനുയായിക്കു കുരിശിലേറാതെ ഉത്ഥാനമഹിമ അനുഭവിക്കാനാവില്ല. ക്രൂശിതനെ സ്വീകരിക്കുന്നവന് കാസയെ ഒഴിവാക്കാനാവില്ല.  ദൈവം നല്കിയവരിലും, ഈ കയ്പനുഭവം അനുഭവവേദ്യമാണ്. കുറവുകളില്ലാത്ത, ബാലഹീനരല്ലാത്ത മനുഷ്യരെ ദൈവം ഇനിയും സൃഷ്ടിച്ചിട്ടില്ല. എങ്കിൽ നിന്റെ മാതാപിതാക്കളും ജീവിത പങ്കാളിയും സഹോദരങ്ങളും മക്കളുമെല്ലാം ദൈവം അനുവദിച്ച കുറവുകളോടെ ജനിച്ചവർ.

ഇത്രയും കാലത്തെ ജീവിതത്തിൽ അവരെ കുറവുകളെ, പരാതിയില്ലാതെ സ്വീകരിക്കാൻ നിനക്കായോ? ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ സ്വീകരിച്ച്, സഹനത്തിന്റെ കാസ നിരാകാരിക്കുന്നതുപോലെ, ദൈവം നല്കിയവരുടെ നന്മകൾ സ്വീകരിച്ച്, അവരുടെ കുറവുകളോട് യുദ്ധം ചെയ്യാമോ? നിന്റെ പങ്കാളിയുടെ കുറവുകൾ നീ പാനം ചെയ്യേണ്ട കാസയല്ലേ?

ശുഭരാത്രി

Fr Sijo Kannampuzha OM