ഒന്നോ അതോ തൊണ്ണൂറ്റി ഒന്‍പതോ?

0


ഒരാള്‍ക്ക്‌ നൂറ്‌ ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന്‌ വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്‌, അവന്‍ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ? (മത്താ 18 : 12)

ജറുസലേം ദേവാലയത്തിന്റെ പടിക്കെട്ടുകളിൽ ഒരു ബാലൻ കരഞ്ഞുതളർന്നിരിപ്പുണ്ട്. ബലിയർപ്പിക്കാൻ വന്ന മാതാപിതാക്കൾ തിരികെ കൊണ്ടുപോകാൻ മറന്നുപോയ ഒരുകുഞ്ഞ്. പലരും അവനെ ഭക്ഷിക്കാനും വിശ്രമിക്കാനുമൊക്കെ നിർബന്ധിച്ചെങ്കിലും അവന്റെ ഉള്ളം നിറയെ, അമ്മയെയും അപ്പനെയും കുറിച്ചുള്ള ഓർമ്മകളാണ്. തന്റെ അകലെയുള്ള ഗ്രാമത്തിലെ വീട്ടിലേക്ക് തിരിച്ചെത്താൻ അവന് കൊതിയായിതുടങ്ങി. ചുറ്റുമുള്ള വയോധികാരോടും ഗുരുക്കന്മാരോടും അവന് ഇഷ്ടം തോന്നിയെങ്കിലും, അവരുടെ ചോദ്യങ്ങൾക്കും മറുചോദ്യങ്ങൾക്കും ഉത്തരം നൽകിയെങ്കിലും വീടിന്റെ നഷ്ടപ്പെട്ട ഗന്ധം അവൻ തീവ്രമായി ആഗ്രഹിച്ചുകൊണ്ടിരുന്നു.

മൂന്നാം ദിവസം ദേവാലയത്തിൽ ചുറ്റുമുള്ളവരോട് സംസാരിച്ചിരിക്കുമ്പോൾ അതാ അകലെയായി അമ്മയും അപ്പനും അന്വേഷിച്ചുവരുന്നു. അവൻ പടിക്കെട്ടുകൾ ഇറങ്ങിയോടി, അകലെനിന്നു മകനെ കണ്ട അമ്മ, അവനെ മാറോട് ചേർത്തു. ഇനി ഒരിക്കലും കൂട്ടംതെറ്റില്ലെന്നു അവൻ ഉറപ്പിച്ചു.

നൂറാടുകളിൽ തൊണ്ണൂറ്റിഒമ്പതിനെയും മലയിൽ മേയാൻ വിട്ട്, കാണാതായതിനെ തേടിപ്പോകുന്ന ഇടയാനാകാതിരിക്കാൻ അവനെങ്ങനെ കഴിയും? കൂട്ടംതെറ്റിപ്പോകുന്നതിന്റെ നൊമ്പരമറിഞ്ഞവന്, ഇനി കൂട്ടംതെറ്റിയതിനെ ചേർത്തുപിടിക്കാതെ ആശ്വാസം കിട്ടുമോ? ലോകത്തിന്റെ കണ്ണിൽ തൊണ്ണൂറ്റിഒമ്പതിനെ വിട്ട് ഒന്നിന് പിറകെ പോകുന്നവൻ ഒരു തോൽവിയാണ്. പക്ഷേ, എന്റെ തോൽവിയേക്കാളും വലുതാണ് ആ നഷ്ടപ്പെട്ടതെങ്കിൽ എനിക്ക് തോൽക്കാതിരിക്കാനാവുമോ?

ഇന്നുവരെ നാം കൂട്ടംതെറ്റിയതിനെ ഉപേക്ഷിച്ച് തൊണ്ണൂറ്റിഒമ്പതിന്റെ കൂടെ പോയവരാണ്. പുകഞ്ഞകൊള്ളി പുറത്ത് എന്നാണല്ലോ നമ്മുടെ പ്രമാണം. എല്ലാ പ്രമാണങ്ങളെയും തെറ്റിക്കുന്ന യുക്തിയാണ് യേശുവിന്റേത്. നീ അവന്റെ അനുയായിയാണ്‌. പക്ഷെ കൂട്ടം തെറ്റിപ്പോയതിനെ തിരക്കിപോകാനുള്ള ഹൃദയവിശാലതയുണ്ടോ?

ഇറങ്ങിപ്പോയവർ തനിയെ തിരിച്ചുവരട്ടെ എന്ന് എല്ലാവരും തീരുമാനിച്ചിരുന്നെങ്കിൽ ഇന്ന് നമ്മുടെ സൗഹൃദത്തിൽ പലരും ഉണ്ടാകുമായിരുന്നില്ല. കൂട്ടംതെറ്റിയതിനെ അന്വേഷിക്കാനും കണ്ടെത്താനും ചേർത്തുപിടിക്കാനും പലരും കൂടുതൽ ആർദ്രത കാണിച്ചതുകൊണ്ടാണ് നമുക്ക് പല സ്നേഹങ്ങളും ഇനിയും നഷ്ടപ്പെടാതെ പോയത്.
മനസ്സിൽ എപ്പോഴും കണക്കുകളാണ് കാര്യം തീരുമാനിക്കുന്നതെങ്കിൽ 99 എന്ന സംഖ്യ നമ്മെ തോല്പിക്കും. സ്നേഹത്തിനും കരുണക്കും ഇനിയും മങ്ങലേറ്റിട്ടില്ലായെങ്കിൽ കൂട്ടംതെറ്റിയതിനെ അന്ന്വേഷിച്ചിറങ്ങാൻ നമുക്ക് മടിയുണ്ടാവുകയില്ല. ഒന്ന് ചോദിച്ചോട്ടെ – നിനക്ക് ഏതാണ് വലുത്, കൂടെയുള്ള തൊണ്ണൂറ്റിഒമ്പതോ അതോ ഇനിയും ആലയിൽ തിരികെയെത്താത്ത ആ ഒരെണ്ണമോ? ആ കൂട്ടം തെറ്റിയതിന്റെ കരച്ചിൽ കേൾക്കുന്നില്ലേ?

ശുഭരാത്രി

Fr Sijo Kannampuzha OM