പലരും പറയുന്നത്

0

എനിക്കും കർത്താവിനും ഇടയിൽ വേറെയൊരാൾക്ക് ഇടമുണ്ടോ? ഇല്ല. തീവ്രമായി സ്നേഹിക്കുന്നവരുടെയിടയിൽ ഒരു മദ്ധ്യവർത്തി ആവശ്യമില്ലാത്തതുപോലെ, എനിക്കും യാതൊരു ഉപാധികളുമില്ലാതെ എന്നെ സ്നേഹിക്കുന്ന ദൈവത്തിനുമിടയിൽ ആർക്കും പ്രവേശനമുണ്ടാകാൻ പാടില്ല.

യേശുവിനെ നോക്കി ‘ദാവീദിൻ്റെ പുത്രാ കനിയണമേ’ എന്ന് നിലവിളിക്കുന്ന ബർതിമേയൂസിനോട് ‘നിശ്ശബ്ദനാകാനും’ ‘ഇരിക്കാനും‘ ’പലരും’ ആവശ്യപ്പെടുന്നുണ്ട്. നിലവിളിക്കുന്നത് ബർതിമേയൂസും വിളി കേൾക്കുന്നത് യേശുവുമാണ്. അതിനിടയിൽ ഈ ‘പലർക്ക്’ സ്ഥാനമില്ല. യേശുവും ബർതിമേയൂസും തമ്മിലുള്ള കാര്യമാണ്. പക്ഷേ, ‘പലരും’ ബർതിമേയൂസിനെ ശകാരിക്കുകയാണ്., നിശ്ശബ്ദനാകാൻ ആവശ്യപ്പെട്ടുകൊണ്ട്.

എൻ്റെയും നിൻ്റെയും യേശുവുമായുള്ള ബന്ധത്തിൽ ‘പലർക്കും’ സ്ഥാനമുണ്ടാകാതിരിക്കട്ടെ. ‘നിശബ്‌ദനാകാനും’ ‘ഇരിക്കാനും’ ആവശ്യപ്പെട്ടുകൊണ്ട് പലരും നമ്മുടെ ജീവിതത്തിലേക്ക് വരും. ക്രിസ്തുവിൻ്റെ അരികിൽ എത്താൻ ആഗ്രഹിക്കുന്നവന്, ക്രിസ്തുവിൻ്റെ കൃപ ആഗ്രഹിക്കുന്നവന് നിശ്ശബ്ദനാകാനോ ഇരിക്കാനോ കഴിയില്ല. അവൻ ഉറക്കെ കർത്താവിനെ വിളിക്കുകയും അടുത്തേക്ക് ചെല്ലുകയും ചെയ്യും. ബർതിമേയൂസിനെ ശകാരിച്ചു പലരും സൗഹൃദങ്ങളുടെയും അടുപ്പത്തിൻ്റെയും സ്നേഹത്തിൻ്റെയും കടപ്പാടിൻ്റെയും പേരിൽ നമ്മുടെ ജീവിതത്തിലേക്ക് വരുമ്പോൾ, അവരെ തിരിച്ചറിയാനും ക്രിസ്തുവിലേക്കുള്ള പ്രയാണത്തിൽ അവർ എനിക്ക് പ്രതിബന്ധമാണെങ്കിൽ അത് മനസ്സിലാക്കാനും കർത്താവേ എന്നെ അനുഗ്രഹിക്കണമേ..

ശുഭരാത്രി

Fr. Sijo Kannampuzha OM