വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും! (മത്താ 17 : 17)
ഒരു സൂഫി കഥ ഓർമ്മവരുന്നു.
ഒരു യുവാവ് ഒരു ഗുരുവിനെക്കുറിച്ച് കേട്ട് അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ശ്രവിക്കാനായിപോകുന്നു. അദ്ദേഹം രാവിലെ മുതൽ വൈകുന്നേരം വരെ ഗുരുവിന്റെ മനോഹരമായ, ജ്ഞാനം നിറഞ്ഞ വാക്കുകൾ ശ്രവിക്കുകയാണ്. ഒത്തിരി ആളുകൾ വന്നുപോകുന്നുണ്ട്. ഗുരുവിന് കാണാൻ സാധിക്കുന്ന അകലത്തിലാണ് യുവാവ് ഇരിക്കുന്നതെങ്കിലും ഗുരു അവനെ ശ്രദ്ധിക്കുന്നില്ല.
എങ്കിലും അവൻ തന്റെ വരവ് തുടർന്നു. മൂന്നു വർഷം കഴിഞ്ഞപ്പോൾ ഒരു ദിവസം ഗുരു അവനെ ഒന്ന് നോക്കി. പിന്നെയും മൂന്നു വർഷങ്ങൾ കടന്നുപോയി. വേറൊരുദിവസം ആ യുവാവിനെ നോക്കി ഗുരു പുഞ്ചിരിച്ചു. പിന്നെയും മൂന്നു വർഷങ്ങൾ കൂടി കടന്നുപോയി. ഗുരു ഒരു ദിവസം യുവാവിനെ അടുത്തവിളിച്ചു, മൂർദ്ധാവിൽ ചുംബിച്ചു അനുഗ്രഹിച്ചിട്ടു പറഞ്ഞു. “ഇനി നീപോയി, കേട്ടതുമുഴുവൻ പ്രസംഗിക്കുക”. അദ്ദേഹം അവനെ ശിഷ്യനായി സ്വീകരിച്ചു.
തന്റെ അരികിലേക്ക് അപസ്മാരരോഗിയെയും കൊണ്ടുവരുന്ന പിതാവ്, യേശുവിനോട് ഉണർത്ഥിക്കുന്ന പരാതി ശിഷ്യന്മാർക്ക് അദ്ദേഹത്തിന്റെ മകനെ സുഖപ്പെടുത്താനായില്ല എന്നാണ്. യേശു നീരസത്തോടെ ശിഷ്യരോട് ചോദിക്കുന്നു: “വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും?”
ഇതുപോലെ ക്രിസ്തുവിനെ പച്ചയായി വരച്ചുവയ്ക്കുന്ന സുവിശേഷഭാഗങ്ങളുണ്ട്. എന്നെപ്പോലെ അവനും അടിമുടി വികാരങ്ങളുള്ളവൻ ആണെന്ന അറിവ് എനിക്കൊരു ആശ്വാസമാണ്. ഉണ്ടും ഉറങ്ങിയും കൂടെനടന്ന, അവൻ പകുത്തുനല്‍കിയ അപ്പം ഭക്ഷിച്ച, അവൻ ചെയ്ത അത്ഭുതമെല്ലാം കണ്ട ശ്ലീഹന്മാരെക്കുറിച്ച് അവന് നിസ്സഹായതയും, നീരസവും തോന്നിയെങ്കിൽ എനിക്ക് സമാധാനിക്കാൻ അവകാശമുണ്ട്. എന്റെ വിശ്വാസക്കുറവും, ചപലതകളും, പോരായ്മകളും അവനിൽ വിമ്മിഷ്ടം ഉണ്ടാക്കുന്നുണ്ടാകാം.
പക്ഷേ, യേശുവിൽ അതേ വികാരം ഉണർത്തിയ ശ്ലീഹന്മാരാണ് അവന്റെ സന്ദേശം ലോകം മുഴുവൻ നിർഭയം സാക്ഷിച്ചത്. എനിക്ക് ഇനിയും സാധ്യതയുണ്ട് – അവന്റെ ശിക്ഷ്യനാകുവാൻ.
ഗുരുവിനുകൂടെ നടന്ന ശിഷ്യരിൽ നിന്ന് അത്ഭുതം പ്രതീക്ഷിച്ച മനുഷ്യൻ എന്നെ ഓർമ്മപ്പെടുത്തുന്ന ഒന്നുണ്ട്. നീ ക്രിസ്തുവിന്റെ ശിഷ്യനെങ്കിൽ അവൻ ചെയ്തതെല്ലാംചെയ്യാൻ കെല്പുള്ളവനാകാണാം. ഇന്നുവരെ ക്രിസ്തുശിഷ്യൻ ആണെന്ന് കരുതി എന്നെ സമീപിച്ചവർക്ക് അത്ഭുതം പോയിട്ട് ആശ്വാസം പോലും നല്കാനായില്ലല്ലോ എന്റെ തമ്പുരാനേ..
ശുഭരാത്രി
Fr Sijo Kannampuzha OM