സ്വപ്നങ്ങളിലേക്ക് ഒരു യാത്ര

0


അന്ന് ക്ലാസ്സിൽ അദ്ധ്യാപകൻ ഞങ്ങളോട് ചോദിച്ചു… ജീവിതത്തിൽ എന്തായി തീരുവാനാണ് നിങ്ങൾക്ക് ഇഷ്ടം. ?. കളക്ടർ മുതൽ പ്രധാനമന്ത്രി വരെയുള്ള ഉത്തരങ്ങൾ ഞങ്ങളുടെ ഒരോരുത്തരുടെയും നാവിൽ നിന്ന് ഉതിർന്നു . പിന്നെയും അദ്ധ്യാപകൻ ചോദിച്ചു.

എങ്ങനെ നിങ്ങൾ ഇവ ആയി തീരും … ?

ക്ലാസ്സിൽ ഒന്നടങ്കം നിശബ്ദത പടർന്നു. ജീവിതത്തിൽ നാം എന്തായി തീരണം എന്നതു  പോലെ തന്നെ പ്രധാന്യം ആർഹിക്കുന്നതാണ് എങ്ങനെ ആയി തീരണം എന്നുള്ളതും. ഇന്നത്തെ യുവാക്കൾക്ക് സ്വപ്നങ്ങൾ ഒരു പാടാണ്. സാധ്യതകളും അതു  പോലെ തന്നെ .എല്ലാവർക്കും വലിയ വലിയ സ്വപ്നങ്ങളുണ്ട് .എന്നാൽ ആ സ്വപ്നങ്ങളിലേക്കുള്ള യാത്ര ദുർഘടമാണ്.

ഇന്നത്തെ യുവ സമൂഹത്തെ പച്ചിലയുമായി ഉപമിക്കുക ഉചിതമാണ്.  വലിയ വടവൃക്ഷത്തിൽ പച്ചിലകൾ തളിർത്തു വളരും എന്നാൽ കാറ്റും മഴയും വരുമ്പോൾ അവ അഴുകി തഴേക്കു വീഴും .മണ്ണിൽ അലിഞ്ഞില്ലാതായി തീരും. സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ പരാജയങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരുമ്പോൾ തളർന്നു പോവുകയാണ് ഇന്നത്തെ യുവ സമൂഹം.

ഒരിക്കൽ മനോരമയിൽ വന്ന ഒരു വാർത്ത ഇപ്പോഴും ഓർക്കുന്നു. കേരളത്തിൽ  എസ്.എസ്.എൽ സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും അവരുടെ   പിൻ കാല ജീവിതത്തെയും സംബന്ധിച്ച ആ പഠന റിപ്പോർട്ടിൽ ഇപ്രകാരം കണ്ടെത്തകയുണ്ടായി … പത്താം ക്ലാസ്സ് പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളായിരുന്നു സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരിൽ ഭൂരിഭാഗവും. 

ചെറിയ പരാജയങ്ങൾ വരുമ്പോൾ തളരാതെ പരിശ്രമിക്കുവാനുള്ള ഊർജ്ജം വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുക അനുവാര്യം തന്നെ. ഒരു വാൾ മുർഛയുള്ളതായി മാറണമെങ്കിൽ അത് കൊല്ലാൻ ചുട്ടുപൊള്ളുന്ന ആലയിലൂടെ കടന്നു പോകേണ്ടതായിട്ടുണ്ട്. ഒരു കല്ല് മനോഹരമായ ശില്പമായി മാറണമെങ്കിൽ അത് വെട്ട പെടേണ്ടതായിട്ടുണ്ട്. എന്തും പൂർണ്ണത പ്രാപിക്കണമെങ്കിൽ വേദനയിലൂടെയും പ്രതിസന്ധിയിലൂടെയും കടന്നു പോകേണ്ടതായിട്ടുണ്ട്.

പച്ചിലയാവാനല്ല യുവാക്കൾ ശ്രമിക്കേണ്ടത് മറിച്ച് നക്ഷത്രമായി തീരനാവണം. ഒരു നക്ഷത്രം അതിന്റെ ജന്മം മുതൽ ലക്ഷ്യത്തിലേക്ക് ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കും. പ്രപഞ്ചം മുഴുവൻ ഇളകിയാലും കാറ്റും മഴയും ഒക്കെ വന്നാലും ആ നക്ഷത്രം ഭ്രമണ പഥത്തിൽ നിന്ന് താഴേക്ക്  പതിക്കാറില്ല. അതിന്റെ ലക്ഷ്യത്തിലേക്കു മാത്രം അത് സഞ്ചരിച്ചു കൊണ്ടെയിരിക്കും.

വേദനകളും പ്രതിസന്ധികളും ജീവിതത്തിൽ നേരിടേണ്ടി വരുമ്പോൾ ഒരു നക്ഷത്രത്തെ പോലെ ആകുവാൻ നമ്മുക്ക് ശ്രമിക്കാം .. അങ്ങനെയായി തീരനായിരിക്കാം പൂർവികർ നമ്മുടെ കാതുകളിൽ ഇപ്രകാരം മന്ത്രിച്ചത്.  ‘തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ‘

ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ