വളരുന്ന കുട്ടികളെക്കുറിച്ച് നിങ്ങള്‍ ധാരാളം കേട്ടിട്ടുണ്ടാകും. എന്നാല്‍ വളര്‍ത്തുന്ന കുട്ടികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയുമുണ്ട് കുട്ടികള്‍; അങ്ങനെയാകണം കുട്ടികള്‍.
മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തും. എന്നാല്‍ കുട്ടികള്‍ ആരെ വളര്‍ത്തും എന്നൊരു സംശയം തോന്നിയേക്കാം. ഏതൊരാളെയും വളര്‍ത്താന്‍ കുട്ടികള്‍ മനസുവച്ചാല്‍ സാധിക്കും. കുട്ടികളുമായി നിരന്തരം ഇടപെടുന്ന മാതാപിതാക്കളാണ് ഒന്നാമത്തെ കൂട്ടര്. നല്ല ഭക്ഷണമുണ്ടാക്കിത്തരികയും ജീവിക്കാന്‍ ആവശ്യമുള്ളതൊക്കെ നല്‍കുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്ക് സ്നേഹവും നന്ദിയും നല്കാന് മക്കള്‍ക്ക് കഴിയും. അതവരെ വളര്‍ത്താന്‍ ശക്തിയുള്ളതാണ്.
പാചകം നന്നായാല്‍ അമ്മയ്ക്ക് ഒരു അഭിനന്ദനവാക്ക് നല്‍കാമോ? കുടുംബത്തിന് ഉപകരിക്കുന്ന നല്ല തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന അച്ഛന് ഒരു ലൈക്ക് നല്‍കാമോ? മാനസികമായും വൈകാരികമായും അതവര്‍ക്ക് വലിയ പോഷണം നല്‍കും.
നിങ്ങളുടെ ജന്മദിനം ഓര്‍ത്തുവച്ച് ആഘോഷിക്കാന്‍ മാതാപിതാക്കള്‍ ഉത്സാഹിക്കാറില്ലേ? അവരുടെ ജന്മദിനമോ വിവാഹവാര്‍ഷികദിനമോ ഓര്‍ത്തുവയ്ക്കാനും ആശംസ നേരാനും ഒരു പൂവെങ്കിലും സമ്മാനിക്കാനും ശ്രദ്ധിക്കുമോ? അതൊന്നും വേണ്ടെന്ന് അവര്‍ പറഞ്ഞാല്‍പ്പോലും അതവരെ ഒത്തിരി സന്തോഷിപ്പിക്കുമെന്നതാണ് സത്യം.
അധ്യാപകരാണ് കുട്ടികളെ പരിഗണിക്കേണ്ടതും പ്രചോദിപ്പിക്കേണ്ടതും. എന്നാല്‍ നന്നായി ക്ലാസെടുത്തതിനും നല്ല ആക്ടിവിടികള്‍ ചെയ്യിച്ചതിനും അധ്യാപകരെ അഭിനന്ദിക്കാന്‍ പറ്റുമോ? ഒത്തിരി സമ്മാനങ്ങള്‍ തരുന്ന അവര്‍ക്കായി വല്ലപ്പോഴും ഒരു കുഞ്ഞുസമ്മാനമെങ്കിലും നല്കാന് കഴിയുമോ?
ഓര്‍ക്കുക: വളരുന്ന നിങ്ങള്‍ക്ക് വളര്ത്തുന്നവരുമാകാം.
ഷാജി മാലിപ്പാറ