മോഷ്ടാക്കളെ സൂക്ഷിക്കുക

0

ജോണി തീരെ ചെറുപ്പമായിരുന്നപ്പോള്‍ അവന്റെ പിതാവ് മരണമടഞ്ഞു. മമ്മാ മാര്‍ഗരറ്റ് തനിച്ചാണ് മക്കളെ വളര്‍ത്തിയത്. മാര്‍ഗററ്റമ്മയുടെ മാണിക്യമായിരുന്നു ജോണി എന്ന ഇളയപുത്രന്‍. അമ്മയില്‍നിന്ന് ഒത്തിരിക്കാര്യങ്ങള്‍ കൊച്ചുജോണി പഠിച്ചു. 

അവര്‍ക്ക് സ്വന്തമായ സ്ഥലത്ത് മുന്തിരി കൃഷി ചെയ്തിരുന്നു. വിളവെടുക്കാന്‍ കാലമാകുമ്പോള്‍ മുന്തിരിത്തോട്ടത്തില്‍ മോഷണം പതിവായിരുന്നു. കള്ളനെ പിടികൂടാന്‍ അവര്‍ തീരുമാനിച്ചു. അമ്മയും മക്കളും തോട്ടത്തിന്റെ പല ഭാഗങ്ങളിലായി ഒളിച്ചിരുന്നു. കള്ളന്‍ ഏതാനും മുന്തിരിക്കുലകള്‍ അറുത്തെടുത്തു കഴിഞ്ഞപ്പോള്‍ മാര്‍ഗരറ്റ് അയാളെ പിടികൂടി. കുട്ടികള്‍ ബഹളം വച്ചുകൊണ്ട് ഓടിയടുത്തു. പരിഭ്രമിച്ചുപോയ കള്ളന്‍ മുന്തിരിക്കുലകള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കുട്ടികള്‍ക്ക് ആകെപ്പാടെ രസമായി. 

അന്ന് കുട്ടികളെ ചുറ്റുമിരുത്തി മമ്മാ മാര്‍ഗരറ്റ് പറഞ്ഞു: ”ഇന്നു നമ്മുടെ തോട്ടത്തില്‍ കയറിയ കള്ളന്‍ മുന്തിരിക്കുലകള്‍ മോഷ്ടിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ കുട്ടികളിലെ നന്മകള്‍ മോഷ്ടിക്കാന്‍ വരുന്ന കള്ളന്മാരുണ്ട്. നിങ്ങള്‍ അത്തരക്കാരെ ധാരാളമായി കണ്ടുമുട്ടാന്‍ ഇടയുണ്ട്. അപ്പോള്‍ അവര്‍ നിങ്ങളെ കൊള്ളയടിക്കാതെ ശ്രദ്ധിക്കണം.” അമ്മയുടെ വാക്കുകള്‍ പാലിച്ച ജോണി വളര്‍ന്ന് വിശുദ്ധ ഡോണ്‍ബോസ്‌കോയായി മാറി.

മാര്‍ഗരറ്റമ്മ മക്കളോടു പറഞ്ഞത് ഇക്കാലത്തും സത്യമാണ്. അനുസരണം, അച്ചടക്കം, സത്യസന്ധത, സേവനം, ഉത്സാഹശീലം തുടങ്ങിയ നന്മകളൊക്കെ കുട്ടികളില്‍ ഉണ്ട്. അവയെ നഷ്ടപ്പെടുത്തുന്ന കൂട്ടുകെട്ടുകളോ സാഹചര്യങ്ങളോ ഉണ്ടാകാം. അപ്പോള്‍ കരുതലോടെ പ്രവര്‍ത്തിക്കണം. സമ്പത്ത് നഷ്ടമായാല്‍ വീണ്ടും നേടിയെടുക്കാം. സ്വഭാവം നഷ്ടപ്പെട്ടാല്‍ തിരിച്ചുകിട്ടാന്‍ വലിയ പ്രയാസമാണ് എന്നു കേട്ടിട്ടില്ലേ? നഷ്ടപ്പെടാതെ നോക്കുകയാണ് പ്രധാനം.

ഷാജി മാലിപ്പാറ