എന്റെ പ്രാര്‍ത്ഥന അവിടുന്ന് ശ്രവിച്ചു.( പ്രഭാ 51: 12)
പ്രാര്‍ത്ഥിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ ഈ ലോകത്തില്‍? എന്തെല്ലാം കാര്യങ്ങള്‍ക്കായി ദിവസവും പ്രാര്‍ത്ഥിക്കുന്നവരാണ് നാം ഓരോരുത്തരും. കൊച്ചുകുട്ടികള്‍ പരീക്ഷയില്‍ നല്ല മാര്‍ക്ക് കിട്ടാന്‍ പ്രാര്ത്ഥിക്കുന്നതു മുതല്‍ പ്രായമായവര്‍ അവരുടെ ജീവിതാവസ്ഥയും ആവശ്യങ്ങളും മുന്‍നിര്‍ത്തി പ്രാര്‍ത്ഥിക്കുന്നതുവരെ എത്രയോ പ്രാര്‍ത്ഥനകള്‍.
എന്നാല്‍ ഇത്തരത്തില്‍ ഉയര്‍ത്തുന്ന പ്രാര്‍ത്ഥനകള്‍ ദൈവം ശ്രവിക്കുമെന്നോ ശ്രവിച്ചുവെന്നോ ഹൃദയത്തില്‍ ഉറപ്പുള്ളവര്‍ എത്രപേരുണ്ടാവും? അവിടെയാണ് പ്രഭാഷകന്റെ ഈ വാക്കുകള്‍ നമ്മുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിയുന്നത്. എന്റെ പ്രാര്‍ത്ഥന അവിടുന്ന് ശ്രവിച്ചു. എന്തൊരു ഉറപ്പാണ് ആ വാക്കുകള്‍ക്ക്.
ദൈവമേ എന്റെ പ്രാര്‍ത്ഥനകള്‍ നീ ശ്രവിക്കുന്നുവെന്ന് മനസ്സിലാക്കത്തക്കവിധത്തില്‍ എന്റെ പ്രാര്‍ത്ഥനകളുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും നീ വിശുദ്ധീകരിക്കണമേയെന്ന് ഈ പ്രഭാതത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്റെ ഹിതത്തോട് ചേര്‍ന്നുനിന്ന് പ്രാര്‍ത്ഥിക്കാന്‍ എന്നെ നീ പഠിപ്പിക്കണമേ. നമുക്ക് നമ്മുടെ പ്രാര്‍ത്ഥനകളുടെ ആഴവും പരപ്പും പരിശോധിക്കാം.
ഞാന്‍ എന്തിന് വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. എന്തു ലക്ഷ്യമാണ് ഈ പ്രാര്‍ത്ഥനയ്ക്ക് പിന്നിലുള്ളത്? ദൈവം ശ്രവിക്കുന്ന പ്രാര്‍ത്ഥനകളിലേക്ക് നമ്മുടെ പ്രാര്ത്ഥനാരീതികളെ പുതുക്കിപ്പണിയാന്‍ നമുക്ക് ഈ പ്രഭാതത്തില്‍ ശ്രമിക്കാം. നമ്മുടെ പ്രാര്‍ത്ഥനകള്‍ അവിടുന്ന് ശ്രവിച്ചു എന്ന വിശ്വാസത്തിലേക്ക് നമുക്ക് വളരുകയും ചെയ്യാം
എല്ലാ നല്ല പ്രാര്‍ത്ഥനകള്‍ക്കും ദൈവം ഉത്തരം നല്‍കുമെന്ന വാഗ്ദാനത്തോടെ
പരസ്പരം പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിച്ചുകൊണ്ട്
വിഎന്‍.