സാംസ്‌കാരികാനുരൂപണത്തെ ആദ്യമായി പരിചയപ്പെടുത്തിയ വ്യക്തി

0


ഒരുപക്ഷേ സുവിശേഷവല്ക്കരണത്തിന് സാംസ്‌കാരികാനുരൂപണം ആദ്യമായി പ്രയോജനപ്പെടുത്തിയ വ്യക്തികളില്‍ ഒരാളായിട്ടായിരിക്കാം റോബര്‍ട്ടോ ഡി നോബില്ലിയെ നാം അടയാളപ്പെടുത്തേണ്ടിയത്. കാരണം 1577 ല്‍ ഇറ്റലിയിലെ ടസ്‌ക്കനിയില്‍ ജനിക്കുകയും 1606 ല്‍ മധുരൈയില്‍ സുവിശേഷപ്രവര്‍ത്തനവുമായി എത്തിച്ചേരുകയും ചെയ്തഈ ഇറ്റാലിയന്‍ ഈശോസഭ മിഷനറി തദ്ദേശവാസികളുടെ ജീവിതശൈലികള്‍ സ്വായത്തമാക്കിക്കൊണ്ട് ആ പ്രദേശവുമായി പരിപൂര്‍ണ്ണമായി ഇഴുകിച്ചേര്‍ന്നുള്ള സുവിശേഷവല്ക്കരണമാണ് നടത്തിയത്. അപ്രകാരം സുവിശേഷം പ്രസംഗിക്കുന്നതിന് പുതിയൊരു രീതിക്ക് തന്നെ അദ്ദേഹം തുടക്കമിടുകയായിരുന്നു.

ഭാരതീയ സന്ന്യാസികളുടെ വേഷവിധാനമാണ് നോബില്ലി തിരഞ്ഞെടുത്തത്. ഒരു കുടുമ മാത്രം നിലനിര്‍ത്തിക്കൊണ്ട് തല മുണ്ഡനം ചെയ്തും വെള്ള മുണ്ട് ധരിച്ചും ഒരു സന്ന്യാസിയെപ്പോലെയായിരുന്നു അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. മൂന്ന് ചരടുകള്‍ പിരിച്ച് അത് നെഞ്ചില്‍ അണിഞ്ഞിരുന്നു.

ആ മൂന്നു ചരടുകള്‍ക്ക് വ്യാഖ്യാനം നല്കിയത് പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നാണ്. അദ്ദേഹത്തിന്റെ ഭാരതീയമായ ഈ ശൈലി ഈശോസഭാംഗങ്ങള്‍ക്കിടയിലും ഗോവ ആര്‍ച്ച് ബിഷപിനിടയിലും അസ്വാരസ്യം ഉണ്ടാക്കി. പോപ്പ് ഗ്രിഗറി പതിനഞ്ചാമന്‍ 1623 ജനുവരി 31 ന് പുറപ്പെടുവിച്ച പ്രബോധനരേഖയായ റൊമാനോ സേദീസ് ആന്റിസ്റ്റെസ് ഈ അസ്വാരസ്യങ്ങള്‍ക്ക് വിരാമം കുറിച്ചു.

സംസ്‌കൃതത്തിലും തമിഴിലും അവഗാഹം നേടിയ ആദ്യ യൂറോപ്യനായിരുന്നു റോബര്‍ട്ടോ ഡി നോബില്ലി. തമിഴ് ഗദ്യഭാഷയ്ക്ക് വിലപ്പെട്ട അനേകം സംഭാവനകള്‍ അദ്ദേഹം നല്കിയിട്ടുണ്ട്. തമിഴര്‍ക്ക് ആശയവും അര്‍ത്ഥവും മനസ്സിലാകുന്നതിന് പുതിയ പദങ്ങള്‍ക്ക് രൂപം നല്കിയതും ആരാധനാലയത്തിന് കോവില്‍, വൈദികനും അധ്യാപകനും ഗുരു, ബൈബിളിന് വേദം, വിശുദ്ധ കുര്‍ബാനയ്ക്ക് പൂസായ്, പരമചൈതന്യത്തിന് അരുള്‍, പ്രസാദം എന്നിങ്ങനെ നല്കിയതും അദ്ദേഹമാണ്്

. ജ്ഞാനത്തിന്റെ അധ്യാപകന്‍ എന്നാണ് റോബര്‍ട്ടോ അറിയപ്പെട്ടിരുന്നത്. ഹൈന്ദവപണ്ഡിതന്മാരുമായി ക്രൈസ്തവവിഷയത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും നോബില്ലി നടത്തി.
1656 ജനുവരി 16 ന് എഴുപത്തിയൊമ്പതാം വയസില്‍ മൈലാപ്പൂരില്‍വച്ചായിരുന്നു അന്ത്യം.