തുടച്ചുമാറ്റാനാവാത്ത ഒരു കണ്ണീര്‍ത്തുള്ളിയുടെ ഓര്‍മ്മയ്ക്ക്..

0

ഒരാള്‍ക്ക് വഹിക്കാവുന്ന കുരിശിന്റെ ഭാരം എത്രയായിരിക്കും? അത് ഓരോരുത്തര്‍ക്കും ലഭിക്കുന്ന ഭാരം അനുസരിച്ചായിരിക്കും. എങ്കിലും ഒന്നുറപ്പുണ്ട്. ചുമക്കാന്‍ സന്നദ്ധതയുള്ളവരുണ്ടോയെന്ന് ദൈവം ആദ്യം നോക്കും. പിന്നെ അവര്‍ക്ക് വഹിക്കാവുന്നതിന് അനുസരിച്ച് അവരുടെ ചുമലിലേക്ക് ദൈവം ഓരോ കുരിശുകള്‍ വച്ചുകൊടുക്കും.

നാട്ടുഭാഷയില്‍ നമ്മള്‍ പറയുന്നതുപോലെ നിഷേധാത്മക അര്‍ത്ഥത്തിലല്ല കുരിശ് എന്ന വാക്ക് എടുക്കേണ്ടത്. അത് ദൈവം മനസായി നമുക്ക് തരുന്ന അനുഗ്രഹമാണ്. അല്ലെങ്കില്‍ ക്രിസ്തുവിന്റെ കുരിശുയാത്ര തന്നെ നോക്കൂ. അവിടുത്തെ ഭാരം ചുമക്കാന്‍ ഒരേ ഒരാള്‍ക്ക് മാത്രമേ അവസരം ലഭിച്ചുള്ളൂ. ആ ശിമയോന്.. യേശു അത്രമേല്‍ സ്‌നേഹിച്ച ശിഷ്യന് പോലും നല്കാതിരുന്ന ഒരു ആനുകൂല്യം നല് കിയത് അയാള്‍ക്ക് മാത്രം. അതുകൊണ്ടെന്താ  രണ്ടായിരത്തിപതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും ക്രിസ്തുവിന്റെ ക്രൂശുയാത്രയെക്കുറിച്ച് പറയുമ്പോള്‍ അയാളെയും പരാമര്‍ശിക്കാതിരിക്കാന്‍ വയ്യ നമുക്ക്. ഇതാണ് കുരിശു ചുമക്കുന്നവര്‍ക്ക് ലഭിക്കുന്ന ഭാഗ്യം.
ക്രിസ്തുവിനോടു കൂടി കുരിശു ചുമക്കാന്‍ ഭാഗ്യം ലഭിക്കുന്നവര്‍ ഇങ്ങനെയാണ് അനുഗ്രഹിക്കപ്പെടുന്നത്. നവജീവനിലെ പിയു തോമസ്  കാലങ്ങള്‍ക്കിപ്പുറം നിന്ന് അനുഗ്രഹത്തിന്റെ വഴിയിലൂടെ മുന്നോട്ട് പോകുമ്പോള്‍ അതിന് പിന്നില്‍ അദ്ദേഹം വഹിച്ച കുരിശുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. സുവിശേഷപ്രഘോഷണ മേഖലയിലോ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ കുടുംബജീവിതത്തിലോ വ്യക്തിജീവിതത്തിലോ ദുരന്തങ്ങളോ ആകസ്മികമായ അപകടങ്ങളോ മാറാരോഗങ്ങളോ സംഭവിക്കുമ്പോള്‍ അവരോട് പൊതു സമൂഹം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.

നിങ്ങള്‍ക്കിതെന്തുകൊണ്ട് സംഭവിച്ചു? നിങ്ങള്‍ എല്ലാവര്‍ക്കും നന്മ ചെയ്യുന്നു. അല്ലെങ്കില്‍ എല്ലാവരോടും ദൈവത്തെക്കുറിച്ച് പ്രസംഗിക്കന്നു. അങ്ങനെയുള്ള നിനക്ക് ഇത് എന്തുകൊണ്ട് സംഭവിച്ചു?

ആ ചോദ്യം കേട്ടിട്ടുള്ളവരെല്ലാം  ഒരു നിമിഷം നിശ്ശബ്ദമായിട്ടുണ്ടാവണം. അവരുടെ നിശ്ശബ്ദതയെ അവരുടെ കഴിവുകേടാണെന്ന് വിധിയെഴുതി ചോദ്യം ചെയ്ത ആള്‍ പിന്നീട് ഇങ്ങനെയൊരു പ്രസ്താവന നടത്തും.

അപ്പോള്‍ ഇത് ദൈവകോപം തന്നെയാണ്.
തോമസുചേട്ടന്റെ ജീവിതത്തിലും ഈ ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അനേകരുടെ വിശപ്പ് മാറ്റുന്ന, രോഗികളെ ശുശ്രൂഷിക്കുന്ന, മാനസികരോഗികള്‍ക്ക് അഭയം നല്കുന്ന തോമസുചേട്ടന്റെ ജീവിതത്തില്‍ ഇതെന്തുകൊണ്ട് സംഭവിച്ചു? എന്താണ് സംഭവിച്ചത് എന്നല്ലേ നാലു പെണ്‍മക്കള്‍ക്ക് ശേഷം ജനിച്ച ഏക ആണ്‍തരി  പിറന്നുവീണത്  മാറാരോഗിയായിട്ടായിരുന്നു. എണീറ്റ് നില്ക്കാനോ പരസഹായം കൂടാതെ സ്വന്തം കാര്യം പോലും ചെയ്യാന്‍ കഴിയാത്തവിധത്തില്‍ ദുര്‍ബലനായിട്ടായിരുന്നു.

കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായി മാറേണ്ട കുട്ടിയെക്കുറിച്ച് ഒരു സ്വപ്നം പോലും കാണാന്‍ കഴിയാത്തവിധം ആ കുടുംബം ഒറ്റപ്പെട്ടുപോയ വലിയ നിലവിളിയോടെ ആകാശങ്ങളിലേക്ക് കൃപ നോക്കിനിന്ന ദിവസങ്ങള്‍..മാസങ്ങള്‍..വര്‍ഷങ്ങള്‍… ഒരു നിര്‍ദ്ധനന്റെ വീട്ടില്‍ ഒരു മാറാരോഗിയുണ്ടാകുമ്പോള്‍ ആ ദുരിതം കുടുംബത്തെ ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്ന് അതിന്റെ തീവ്രതയില്‍ സമാനമായ അനുഭവത്തിലൂടെ കടന്നുപോയ ഒരാള്‍ക്ക് മാത്രമേ മനസ്സിലാക്കാനാവൂ. മെഡിക്കല്‍ കോളജ് ജീവനക്കാരനാണെങ്കിലും ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ ജോലി ചെയ്യുന്ന സ്വന്തമായി വീടുപോലുമില്ലാത്ത, നാലുപെണ്‍മക്കളും ഭാര്യയും വൃദ്ധയായ അമ്മയും അടങ്ങുന്ന  വലിയൊരു കുടുംബത്തെയും ഒപ്പം അതുപോലെ തന്നെ നിര്‍ദ്ധനരെയും നിസ്സഹായരെയും പരിപാലിക്കേണ്ട വലിയ ഉത്തരവാദിത്തം സ്വയമേ ഏറ്റെടുത്ത തോമസിന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ടുപോയ ദിനങ്ങളായിരുന്നു മകന്‍ ജനിച്ചതിനെ തുടര്‍ന്നുണ്ടായ എട്ടുവര്‍ഷങ്ങള്‍.
സഹപാഠികള്‍ക്കും കൂട്ടുകാര്‍ക്കും ഒക്കെ അനിയന്മാരുണ്ടായിക്കണ്ടപ്പോള്‍ സോണിയായും സോബിയും സോജിയും സോമിനിയും ഒരുപോലെ പ്രാര്‍ത്ഥിച്ചിരുന്നു തങ്ങള്‍ക്കൊരു കുഞ്ഞനിയന്‍ ഉണ്ടാവണമേയെന്ന്. സ്വര്‍ഗ്ഗത്തോളം എത്തിയ നിഷ്‌ക്കളങ്കമായ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമെന്നോണമായിരുന്നു ദൈവം തന്റെ  മാനസപുത്രന്മാരിലൊരാളായ സോബിനെ തോമസിന്റെയും സിസിലിയുടെയും അഞ്ചാമത്തെ സന്താനമായി ഭൂമിയിലേക്ക് അയച്ചത്. അമ്മയുടെ വീര്‍ത്തുവരുന്ന ഉദരത്തില്‍ ആ പെണ്‍മക്കള്‍ തങ്ങളുടെ കുഞ്ഞനിയനെ സ്വപ്നം കണ്ടു. അവനെ താരാട്ടുപാടിയുറക്കുന്നത്..  അമ്പിളിമാമനെ കാട്ടി അമ്മാമ്മം ഊട്ടുന്നത്..കൈപിടിച്ച് നടത്തിക്കുന്നത്.. അവനെ പള്ളിയിലേക്കും പള്ളിക്കൂടത്തിലേക്കും കൊണ്ടുപോകുന്നത്.

സ്വപ്നം കാണുമ്പോള്‍ അതെല്ലാം വെറും സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് അവരാരും കരുതിയതേയില്ല.  അന്ന മെഡിക്കല്‍ കോളജ് വക ഇടുങ്ങിയ ഒരു  ക്വാര്‍ട്ടേഴ്‌സിലായിരുന്നു തോമസിന്റെ കുടുംബം കഴിഞ്ഞിരുന്നത്. മക്കള്‍ സകുളിലേക്കും തോമസ് പതിവുപോലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമായി  പോയിക്കഴിഞ്ഞപ്പോള്‍ നിറഗര്‍ഭിണിയായ സിസിലി മാത്രമായി വീട്ടില്‍.

വര്‍ഷങ്ങള്‍ക്കിപ്പുറത്തു നിന്ന്  ആര്‍പ്പൂക്കരയിലെ നവജീവന്‍ എന്ന് പേരിട്ട  കോണ്‍ക്രീറ്റ് വീട്ടില്‍ ഒരു വൈകുന്നേരം സിസിലിചേച്ചി അതിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവച്ചത് ഇങ്ങനെയായിരുന്നു.
ഫ്‌ളൂയിഡ് പോകുന്നത് ഞാനറിയുന്നുണ്ടായിരുന്നില്ല. അതെന്തുകൊണ്ട് എന്ന്  ഞാന്‍ പലവട്ടം ആലോചിച്ചു. ഇക്കാലത്തിനിടയില്‍ പലപ്പോഴും. നാലു പ്രസവിച്ചിട്ടും ഇതൊന്നും ഞാന്‍ എന്തുകൊണ്ട് മനസ്സിലാക്കിയില്ല എന്ന്. ഒരുപക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കാനായി ദൈവം അത്തരം കാര്യങ്ങള്‍ എന്നില്‍നിന്ന് മറച്ചുവച്ചതാകാം. ഞാന്‍ ഇപ്പോള്‍ അങ്ങനെയാണ്  വിശ്വസിക്കുന്നത്.
സിസിലിയുടെ മുഖത്തെ ഭാവമാറ്റവും ക്ഷീണവും അടുത്തവീട്ടിലെ സ്ത്രീയാണ് ആദ്യം മനസ്സിലാക്കിയത്. അവര്‍ തന്നെയാണ് വേഗം മെഡിക്കല്‍ കോളജില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതും. അവിടെ ചെന്നപ്പോള്‍ ഡോക്ടര്‍ ഒട്ടും സൗഹാര്‍ദ്ദപരമായിട്ടായിരുന്നില്ല  സിസിലിയെ സമീപിച്ചത്.
നിന്റെ കൊച്ചെന്ത്യേടീ എന്നായിരുന്നു വയര്‍ ഞെക്കിക്കൊണ്ട് ഡോക്ടര്‍ ആദ്യം ചോദിച്ചത്.
എന്റെ കൊച്ച് എന്റെ വയറ്റില്‍..ഞാന്‍ പ്രസവിച്ചിട്ടില്ലല്ലോ എന്നായിരുന്നു സിസിലിയുടെ നിഷ്‌ക്കളങ്കമായ മറുപടി.

ഫ്‌ളൂയിഡ് മുഴുവന്‍ പോയി  വയര്‍ ഭയങ്കര  ദൃഢമായിക്കഴിഞ്ഞിരുന്നു അപ്പോള്‍. കുഞ്ഞ് ജീവനുവേണ്ടിയുള്ള പോരാട്ടം നടത്തി തളര്‍ന്നുതുടങ്ങിയെന്ന് സിസിലി അറിഞ്ഞതുമില്ല. തോമസ് ചേട്ടന്‍ അന്നേരം ശുശ്രൂഷയുമായി ബന്ധപ്പെട്ട് പുറത്തെവിടെയോ ആയിരുന്നു.
മെഡിക്കല്‍ കോളജിലെ ഒരു സ്റ്റാഫിന്റെ ഭാര്യ  എന്ന നിലയിലോ ജീവകാരുണ്യപ്രവര്‍ത്തന നിരതനായ പിയുതോമസിന്റെ ഭാര്യ എന്ന നിലയിലോ വേണ്ട, ഒരു നിറഗര്‍ഭിണിക്ക് അര്‍ഹിക്കുന്ന  മാനുഷിക പരിഗണന പോലും അവിടെ സിസിലിക്ക് കിട്ടിയില്ല എന്നതാണ് ഇവിടെ ചിന്തിക്കേണ്ടത്. ഏറെ നേരം കഴിഞ്ഞാണ് തോമസിന്റെ ഭാര്യയാണ് വന്നിരിക്കുന്നത് എന്ന് അവിടെ മറ്റുള്ളവര്‍ക്ക് മനസ്സിലായത്. തോമസിന്റെ ഭാര്യ എന്ന രീതിയില്‍ പ്രത്യേക പരിഗണന സിസിലി ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തതുമില്ല. പിന്നീട് കാര്യങ്ങള്‍ വേഗം നടന്നു. അപ്പോഴേയ്ക്കും സിസിലി അവശയായിക്കഴിഞ്ഞിരുന്നു.

വിവരം അറിഞ്ഞ് ഓടിക്കിതച്ചെത്തിയ തോമസ് ചേട്ടന്റെ കൈകളിലേക്ക് ഡോക്ടര്‍ വച്ചുകൊടുത്തത പിടലിഞരമ്പിന് ക്ഷതം സംഭവിച്ച, ഒരിക്കലും എണീറ്റുനടക്കാന്‍ കഴിയില്ലെന്ന് തീര്‍ച്ചയുള്ള സോബിനെയായിരുന്നു. 1990 ഫെബ്രുവരി 18 ആയിരുന്നു ആ ദിനം. തോമസ് ചേട്ടന്റെ കരങ്ങളിലിരുന്ന് കുഞ്ഞ് വാവിട്ടുനിലവിളിച്ചു. ആകരച്ചില്‍ മാസങ്ങളോളം നീണ്ടുനില്ക്കുന്ന വിരാമമില്ലാത്ത കരച്ചിലിന്റെ ആരംഭമാണെന്ന് തോമസ് ചേട്ടനോ മറ്റുള്ളവരോ മനസ്സിലാക്കിയതുമില്ല. പക്ഷേ സത്യം അതായിരുന്നു. രാവെന്നും പകലും ഭേദമില്ലാതെ സോബിന്‍ കരഞ്ഞുകൊണ്ടേയിരുന്നു.  അവന്റെ കരച്ചില്‍ എന്തുകൊണ്ടാണെന്നോ എങ്ങനെയാണെന്നോ ആര്‍ക്കും മനസ്സിലായതുമില്ല.
പ്രസവം കഴിഞ്ഞ്  വീടുകളിലേക്ക് അമ്മയും കുഞ്ഞും മടങ്ങുക എന്ന സാധാരണപതിവിന് വിപരീതമായി കരച്ചിലിന്റെ കാരണവും പരിഹാരവും അന്വേഷിച്ച് മെഡിക്കല്‍ കോളജില്‍ നിന്ന് നേരെ കുട്ടികളുടെ ആശുപത്രിയിലേക്കാണ് സിസിലിയും സോബിനും പോയത്.. അവിടെ ഒരു മാസത്തിലേറെ കഴിഞ്ഞു.രാവും പകലും നിര്‍ത്താതെ കരയുന്ന കുഞ്ഞിനെ കൈകളിലെടുത്ത്  തോമസ് ചേട്ടന്‍ അന്ന് ദൈവത്തോട് കുറെ പരാതി പറഞ്ഞു, സങ്കടപ്പെട്ടു..എന്റെ കര്‍ത്താവേ ഇതിനു മാത്രം ഞാനെന്നാ പാപമാ നിന്നോട് ചെയ്‌തെ? ഒരു മനുഷ്യന് പോലും ഞാന്‍  ദ്രോഹം ചെയ്തിട്ടില്ല..കഴിയുന്ന വിധത്തിലെല്ലാം സഹായിച്ചിട്ടേയുള്ളൂ..എന്നിട്ടും നീയെന്നാത്തിനാണ് എനിക്ക് ഇങ്ങനെയൊരു കുഞ്ഞിനെ തന്നത്..

അപ്പോള്‍ ഉള്ളില്‍ നിന്ന് ഇങ്ങനെയൊരു സ്വരം തോമസ് കേട്ടു
ഇങ്ങനെയൊരു കുഞ്ഞിനെ ഈ ലോകത്തിലേക്ക് അയ്ക്കുന്നതിന് മുമ്പ് ഇവനെ ആരെ ഏല്പിക്കണമെന്ന് ഞാന്‍ ഭൂമിയിലേക്ക് നോക്കി. അപ്പോള്‍ ഞാന്‍ കണ്ടത് നിന്നെയാണ്. തോമസേ, നിനക്ക് വഹിക്കാന്‍ കഴിയുന്നതേ  ഞാന്‍ നിന്റെ ചുമലിലേക്ക് തരൂ..  ആ സ്വരത്തിന് മുമ്പില്‍ പിന്നെ തോമസ് പതറിയില്ല.

ജീവിതം മുഴുവന്‍ ദൈവഹിതത്തിന് സമര്‍പ്പിച്ച എന്നത്തെയും ഉദാത്തമാതൃകയായ പരിശുദ്ധ മറിയത്തെ പോലെ തോമസും പറഞ്ഞു, ഇതാ കര്‍ത്താവിന്റെ ദാസന്‍..നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ.

മനസ്സിലെ സങ്കടം തോരുകയായ്.. പരാതികള്‍ നിലയ്ക്കുകയായ്… ഏതിലും എന്തിലും ദൈവകരം കണ്ടെത്താന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെ  തോമസ് കൈകള്‍ കൂപ്പി. അതിന് ശേഷം പിന്നീടൊരിക്കലും സോബിനെ പോലൊരു മകന്‍ ജനിച്ചതിനെയോര്‍ത്ത് അദ്ദേഹം ദൈവനീതിയെ ചോദ്യം ചെയ്തില്ല.

ആശുപത്രിയിലെ ജോലിയും ജീവകാരുണ്യപ്രവര്‍ത്തനവും വചനം പങ്കുവയ്ക്കലുമെല്ലാം കഴിഞ്ഞ് പാതിരാത്രിയോടെയായിരുന്നു അക്കാലങ്ങളില്‍ തോമസ് വീടെത്തിയിരുന്നത്.  അപ്പോഴേയ്ക്കും പെണ്‍മക്കള്‍ ഉറങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. പക്ഷേ അപ്പോഴെല്ലാം സോബിന്‍ കരഞ്ഞുകൊണ്ടേയിരിക്കുകയായിരിക്കും. അവന്റെ കരച്ചില്‍ ആ വീടിന്റെ ഹൃദയതാളമായി കഴിഞ്ഞിരുന്നു.. എത്ര ക്ഷീണിച്ചുതളര്‍ന്നു വന്നാലും പിന്നെ തോമസുചേട്ടനായിരുന്നു സോബിന്റെ ശുശ്രൂഷ. ഉറക്കമിളച്ച് മകന് കാവലിരിക്കുന്ന തോമസുചേട്ടനെക്കുറിച്ച് പറയുമ്പോള്‍ സിസിലിയുടെ കണ്ണു നിറഞ്ഞിരുന്നു.

ആറു മാസം കഴിഞ്ഞപ്പോഴാണ് സോബിന്റെ കരച്ചിലിന് ശമനമുണ്ടായത്. . വീട്ടിലെങ്ങും ആശ്വാസം പരന്നു. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. സോബിന്റെ അവസ്ഥയ്ക്ക് യാതൊരു പുരോഗതിയും ഉണ്ടായതുമില്ല.

അങ്ങനെയിരിക്കവെയാണ് അവന് പനി പിടിച്ചത്. കുട്ടികളുടെ ആശുപത്രിയിലേക്ക് സോബിനെയും വാരിയെടുത്ത് തോമസും ഭാര്യയും ചെല്ലുമ്പോള്‍ സായാഹ്നമായിരുന്നു. ഡോക്‌ടേഴ്‌സ് ഡ്യൂട്ടി ഷിഫ്റ്റ് ചെയ്യുന്ന സമയം. അതുവരെയുള്ള ഡോക്ടര്‍ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാനുള്ള തിരക്കില്‍.  അടുത്ത ഡ്യൂട്ടിക്കുള്ള ഡോക്ടര്‍ എത്തിയിട്ടുമില്ല. തീര്‍ത്തും അവഗണിക്കപ്പെട്ട് വരാന്തയിലെ ചാരുബെഞ്ചില്‍ ജ്വരബാധിതനായ പണ്ടേ ദുര്‍ബലനായ മകനെയും നെഞ്ചോട് ചേര്‍ത്തിരിക്കുമ്പോള്‍ പ്രാര്‍ത്ഥന മാത്രമായിരുന്നു അവരുടെ മനസ്സില്‍. അതേ അവര്‍ക്ക് ചെയ്യാനും കഴിയുമായിരുന്നുള്ളൂ. പക്ഷേ ആ പ്രാര്‍ത്ഥനയ്ക്ക് ദൈവം കാതുകൊടുത്തില്ല.

മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് സോബിന്‍ മരിച്ചു. 1998 മെയ് 11 ന്. എട്ടുവര്‍ഷം മാത്രം ഭൂമിയില്‍ ജീവിച്ച്, ഏറെ വേദനകളിലൂടെ കടന്നുപോയ ആ മാലാഖ താന്‍ എവിടെ നിന്ന് വന്നുവോ അവിടേയ്ക്ക തന്നെ പറന്നുപോയി. അവനെ സ്‌നേഹിക്കുന്നവരുടെയെല്ലാം ഹൃദയങ്ങളില്‍ മായാത്ത മുദ്രകളും വേദനകളും അവശേഷിപ്പിച്ച്..

മെഡിക്കല്‍ കോളജിന് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു തോമസുചേട്ടന്‍. പക്ഷേ മെഡിക്കല്‍ കോളജ് അദ്ദേഹത്തോട് നീതി കാണിച്ചിട്ടില്ല.  ഡോക്‌ടേഴ്‌സ് അന്ന് കുറെക്കൂടി പരിഗണനയും ശ്രദധയും കൊടുത്തിരുന്നുവെങ്കില്‍ സോബിന് ആ ഗതി വരുമായിരുന്നില്ല. ഇത്് ഡോ. സുമ ജില്‍സണ്‍ന്റെ വാക്കുകള്‍.

സോബിന്‍ പിറന്നുവീഴുമ്പോള്‍ സുമ അവിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. സോബിനെയും കൊണ്ട് കുട്ടികളുടെ ആശുപത്രിയിലെത്തുമ്പോള്‍ സുമ ഡോക്ടറുമായിക്കഴിഞ്ഞിരുന്നു.  ആ സമയം താന്‍ ഹോസ്റ്റലിലായിരുന്നുവെന്നാണ് ഡോക്ടര്‍ സുമ ഓര്‍മ്മ പങ്കുവച്ചത്. ചികിത്സാനിഷേധത്തിനും പിഴവിനും ഡോക്ടര്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് അന്ന് ആരൊക്കെയോ തോമസുചേട്ടനോട് പറഞ്ഞിരുന്നതായും സുമ ഓര്‍മ്മിക്കുന്നു. പക്ഷേ  തന്നോട് ദ്രോഹം ചെയ്ത എല്ലാവരോടും ക്ഷമിക്കാനാണ് തോമസ് തയ്യാറായത്. അതുകൊണ്ടുതന്നെ സോബിന്റെ ജനനത്തെയോ മരണത്തെയോ കുറിച്ച് സംസാരിച്ചപ്പോഴൊക്കെ ആര്‍ക്ക് നേരെയും വിരല്‍ചൂണ്ടാതെ ദൈവത്തിന്റെ തീരുമാനമായിരുന്നു അതെന്ന് പറഞ്ഞ് നിശ്ശബ്ദനാകുന്ന തോമസുചേട്ടനെയാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.

സോബിന്‍ മരിക്കുമ്പോള്‍ തോമസുചേട്ടന്റെ മൂത്ത മകള്‍ സോണിയ നേഴ്‌സിംങ് പഠനത്തിനായി ബാംഗ്ലൂരിലായിരുന്നു. അന്ന് ഇന്നത്തേതുപോലെ ഫോണോ മറ്റ് സൗകര്യങ്ങളോ വ്യാപകമല്ലാതിരുന്നതുകൊണ്ട് മരണവിവരം അവളെ അറിയച്ചതുമില്ല.   സോബിന്റെ ശവസംസ്‌കാര വേളയില്‍ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചുള്ള വിവരണം സോണിയ ഇങ്ങനെയാണ് പങ്കുവച്ചത്.
അവസാനമായി പപ്പ സോബിനെ ഉമ്മവച്ചപ്പോള്‍ പപ്പയുടെ കണ്ണില്‍ നിന്ന് രണ്ടിറ്റുകണ്ണീര് സോബിന്റെ നെറ്റിയിലേക്ക് അടര്‍ന്നു വീണു. ആ കണ്ണീര് തുടച്ചുകളയാന്‍ അടുത്തുണ്ടായിരുന്ന പപ്പയുടെ സുഹൃത്ത് ശ്രമിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും സോബിന്റെ നെറ്റിയില്‍ നിന്ന് ആ കണ്ണുനീര്‍ത്തുള്ളി തുടച്ചുനീക്കുവാന്‍  കഴിഞ്ഞതേയില്ല. തോമസുചേട്ടന്റെ ഹൃദയത്തില്‍ നിന്നു വീണ കണ്ണുനീര്‍ത്തുള്ളിയുമായിട്ടാണ്‌സോബിന്‍ യാത്രയായതും.

തുടച്ചുമാറ്റാനാവാത്ത ആ കണ്ണുനീര്‍ത്തുള്ളിയുടെ അര്‍ത്ഥമെന്തായിരുന്നു?
( നവജീവന്‍ തോമസു ചേട്ടന്‍ എന്ന ജീവചരിത്രത്തിലെ ഒരു അധ്യായത്തില്‍ നിന്ന്)