പ്രവാസികൾ നമ്മൾ

0

യുവാക്കള്‍പോലും തളരുകയും ക്‌ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്‌തിയറ്റുവീഴാം.എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.(ഏശ. 40 : 30-31)

ഏശയ്യാപ്രവചനം 40-55 അദ്ധ്യായങ്ങൾ ബാബിലോൺ പ്രവാസത്തിന്റെ ഭീകരദുരിതങ്ങളിൽ കഴിഞ്ഞ ഇസ്രായേല്യർക്കായി എഴുതപ്പെട്ടതാണ്. ജീവിതം വച്ചുനീട്ടുന്ന പരീക്ഷണങ്ങളിൽ തളരാതിരിക്കാൻ പ്രവാചകന്റെ തൂലികയിലൂടെ അവർക്ക് പ്രതീക്ഷ നൽകുന്ന ദൈവം !

പ്രവാസങ്ങളിലാണ്, നമ്മളും. അതിശൈത്യവും അത്യുഷ്ണവും വലയ്ക്കുന്നുണ്ട്..ദാഹിക്കുന്നുണ്ട് പലപ്പോഴും..ശരിക്കൊന്നുറങ്ങാനാവാത്ത രാത്രികളുമുണ്ട്.. ആരെങ്കിലുമൊക്കെ മനസ്സിലാക്കിയിരുന്നെങ്കിൽ എന്നും ഓർത്തുപോയ നേരങ്ങളുണ്ട്..വചനം ഓർമപ്പെടുത്തുന്നത് തിരിച്ചുവരവിന്റെ, വീണ്ടെടുപ്പിന്റെ കൊടുങ്കാറ്റിന് ദൈവം വഴിയൊരുക്കുന്നുവെന്നാണ് !

പ്രതീക്ഷയും കാത്തിരിപ്പും പുതിയ കാലഘട്ടത്തിന്റെ പുണ്യങ്ങളാണ് എന്നാണ് എന്റെ വിശ്വാസം.. അതിനെ മണ്ടത്തരം എന്ന് ലോകം വിളിച്ചാൽ എനിക്ക് മണ്ടൻ ആകാനാണ് ഇഷ്ടം. പ്രതികൂലതകൾക്കിടയിൽ ദൈവകരുണ കാത്തിരിക്കുന്ന മണ്ടൻ.. !
കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവ്വം..

ഫാ. അജോ രാമച്ചനാട്ട്