പ്രാര്‍ത്ഥനയാണ് എന്നെ രക്ഷിച്ചത്; ഭീകരരുടെ തടവില്‍ നിന്ന് രക്ഷപ്പെട്ട ഒരു വൈദികന് പുതുവര്‍ഷത്തില്‍ പങ്കുവച്ച അനുഭവസാക്ഷ്യം
പ്രാര്‍ത്ഥനയാണ് തന്നെ രക്ഷിച്ചതെന്ന് ഫാ. കാജെറ്റെന് അപെ. നൈജീരിയായില്‍ നിന്ന് ഹേര്ഡ്സ്മെന് തീവ്രവാദികളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് അദ്ദേഹത്തിന് പറയാന്‍ അതു മാത്രമേയുള്ളൂ. പുരോഹിതനാകാന്‍ നാലു മാസം ബാക്കിനില്‍ക്കവെയാണ് അദ്ദേഹത്തെയും രണ്ടു വൈദികരെയും ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയത്.
നാലു ദിവസം കഴിഞ്ഞപ്പോള്‍ വിട്ടയ്ക്കപ്പെട്ടുവെങ്കിലും ആ നാലു ദിവസങ്ങള്‍ തങ്ങളെ സംബന്ധിച്ച് വളരെ ദുരിതം നിറഞ്ഞതായിരുന്നുവെന്നാണ് പുതുവര്‍ഷത്തില്‍ കുര്‍ബാന മധ്യേ സന്ദേശം നല്കുമ്പോള് അദ്ദേഹം പങ്കുവച്ചത്. പാതി ബ്രഡും ചുണ്ടുനനയ്ക്കാന്‍ മാത്രം വെള്ളവും. അതു മാത്രമായിരുന്നു ഈ ദിവസങ്ങളില്‍ കിട്ടിയിരുന്നത്.
ഒരു ക്രിസ്മസ് രാത്രിയിലായിരുന്നു ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഹോസ്പിറ്റലിലായിരുന്ന തങ്ങളുടെ വൈദികനെ സന്ദര്‍ശിക്കാന്‍ പോയിവരുകയായിരുന്നു അവര്‍. റോമില്‍ നിന്ന് വരുന്ന കര്‍ദിനാള്‍ ഫ്രാന്‍സിസ് അരിന്സെയെ സല്ക്കരിക്കാനായി ചില സാധനങ്ങള്‍ വാങ്ങുന്നതിനായി മടങ്ങുന്ന വഴി ഒരു കടയുടെ മുമ്പില്‍ വണ്ടി നിര്‍ത്തി.
അപ്പോഴാണ് എകെ 47 നുമായി തീവ്രവാദികള്‍ വന്നതും വൈദികരെ തട്ടിക്കൊണ്ടുപോയതും. വൈദികരെല്ലാം സാധാരണ വേഷത്തിലായിരുന്നതുകൊണ്ട് അവരെ വൈദികരാണെന്ന് തീവ്രവാദികള്‍ തിരിച്ചറിഞ്ഞിരുന്നില്ല. പണമായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ബാങ്ക് ഡീറ്റെയില്‍സും മറ്റുമാണ് അവര്‍ ചോദിച്ചറിഞ്ഞത്. രണ്ടു ദിവസം കഴിഞ്ഞപ്പോഴേയ്ക്കും കൂടെയുണ്ടായിരുന്ന വൈദികന്റെ അവസ്ഥ തീരെ മോശമായി. അപ്പോഴെല്ലാം പ്രാര്‍ത്ഥന മാത്രമായിരുന്നു ഞങ്ങളുടെ ആശ്വാസവും ധൈര്യവും.
പിന്നീട് അധികാരികള്‍ ഇടപെട്ട് മോചനം സാധ്യമാക്കുകയായിരുന്നു.