സൗത്ത് ബെന്‍ഡ്: സ്കൂള്‍ സമയം കഴിഞ്ഞ് കുട്ടികളുടെ ശാരീരികവും കലാപരവുമായ കഴിവുകള്‍ മെച്ചപ്പെടുത്താനായി പരിപാടികള്‍ ക്രമീകരിച്ചുകൊടുക്കുന്നത് എല്ലാ സ്കൂളുകളുടെയും പതിവാണ്.
എന്നാല്‍ കുട്ടികളുടെ ആത്മീയ കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ദിവ്യകാരുണ്യാരാധനക്ലബ് ആരംഭിക്കുന്നത് അത്ര സാധാരണമല്ല. അവിടെയാണ് ഇന്ത്യാന,സൗത്ത് ബെന്‍ഡിലെ സെന്റ് ജോസഫ് ഗ്രേഡ് സ്കൂള്‍ അപവാദമാകുന്നത്. ഇവിടെ കുട്ടികളുടെ ആത്മീയകാര്യങ്ങള്‍ക്കായി ദിവ്യകാരുണ്യാരാധന ക്ലബ് ആരംഭിക്കുകയാണ്.
ക്രിസ്തുവുമായി ആഴമായ ബന്ധം സ്ഥാപിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അധ്യാപികയായ കാതറിന് സോപ്പര്‍ പറഞ്ഞു.ദിവ്യകാരുണ്യാരാധന ക്ലബില്‍ ഇതിനകം 22 കുട്ടികള്‍ അംഗങ്ങളായി കഴിഞ്ഞു. ജനുവരി 31 മുതലാണ് ഔദ്യോഗികമായി ക്ലബ് ആരംഭിക്കുന്നത്.
കുട്ടികള്‍ക്ക് ദിവ്യകാരുണ്യാരാധന നയിക്കാനുള്ള പരിശീലനം നല്‍കും. തുടര്‍ന്ന് ഈ കുട്ടികളായിരിക്കും ദിവ്യകാരുണ്യാരാധന നയിക്കുകയും ജപമാല പ്രാര്‍ത്ഥന, ബൈബിള്‍ വിചിന്തനം എന്നിവ നടത്തുകയും ചെയ്യുന്നത്. ദിവ്യകാരുണ്യാരാധനയുടെ ചരിത്രവും അത്ഭുതങ്ങളും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കും.