മാലാഖ നല്കിയ പുസ്തകം

0


പുസ്തകമാലാഖ ഇത്തവണയും ഡിസംബര്‍ മുപ്പത്തൊന്നിന് മിനുവിനെ തേടിയെത്തി. മാലാഖ ചോദിച്ചത് പോയവര്‍ഷത്തെ പുസ്തകമാണ്. അവള്‍ നല്‍കിയ പുസ്തകം മാലാഖ മറിച്ചുനോക്കി. ആകെ 365 പുറങ്ങളുണ്ട്. അതില്‍ ചിലത് മിന്നിത്തിളങ്ങുന്നു. ഒന്നില്‍ ഒരു മഴവില്ല്. മറ്റൊന്നില്‍ ഒരു നക്ഷത്രം. വേറൊന്നില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂവ്. നല്ലതു ചെയ്ത ദിവസത്തെ താളുകളാണ് അവയൊക്കെയെന്ന് മാലാഖ പറഞ്ഞു.

മാലാഖ വീണ്ടും താളുകള്‍ മറിച്ചു. ചിലതില്‍ ചെളി പറ്റിയിട്ടുണ്ട്. ചിലത് കറുത്തിരുണ്ടിരിക്കുന്നു. കുത്തിവരച്ചപോലെ വൃത്തികേടായ താളുകളുമുണ്ട്. മിനു വേണ്ടാത്തതു ചെയ്ത ദിവസങ്ങളാണത്രേ അവയെല്ലാം. അതുകേട്ടപ്പോള്‍ അവള്‍ക്ക് സങ്കടം വന്നു. മിനു കരയണ്ട, ഞാന്‍ പുതിയ പുസ്തകം തരാമെന്നു പറഞ്ഞ് മാലാഖ പുതുവര്‍ഷത്തിന്റെ പുസ്തകം അവള്‍ക്കു സമ്മാനിച്ചു.

2019 എന്ന പുതുവര്‍ഷപ്പുസ്തകം നിങ്ങള്‍ക്കും കിട്ടിയില്ലേ? അതിലുമുണ്ട് 365 പുറങ്ങള്‍. അത് ഭംഗിയുള്ളതായി സൂക്ഷിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. നന്മയുള്ള ചിന്തയും വാക്കും പെരുമാറ്റവും ഉണ്ടായാല്‍ പുതുവര്‍ഷപ്പുസ്തകം നന്നാവും. അപ്പോള്‍ സ്‌നേഹത്തിന്റെ പൂക്കളും ഉത്സാഹത്തിന്റെ നക്ഷത്രങ്ങളും പരിശ്രമശീലത്തിന്റെ പറവകളും വിജയത്തിന്റെ മഴവില്ലുമൊക്കെ സ്വന്തമാകും.

അടുത്ത വര്‍ഷം മാലാഖ വീണ്ടും വരുമ്പോള്‍, പുസ്തകം തുറന്ന് താളുകള്‍ മറിക്കുമ്പോള്‍ എന്തായിരിക്കണം അവയില്‍ കാണുന്നത്? നന്മയുടെ തിളക്കമാര്‍ന്ന ചിത്രങ്ങളല്ലേ? അതിനായി വെറുതെ കാത്തിരുന്നാല്‍ പോരാ. ഇപ്പഴേ തുടങ്ങാം, പുതുവത്സരത്തിന്റെ ദിവസത്താളുകള്‍ നല്ലതാക്കാന്‍.

                  - ഷാജി മാലിപ്പാറ