നിങ്ങളുടെ കയ്യില്‍ എന്തുണ്ട്?

ബൈബിളിലെ ധ്യാനങ്ങളില്‍ ഏറെ പ്രചോദിപ്പിച്ച രണ്ടുപേരുണ്ട്. ഒന്ന് ആ വിധവ. തന്റെ ഏകസമ്പാദ്യമായ ചില്ലറത്തുട്ടുകള്‍ പോലും ഭണ്ഡാരത്തില്‍ നിക്ഷേപിച്ച ആ വിധവ തന്നെ. മറ്റൊന്ന് അഞ്ചപ്പം കൊണ്ട് അത്ഭുതം ചെയ്യാന്‍  ക്രിസ്തുവിന് വഴിയൊരുക്കിയ ആ ബാലന്‍. നമുക്കേറെ പ്രചോദനം നല്കുന്നുണ്ട് രണ്ടുപേരും.

കയ്യിലുള്ളത് ദൈവത്തിന് വേണ്ടി പൂര്‍ണ്ണമായും സമര്‍പ്പിക്കാന്‍ വിധവ തയ്യാറായപ്പോള്‍ തനിക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ആ ബാലന്‍ തയ്യാറായി. രണ്ടിടത്തും അത്ഭുതം നടന്നു. ഓരോ വിട്ടുകൊടുക്കലിലും അത്ഭുതങ്ങളുണ്ട്. അവിടെ തനിക്ക് എന്തുകിട്ടുമെന്ന സ്വാര്‍ത്ഥത, നല്കുന്ന ആള്‍ അന്വേഷിക്കുന്നില്ല. മറിച്ച് കൊടുക്കുമ്പോഴുണ്ടാകുന്ന സന്തോഷം മാത്രം. അത്തരം നല്കലുകള്‍ പിന്നീട് ചരിത്രമായി മാറി.

ദൈവത്തിന് നല്കിയവരും ദൈവത്തിന് വേണ്ടി ഓടിയവരും ഒരിക്കലും വലിയവരായിരുന്നില്ല, ചെറിയവരായിരുന്നു. അവരുടെ  ചെറിയ പങ്കുവയ്ക്കലുകളുമായിരുന്നു അത്ഭുതം തീര്‍ത്തത്. അഞ്ചപ്പം ചോദിച്ചുവാങ്ങാതെയും ക്രിസ്തുവിന് അത്ഭുതം പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ലേ.? തീര്‍ച്ചയായും. എന്നിട്ടും നല്കുമ്പോഴുണ്ടാകുന്ന അത്ഭുതത്തെ മറ്റുള്ളവര്‍ക്ക് പാഠപുസ്തകമാക്കിമാറ്റാന്‍ ക്രിസ്തു ചോദിച്ചു, നിങ്ങളുടെ കയ്യിലെന്തുണ്ട്?

ഡെയ്‌ലി ബ്രഡ് ഓണ്‍ലൈന്‍ ഡോട്ട് ഇന്‍ ഒരു പുതിയ കാല്‍വയ്പ്പാണ്.സഭയോടൊത്ത് ചിന്തിക്കുന്ന, സഭാത്മകമായ ദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്ന, സഭയുടെ അനുദിന മുന്നേറ്റങ്ങള്‍ അറിയിക്കുന്ന ഒരു ചെറിയ മാധ്യമശുശ്രൂഷ. സഭാത്മകമായ വാര്‍ത്തകള്‍ 24 മണിക്കൂറും നല്കുന്ന മലയാളത്തിലെ ആദ്യത്തെ കത്തോലിക്കാ വെബ് പോര്‍ട്ടലായിരിക്കും ഡെയ്‌ലി ബ്രെഡ്. കൂടാതെ, എഴുതിത്തെളിഞ്ഞവരുടെയും എഴുതിതുടങ്ങുന്നവരുടെയും  കുറിപ്പുകള്‍, ബൈബിള്‍ വിചിന്തനങ്ങള്‍, ക്രൈസ്തവദേവാലയങ്ങളെയും ധ്യാനകേന്ദ്രങ്ങളെയും കുറിച്ചുള്ള വിവരം, സന്യാസസമൂഹങ്ങളെ പരിചയപ്പെടുത്തല്‍, വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അല്മായര്‍, കുടുംബം, യുവജനങ്ങള്‍, കുട്ടികള്‍  എന്നിങ്ങനെ സഭാത്മകവും ആത്മീയവും സാമൂഹികവുമായ വിവിധ ദര്‍ശനങ്ങളെയും നിലപാടുകളെയും അവതരിപ്പിച്ചുകൊണ്ട്  പുതിയൊരു മാധ്യമസംസ്‌കാരം അവതരിപ്പിക്കുകയാണ് ഡെയ്‌ലി ബ്രഡ്.

ക്രിസ്തു ചോദിച്ച ആ ചോദ്യം ഞാന്‍ എനിക്കേറെ പ്രിയപ്പെട്ട നിങ്ങളോരോരുത്തരോടും ചോദിക്കുന്നു. നിങ്ങളുടെ കയ്യിലെന്തുണ്ട്?  അപ്പസ്‌തോലന്മാരുടെ കയ്യില്‍ ഒന്നുമുണ്ടായിരുന്നില്ല എന്നത് സത്യം. പക്ഷേ ആ ബാലന്റെ കൈയില്‍ നിന്ന് അപ്പം വാങ്ങികൊടുക്കാന്‍ അവര്‍ സന്നദ്ധരായി. അല്ലെങ്കില്‍ ആ ബാലനെ അവര്‍ കണ്ടെത്തി. നിങ്ങള്‍ക്ക്  ഡെയ്‌ലി ബ്രഡ് ഓണ്‍ലൈന് വേണ്ടി ചെയ്യാവുന്നതും അതൊക്കെ തന്നെയാണ്. കൂടാതെ സുഹൃത്തുക്കളായവരെ  ഡെയ്‌ലി ബ്രഡിന്റെ സഹകാരികളാക്കുക.  അവരോട് ഇങ്ങനെയൊരു പോര്‍ട്ടലിനെക്കുറിച്ച് പറയുക.  രൂപതയിലും ഇടവകയിലുമുള്ള വാര്‍ത്തകള്‍ അയച്ചുതരിക. ലേഖനങ്ങള്‍ നല്കുക, ലോകത്തെ അറിയിക്കേണ്ടതുണ്ടെന്ന് നിങ്ങള്‍ക്ക് ബോധ്യമുള്ള വ്യക്തികളെക്കുറിച്ച് ഡെയ്‌ലി ബ്രഡിനെ വിവരം അറിയിക്കുകയോ അല്ലെങ്കില്‍ അവരെക്കുറിച്ച് എഴുതുകയോ ചെയ്യുക. വിവാഹവാര്‍ഷികമോ പിറന്നാളോ പോലെയുള്ള അവസരങ്ങളില്‍ ചെറിയ പരസ്യം നല്കി സഹായിക്കുകയുമാവാം.. സാധ്യതകള്‍ പലതാണ്. എന്തെങ്കിലും പ്രയോജനപ്പെടുത്താന്‍ സന്മനസുണ്ടോ എന്നതുമാത്രമാണ് മുഖ്യം. അതെ We can’t help everyone. But everyone can help someone

ഈശോയുടെ തിരുഹൃദയത്തിനും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനും ഡെയ്‌ലിബ്രഡ് ഓണ്‍ലൈന്‍ ഡോട്ട് ഇന്‍ നെ സമര്‍പ്പിച്ചുകൊണ്ട്
ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട്

സ്‌നേഹാദരങ്ങളോടെ
വിനായക് നിര്‍മ്മല്‍

Phone:  9446197429
Email: dailybreadonline.in@gmail.com