ആരും ചെറിയവരല്ല

0


ഏഴാംക്ലാസിലെ ചേട്ടന്‍ അടിച്ചുവെന്ന പരാതിയുമാണ് അഞ്ചാംക്ലാസുകാരന്‍ വന്നത്. ഇന്റര്‍വെല്‍ സമയത്ത് ടോയ്‌ലറ്റില്‍ പോയി മടങ്ങുമ്പോള്‍ കോണിപ്പടിയില്‍ വച്ചാണ് സംഭവം. ഒരു കാരണവുമില്ലാതെ അടിച്ചെന്നാണ് പരാതി.

രണ്ടുപേരെയും ഒരുമിച്ചുനിര്‍ത്തി ചോദിച്ചപ്പോള്‍ കാര്യം വ്യക്തമായി.

”നീയാരെടാ?” എന്നു ചോദിച്ചപ്പോള്‍ അഞ്ചാംക്ലാസുകാരന്‍ ബഹുമാനമില്ലാതെ മറുപടി പറഞ്ഞത്രെ. അപ്പോള്‍ ഏഴാംക്ലാസുകാരന് ദേഷ്യം വന്നു. കൊടുത്തൂ ഒരടി.

‘അവന്‍ ഇളയതല്ലേ? ഞാന്‍ മൂത്തതല്ലേ? കുറച്ച് ബഹുമാനമൊക്കെ വേണ്ടേ?” ഇതാണ് അവന്റെ വാദം.

അതേ വാദം തിരിച്ചിട്ടു: ”നീയല്ലേ മൂത്തത്? അവന്‍ അഞ്ചുവയസിന് ചെറുപ്പമല്ലേ? അവനെ അടിക്കാന്‍ നിനക്കെന്തവകാശം? പ്രായത്തില്‍ മൂത്തവരോട് മാത്രമല്ല, ഇളയവരോടും മാന്യമായി ഇടപെടണം.” ഏഴാംക്ലാസുകാരന്‍ മറുപടിയൊന്നുമില്ലാതെ നിന്നു.

ആരും ചെറിയവരല്ല. ഏവരേയും ആദരിക്കലാണ് മര്യാദയുടെ ആദ്യപടി. എത്ര ചെറിയ ആളുമാകട്ടെ, അവരോട് മര്യാദയോടെ ഇടപെടാം. ഏറ്റവും ചെറിയവരോടു കാട്ടുന്ന പിഗണനയും കരുതലുമാണ് മാനവികതയുടെ അടയാളം. 

ഷാജി മാലിപ്പാറ