മാറ്റിവയ്ക്കലുകൾ

0

ചില മാറ്റിവയ്ക്കലുകളുടെ കാലമാണ് നോമ്പ്. പക്ഷെ നോമ്പിൽ മാത്രം മാറ്റിവച്ചു പിന്നീട് അതുതന്നെ ഏറ്റെടുക്കുമ്പോൾ ആണു നോമ്പിൻ്റെ പ്രസക്തി അല്ലെങ്കിൽ അർത്ഥം ചോദ്യംചെയ്യപെടുന്നത്.

ഒരു നിശ്ചിത കാലം മാറ്റിവെക്കാനും പിന്നീട് അത് തന്നെ ആവർത്തിക്കാനും തുടങ്ങുന്നതിനെ നോമ്പെന്നതിനു പകരം എന്ത് വിളിക്കണമെന്നു എനിക്കു തന്നെ തീരുമാനിക്കാം. കുളിച്ച പന്നി വീണ്ടും ചളിയിൽ കുളിക്കുന്നു, നായ ഛർദ്ദിച്ചത്   തന്നെ വീണ്ടും തിന്നുന്നു എന്ന ബൈബിൾ പ്രയോഗങ്ങളോട് ഈ പ്രതിഭാസത്തെ ഉപമിച്ചാൽ അത് തെറ്റെന്നു വിശ്വസിക്കുന്നില്ല.

ഒരോ നോമ്പു കാലവും കടന്നുപോകുമ്പോൾ എന്നിലെ അരുതാത്ത എന്തെങ്കിലും മാറ്റിവയ്ക്കാൻ കഴിഞ്ഞാൽ നോമ്പു കാലം ധന്യമായി. ഒരു വർഷം കൂടെ അതവിടെ നിൽക്കട്ടെ, ഞാൻ അതിൻ്റെ ചുവടിളക്കി വളമിടാം എന്ന ആരുടെയെങ്കിലും പ്രാർത്ഥനയാകാം ഒരു ഉയിർപ്പു തിരുന്നാളുകൂടെ എൻ്റെ മുൻപിലുള്ളതിൻ്റെ കാരണം.

കഴിഞ്ഞ വർഷം എന്നോട് കൂടെ ഉണ്ടായിരുന്ന പലരും ഇന്ന് ഇല്ല. മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങും എന്ന ഓർമ്മപ്പെടുത്തലുകൾ പലപ്പോഴു൦ എന്നെ സ്പർശിക്കാറും ഇല്ല.  ഇങ്ങനെ ഒന്നും എന്നെ സ്പർശിക്കാതെ കടന്നു പോകാൻ തുടങ്ങിയിട്ടു വർഷങ്ങൾ ആയി.

ഒരു പക്ഷെ യജമാനൻ വെട്ടി തീയിലെറിയാൻ ഒരുങ്ങുന്നുണ്ടാകാം. മനസ്സിൽ എന്നും  അസൂയയോടെ കണ്ടിട്ടുള്ള ഒരു കഥാപാത്രമാണ് നല്ല കള്ളൻ. ജീവിതത്തിൻ്റെ അവസാന നിമിഷത്തിലും അവൻ മോഷ്ടാവായി. ഒരുപക്ഷെ ഇന്നോളം പിന്നെ ആരും ഇത്തരത്തിലൊരു മോഷണം നടത്തികാണാൻ വഴിയില്ല. എനിക്കും ഇത്തരത്തിലൊരു മോഷണം സാധ്യമായെങ്കിൽ എന്ന് കുരിശു നോക്കിയിരുന്നപ്പോൾ മനസിൽ തോന്നിയിട്ടില്ല എന്നു പറയാൻ കഴിയില്ല.  

എൻ്റെ പല പിടിവാശികളും മാറ്റിവെക്കാറായി, എൻ്റെ ഞാൻ എന്ന ചിന്ത പാടെ വിട്ടു കളയാറായി, പല പിണക്കങ്ങളും തീരാനുള്ള അവസാന മണിക്കൂറുകളായി… ഈ നിര ഇനിയും നീളും. ഇല്ലെങ്കിൽ എല്ലാം മാറ്റിവയ്ക്കാൻ പറഞ്ഞു ഒരുവൻ വരും, എൻ്റെ  പോലും അനുവാദം ഇല്ലാതെ. അവൻ്റെ വരവിൽ ഇതുവരെ ഞാൻ നെഞ്ചോടു  ചേർത്തു പിടിച്ചതെല്ലാം മാറ്റിവയ്‌ക്കേണ്ടിവരും. അതിലും നല്ലതു ചുവടിളക്കി വളമിടുന്ന ഈ കാലത്തിൽ ഫലം നൽകാൻ ഒരുങ്ങുന്നതല്ലേ ? അതിനു എന്നിലെ ചിലതൊക്കെ മാറ്റിവയ്‌ക്കേണ്ടതുണ്ട്…

മാറ്റിവയ്ക്കുന്നതൊന്നും ഇനി എന്നിൽ ആവർത്തിക്കപ്പെടാതിരിക്കട്ടെ. മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ മടങ്ങും എന്ന വചനം മനസ്സിൽ നിറയുന്നത് പല മാറ്റിവെക്കലുകൾക്കും വഴി തെളിയ്ക്കും.

ഫ്രിജോ തറയിൽ