അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന് ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.“(ലൂക്കാ 16 : 25)
വേദപാഠത്തിന്റെ ചെറിയ ക്ലാസുകളിൽ തന്നെ ധനവാന്റെയും ലാസറിന്റെയും കഥ കേട്ടുതുടങ്ങിയതാണ്. അന്നുമുതൽ മനസ്സിൽ ആ ചോദ്യമുണ്ട് – ഒരു തിന്മയും ചെയ്യാത്ത ധനവാൻ എന്തുകൊണ്ട് സ്വർഗ്ഗവാതിലിൽ തിരസ്കൃതനായി?
പൂമ്പാറ്റകളെല്ലാം ഒരു സമയത്ത് പുഴുക്കളായിരുന്നു, അഴകോ ആകർഷണീയതയോ ഇല്ലാത്ത ചെറുകീടങ്ങൾ.. പക്ഷെ, ഒരു ആവരണമുണ്ടാക്കി അതിന്റെ ഉള്ളിലേയ്ക്ക് സ്വയം പൂഴ്ത്തിവയ്ക്കുകയാണ് ഓരോ പുഴുവും. കാരണം, പൂമ്പാറ്റയാകാനുള്ള സാധ്യത തന്റെ ഉള്ളിൽ ഉണ്ടെന്ന് പുഴു തിരിച്ചറിയുന്നു..
ധനവാനോടുള്ള സ്വർഗ്ഗത്തിന്റെ ചോദ്യവും മറ്റൊന്നായിരുന്നില്ല; നിന്റെ സാധ്യതകളെ എന്തുകൊണ്ട് നീ ഉപയോഗിച്ചില്ല? നിന്റെ സമ്പത്ത്, നിന്റെ സാധ്യതയായിരുന്നു.. ഭൂമിയിൽ നന്മയുടെ പൂന്തോട്ടം തീർക്കാനുള്ള സാധ്യത. നിന്റെ ഭൗതികത നിനക്ക് ദൈവം തന്ന ഉപായമായിരുന്നു.. ദൈവത്തിന്റെ കരുണയുടെ വിളമ്പുകാരൻ ആകാനുള്ള നിയോഗം.
കിട്ടിയ നാണയം മണ്ണിൽ കുഴിച്ചിട്ടവനോടും സ്വർഗം സങ്കടപ്പെട്ടത് ഇതുതന്നെയല്ലേ ?
വളരാനും വളർത്താനും സ്നേഹിക്കാനും പൊറുക്കാനും സ്വർഗം തന്ന നിൻ്റെ സിദ്ധികളെ മണ്ണിൽ കുഴിച്ചിട്ടെന്ന് …സുഹൃത്തേ, അപ്പനോട് പിണങ്ങിയും അമ്മയെ തോൽപ്പിച്ചും, അധ്യാപകരോട് മറുതലിച്ചും, ജീവിതപങ്കാളിയെ പാഠം പഠിപ്പിച്ചും, സ്വന്തം ബലഹീനതകളെ താലോലിച്ചും ഞാനും നീയും നഷ്ടപ്പെടുത്തിയ എത്രയോ സ്വർണനാണയങ്ങൾ ?!!
ദൈവമേ, ഭൂമിയിൽ നിനക്കായി നന്മയുടെ ഉത്സവം തീർക്കാൻ നീ തന്ന സിദ്ധികളും സാധ്യതകളും വേണ്ടവണ്ണം വിനിയോഗിക്കാത്ത ദുർബലർ ഞങ്ങൾ.. ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ, ആമ്മേൻ.
കൃപ നിറഞ്ഞ ഒരു ദിവസം സ്നേഹപൂർവം..
ഫാ. അജോ രാമച്ചനാട്ട്