സ്നേഹത്തോടു കൂടിയ സ്പര്‍ശനങ്ങള്‍

0


പണ്ടൊരിക്കല്‍ ഒരാള്‍ ദൈവത്തോട് രണ്ട് സമ്മാനങ്ങള്‍ ചോദിച്ചു.ഒരു മനോഹരമായ പുഷ്പവും,ഒരു ചിത്രശലഭത്തെയും, അയാളുടെ ആഗ്രഹം പോലെ ദൈവം രണ്ട് സമ്മാനങ്ങള്‍ കൊടുത്തു. എന്നാല്‍ അയാള്‍ ആഗ്രഹിച്ച പ്രകാരം ഒരു പുഷ്പവും,ചിത്രശലഭവും ആയിരുന്നില്ല ഒരു മുള്‍ചെടിയും അതിന്‍റെ ഒപ്പം ഒരു കറുത്തപുഴുവിനെയുമായിരുന്നു സമ്മാനമായി ലഭിച്ചത്.

ദു;ഖിതനായ അയാള്‍ ദൈവത്തെ ഒരുപാട് പഴിച്ചു.കുപിതനായി സ്വയം മറന്ന് ദൈവത്തോട് കലഹിച്ചു. ദിവസങ്ങള്‍ കടന്നുപോയി.അങ്ങനെയിരിക്കെ ഒരു പ്രഭാതത്തില്‍ അയാള്‍ ആ മുള്‍ചെടിയുടെയും,പുഴുവിന്‍റെയും അടുത്തേക്ക് ചെന്നു.അയാള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അത്രയ്ക്ക് അവിസ്മരണിയമായിരുന്നു ആ കാഴ്ച്ച.ആ മുള്‍ചെടിയില്‍ മനോഹരമായ ഒരു ചുവന്ന പുഷ്പം വിരിഞ്ഞിരിക്കുന്നു.കറുത്ത പുഴു പരിണമിച്ച് മനോഹരമായ ചിത്രശലഭമായിരിക്കുന്നു. അയാളുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.പഴിച്ച നാവുകൊണ്ട് തന്നെ ദൈവത്തിന് അയാള്‍ നന്ദി പറഞ്ഞു. 

കഥയിലെ മനുഷ്യനെ പോലെ ഞാനും പലപ്പോഴും ജീവിതത്തില്‍ പെരുമാറിയിട്ടുണ്ട്.ഞാന്‍ ഇപ്പോഴും ചെറുപ്പത്തിലെ പഠനകാലത്തെ കുറിച്ച് ഓര്‍ക്കുന്നുണ്ട്. മാതാ,പിതാ,ഗുരു,ദൈവം എന്ന് ചൊല്ലിപഠിച്ച ആ കാലം ഓര്‍മ്മയില്‍ തളിരിടുന്നു.എട്ടാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് കണക്കായിരുുന്നു എന്നെ ഏറെ ബുദ്ധിമുട്ടിപ്പിച്ച വിഷയം.ക്ലാസ്സില്‍ കുട്ടികള്‍ കാല്‍കുലേയ്റ്റര്‍ കൊണ്ടുവന്ന് എളുപ്പം കണക്കുകള്‍ ചെയ്യ്തുതീര്‍ക്കുന്നത് കണ്ടപ്പോള്‍ എന്‍റെ മനസ്സിലും ആഗ്രഹം തോന്നി.എത്രയും വേഗം അപ്പനോടും,അമ്മയോടും പറഞ്ഞ് ഒരു കാല്‍കുലേയ്റ്റര്‍ സ്വന്തമാക്കണമെന്ന ആഗ്രഹം മനസ്സില്‍ നാമ്പിട്ടു.

എന്നാല്‍ വീട്ടില്‍ വിവരം ധരിപ്പിച്ചപോള്‍ ഉണ്ടായ പ്രതികരണം ഇങ്ങനെയായിരുന്നു.അമ്മയും അപ്പനും കൂടി ഒരേ പോലെ എന്നോട് പറഞ്ഞു- നീ സ്വന്തം ബുദ്ധിയുപയോഗിച്ച് കണക്ക് പഠിച്ചാല്‍ മതി കാല്‍ക്കുലേറ്ററിന്‍റെ ആവശ്യം നിനക്കില്ല. അമ്മയോട് പിണങ്ങി ഒരു ദിവസം രാത്രയില്‍ ആഹാരം പോലും കഴിച്ചില്ല.എത്രദുഷ്ടരാണ് എന്‍റെ മാതാപിതാക്കളെന്നും,അവരെന്നെ സ്നേഹിക്കുന്നില്ലെന്നു ഒക്കെ മനസ്സില്‍ ചിന്തിച്ചു. എന്നാല്‍ പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് കരസ്ഥമാക്കിയപ്പോഴാണ് അന്ന് അപ്പനും അമ്മയും പറഞ്ഞത് നല്ലതു പോലെ ബോധ്യമായത്.

ഒരുപക്ഷേ അവര്‍ അന്ന് ഞാന്‍ പറഞ്ഞതുപോലെ കാല്‍ക്കുലേയ്റ്റര്‍ വാങ്ങിതന്നിരുന്നുവെങ്കില്‍ ഒരു മരത്തലകൊണ്ട് പത്താം ക്ലാസ്സ് പരീക്ഷയില്‍ കണക്കിന് നല്ല മാര്‍ക്ക് കരസ്ഥമാക്കുവാന്‍ എനിക്ക് കഴിയുമായിരുന്നില്ല.  ഇതുപോലെ മറ്റൊരു സംഭവവും ഉണ്ട്.

അപ്പന്‍ പട്ടാളക്കാരനായതുകൊണ്ട് എനിക്ക് കേന്ദ്രീയ വിദ്യാലയത്തില്‍  പ്രവേശനം ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അപ്പനും, അമ്മയും കൂടി എന്നെ ഒരു സാധാരണ സ്കൂളില്‍ വിട്ട് പഠിപ്പിച്ചു.അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് എന്താണ് എന്‍റെ മാതാപിതാക്കള്‍ മാത്രം ഇങ്ങനെ പെരുമാറുന്നതെന്ന്,എന്തുകൊണ്ട് കേന്ദ്രീയ വിദ്യാലയത്തില്‍ എനിക്ക് നല്ല വിദ്യാഭ്യാസം നല്‍ക്കുന്നില്ല 
എന്നൊക്കെ.എന്നാല്‍ അതിനുള്ള ഉത്തരം കാലക്രമത്തില്‍ ജീവിതത്തില്‍ നിന്ന് തന്നെ എനിക്ക് ലഭിച്ചു.ഒരു പക്ഷേ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ചിരുന്നുവെങ്കില്‍ ബൗദ്ധികമായി ഞാന്‍ വളര്‍ച്ചനേടിയാലും, പച്ചയായ ജീവിതങ്ങള്‍ കാണുവാനോ,നല്ല നല്ല സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടാക്കുവാനോ കഴിയുമായിരുന്നില്ല.

എന്നാല്‍ സാധാരണവിദ്യാലയത്തില്‍ നിന്ന് എനിക്ക് ജീവിതത്തെ പറ്റി വ്യക്തമായ ഒരു ബോധ്യം ആര്‍ജിക്കുവാനും പല ജീവിതങ്ങളെയും തൊട്ടറിയുവാനും കഴിഞ്ഞു.  ചെറുപ്പത്തില്‍ തുലാമാസത്തിലെ ഒരു മഴക്കാലത്ത് പനിപിടിച്ച് കിടപ്പായത് ഓര്‍ക്കുന്നു. എന്‍റെ കിടക്ക അരികില്‍ ഒരുപാട് രാത്രികള്‍ ഉറങ്ങാതെ അമ്മ കാവലിരുന്നു. ഏതോ ഒരു രാത്രിയില്‍ അമ്മയുടെ മടിയില്‍ തലചായ്ച്ച് വെച്ച് ഒരു കഥകേട്ടതോര്‍ക്കുന്നു.

പൊട്ടിയ കമ്പിയുള്ള ഒരു പഴയ വീണയുടെ കഥ.  ജനനിബിഡമായ ഒരു നഗരത്തില്‍ ലേലം വിളി നടക്കുകയായിരുന്നു .വാദ്യഉപകരണങ്ങളും, കരകൗശലവസ്തുക്കളുമാണ് ലേലത്തില്‍ മുന്നിട്ട് നിന്നിരുന്നത്. എല്ലാ വസ്തുക്കളും വേഗം വമ്പിച്ച വിലയ്ക്ക് തന്നെ ലേലം വിളിച്ച് വിറ്റു. എന്നാല്‍ ഒരു പഴയ വീണമാത്രം ആര്‍ക്കും വേണ്ടാതെ അവിടെ അവശേഷിച്ചു. പത്തു രൂപ മാത്രം വിളിച്ച് ലേലം ഉറപ്പിക്കാറായപ്പോള്‍ ആരോ ഒരാള്‍ ആ വീണയുടെ പൊട്ടിയ കമ്പികള്‍ കൂട്ടികെട്ടി,മധുരമായി അതു മീട്ടുവാന്‍ തുടങ്ങി. പെട്ടന്ന് തന്നെ ആളുകള്‍ വീണ്ടും അവിടേക്ക് തടിച്ചുകൂടുവാന്‍ തുടങ്ങി. ആ മനുഷ്യന്‍റെ സ്പര്‍ശനം ആ വീണയില്‍ മനോഹരമായ സംഗീതം ഉണര്‍ത്തിച്ചു. അങ്ങനെ ഉയര്‍ന്ന വിലയ്ക്ക് ആ വീണ വില്‍ക്കുകയും ചെയ്യ്തു.

ആ മനുഷ്യന്‍റെ സ്പര്‍ശനമാണ്  ആ പഴയ വീണയില്‍ മനോഹരമായ സംഗീതം സൃഷ്ട്ടിച്ചത്.  പനിച്ച് വിറങ്ങലിച്ച കിടന്ന  സമയങ്ങളില്‍ അമ്മയുടെ സ്നേഹത്തോടെയുള്ള സ്പര്‍ശനം എന്‍റെ മനസ്സില്‍ ആശ്വാസത്തിന്‍റെ സംഗീതം പ്രധാനം ചെയ്യ്തിരുന്നു. സ്നേഹത്തിന്‍റെ സ്പര്‍ശനങ്ങളായിരുന്നു ഒരോ നാളുകളിലും അപ്പനും അമ്മയും എനിക്ക് സമ്മാനമായി നല്‍കിയത്, അതുകൊണ്ടൊക്കെതന്നെയാണ് അവരുടെ ചില തിരുമാനങ്ങള്‍ എന്നെ അല്പനേരത്തേക്ക് വേദനിപ്പിച്ചിരുന്നെങ്കിലും പീന്നിട് അവയെല്ലാം സന്തോഷത്തിന്‍റെയും, സംതൃപ്തിയുടെയും സംഗീതം എന്‍റെ ജീവിതത്തില്‍ പ്രദാനം ചെയ്യ്തത്, കാരണം അപ്പനും അമ്മയും എന്നെ സ്പര്‍ശിച്ചത് സ്നേഹത്തോടെയായിരുന്നു.

സ്നേഹത്തോടെകൂടിയുള്ള സ്പര്‍ശനങ്ങളാണ് എന്‍റെ ജീവിതത്തില്‍ അവര്‍ നല്‍കിയ ഇന്നും നല്‍കി വരുന്ന ഒരോ സമ്മാനങ്ങളും..  

ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ