നേതി നേതി

0

കണ്ണീരോടെ വിതയ്‌ക്കുന്നവര്‍ ആനന്‌ദഘോഷത്തോടെ കൊയ്യട്ടെ!വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്‌ക്കാന്‍ പോകുന്നവന്‍ കറ്റ ചുമന്നുകൊണ്ട്‌ ആഹ്‌ളാദത്തോടെ വീട്ടിലേക്കു മടങ്ങും.”(സങ്കീ. 126 : 5 – 6)

ഹൈന്ദവസംസ്കാരത്തിൽ അദ്വൈതവേദാന്തത്തിലാണ് “നേതി നേതി” എന്ന മനോഹരമായ പ്രയോഗം. നിലനിൽക്കുന്നത് എന്ത് എന്ന ചോദ്യത്തിന്റെ ഉത്തരമായി Neither this, nor that എന്നാണ് വേദാന്തത്തിന്റെ ഉത്തരം. നിത്യമായി  ഉള്ളത് ഇതല്ല, അതുമല്ല, ഇതൊന്നുമല്ല എന്ന കാഴ്ചപ്പാടിലേയ്ക്കാണ് നമ്മെ കൊണ്ടുപോകുന്നത് !

ജീവിതത്തിന്റെ പലവിധമായ അനുഭവങ്ങളിൽ ഏതും (രുചിക്കുന്നതോ, രുചിക്കാത്തതോ ആകട്ടെ) മനസ്സിൽ അവശേഷിപ്പിക്കുന്നത് ഈ നേതി നേതി പാഠങ്ങളല്ലേ?
ഒന്നും അതിൽ തന്നെ തീരുന്നില്ല, ഒരു അനുഭവവും അതിൽ തന്നെ അവസാനിക്കുന്നില്ല. ഒന്ന് മറ്റൊന്നിന്റെ തുടക്കമാകുന്നു..  മധുരം കയ്പ്പിനും കയ്പ് ചവർപ്പിനും വഴി മാറിക്കൊടുക്കുന്നു.. വിതയുടെ നേരത്ത് സങ്കടകാലമായിരിക്കാം, കൊയ്ത്ത് ആനന്ദത്തിന്റേതാകും.

ഇന്നത്തെ അലച്ചിലുകൾ  നാളത്തെ ആഘോഷങ്ങൾക്ക് വഴിമാറിക്കൊടുക്കാനുള്ളതാണ്..  ഇന്നത്തെ സുന്ദരകാഴ്ചകൾ നാളെ കൂടെയുണ്ടാകണമെന്നുമില്ല.. 

സുഹൃത്തേ, ജീവിതത്തിന്റെ ഈ പലവർണങ്ങളെ പതറാത്ത മനസ്സോടെ നേരിടാനുള്ള ആത്മബലമാണ് നമുക്കാവശ്യം. ഊണിന് പല രുചികളിലുള്ള കറികൾ വിളമ്പുന്ന അമ്മയെപ്പോലെയാണ് ദൈവം.
ഒരു കയ്പാടകലെ ക്രൂശിതനായ ക്രിസ്തു നടക്കുന്നുണ്ട് .. ജീവിതത്തിന്റെ തിരയിൽപ്പെട്ടുവീഴാൻ പോകുന്ന എന്നെ നോക്കി “നേതി നേതി” എന്നോർമപ്പെടുത്തിക്കൊണ്ട്…

നല്ല ദിവസം സ്നേഹപൂർവ്വം,

ഫാ. അജോ രാമച്ചനാട്ട്