വീണ്ടു കിട്ടേണ്ട കാഴ്ചകൾ…

0


ബാല്യത്തിലെ ഫോട്ടോകൾ സൂക്ഷിച്ചു വച്ചിട്ടുണ്ടെങ്കിൽ ഇടക്കൊക്കെ അതെല്ലാം എടുത്ത് നോക്കുന്നത് നല്ലതാണ്. നമ്മൾ എത്രയോ നിർമ്മലരും നിഷ്കളങ്കരും ആയിരുന്നെന്ന് ആ ഫോട്ടോകൾ നമ്മെ ഓർമ്മിപ്പിക്കും. ആദ്യകുർബ്ബാന സ്വീകരണദിനത്തിലെ മനസിൻ്റെ വിശുദ്ധമായ സന്തോഷത്തെക്കുറിച്ചു മറന്നുപോകാനാകുമോ? ആ അനുഭൂതിക്ക് പകരം നിൽക്കുവാൻ വേറെ എന്തിനെങ്കിലും ഇന്നുവരെ സാധിച്ചിട്ടുണ്ടോ?

പക്ഷേ എപ്പോഴാണ് നമുക്ക് ആ പരിശുദ്ധിയും നന്മകളും നഷ്ടപ്പെട്ടത്? മുൻപ് കണ്ടതെല്ലാം പരിശുദ്ധമായിരുന്നു. ആസ്വദിച്ചതെല്ലാം നന്മയായിരുന്നു. പക്ഷേ  എപ്പോഴോ കാഴ്ചകൾക്കപ്പുറത്തേക്ക് നമ്മുടെ തലച്ചോറുകൾ സഞ്ചരിച്ചു. കണ്ടതിനു അപ്പുറത്തുനിന്നും നമ്മുടെ മനസ്സിലേക്ക് ദൃശ്യങ്ങൾ എത്തി. നന്മയിൽ ആരംഭിച്ച പലതും തിന്മയിൽ അവസാനിച്ചു. ആസ്വാദനത്തിൽ തുടങ്ങിയവ അടിമത്തത്തിലേക്ക് വലിച്ചിഴച്ചു. പല ലഹരിയിലും മുങ്ങിത്താന്ന കണ്ണുകൾ ഇപ്പോൾ കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലായി.

അതുകൊണ്ടാണല്ലോ സഹോദരിയെയും അമ്മയെയും പോലും പലപ്പോഴും തിരിച്ചറിയാനാകാതെപോകുന്നത്? സഹോദരൻ ചോർന്നൊലിക്കുന്ന കൂരയിൽ കഴിയുമ്പോൾ നാം ചുറ്റുമതിലിനുമാത്രം ലക്ഷങ്ങൾ മുടക്കുന്നത് കാഴ്ചനഷ്ടപ്പെട്ടതുകൊണ്ടാണ്. കുഞ്ഞിൻ്റെ ഫീസ് അടയ്ക്കാനായി സുഹൃത്ത് താലിമാല പണയംവയ്ക്കാൻ ഓടുമ്പോൾ നമ്മൾ ഇന്റർലോക്ക് ഇടുവാൻ ആലോചിക്കുന്നത് ഇനിയും കാഴ്ചയില്ലാത്തതുകൊണ്ടല്ല, ഉണ്ടായിരുന്ന കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടു തന്നെ. ചുറ്റുവട്ടങ്ങളിൽ സാമ്പത്തീക ബാധ്യത മൂലം വിവാഹം കഴിക്കാനാകാതെ പെൺകുട്ടികൾ നിൽക്കുമ്പോൾ നിൻ്റെ വിവാഹധൂർത്ത് അന്ധത മൂലമാണ്. മരുന്ന് വാങ്ങാൻ കഴിവില്ലാതെ അയല്പക്കങ്ങളിൽ ആളുകളുള്ളപ്പോൾ വെടിക്കെട്ടിന് നീ ചിലവഴിക്കുന്ന ലക്ഷങ്ങൾ നീ കുരുടനാണ് എന്നതിന് തെളിവല്ലേ?

ഇനിയും എത്രയോ അന്ധതകൾ. നിൻ്റെ വീടിൻ്റെ ചുമരുകൾക്കുള്ളിൽ നീ കാണാതെപോകുന്ന, നിൻ്റെ സ്നേഹത്തിനും സാമീപ്യത്തിനുമായി കൊതിക്കുന്ന എത്ര ജീവനുകൾ ഉണ്ട്? ബർത്തിമേയൂസ് അന്ധനാണെന്ന് സ്വയം അറിഞ്ഞിരുന്നു. നീയത് ഇപ്പോഴും അറിയുന്നില്ല. വെളിച്ചത്തിലും കാഴ്ചയില്ലാത്തവർക്ക് തമസ്സ് തന്നെയാണ് നല്ലത്. 

ബാർതീമിയൂസ് ഇന്ന് ഈശോയോട് പ്രാർത്ഥിക്കുന്നത് കാഴ്ച നല്കണമെന്നല്ല. ‘എനിക്ക് കാഴ്ച വീണ്ടു കിട്ടണം’ എന്നാണ്. എന്നുവച്ചാൽ ഒരിക്കൽ അവൻ എല്ലാം വ്യക്തമായി കണ്ടിരുന്നു.കാഴ്ച നഷ്ടപ്പെടുന്നതുവരെ നേരിൽകണ്ടവരെ പിന്നെ അവൻ കണ്ടത് അകക്കണ്ണിൽ മാത്രമായിരുന്നു. അവന് പഴയ നന്മകളിലേക്ക്, കാഴ്ചയുടെ വിശുദ്ധമായ ആസ്വാദനങ്ങളിലേക്ക് ഇനിയും വിരുന്നുപോകണമെന്നുണ്ട്. അതാണവൻ ഇനിയും കാഴ്ച വീണ്ടുകിട്ടണമെന്ന് കെഞ്ചി പ്രാർത്ഥിക്കുന്നത്.

നമുക്കും പ്രാർത്ഥിക്കാം. നിഷ്കളങ്കമായ കാഴ്ചകളിലേക്ക്, നന്മ പൂക്കുന്ന ദൃശ്യങ്ങളിലേക്ക്, വിശുദ്ധമായ ഉത്സവങ്ങളിലേക്ക്, കരുണ നിറഞ്ഞ ആഘോഷങ്ങളിലേക്ക് നിത്യ വെളിച്ചമേ ഞങ്ങളെ നയിച്ചാലും. കർത്താവേ, എനിക്കും കാഴ്ച വീണ്ടുകിട്ടണം.

ശുഭരാത്രി

Fr. Sijo Kannampuzha OM