അങ്ങ് കാണുന്നുണ്ട് കഷ്ടപ്പാടുകളും ക്ലേശങ്ങളും അങ്ങ് തീര്‍ച്ചയായും കാണുന്നുണ്ട്. അങ്ങ് അവ ഏറ്റെടുക്കും. നിസ്സഹായന് തന്നെതന്നെ അങ്ങേക്ക് സമര്‍പ്പിക്കുന്നു. അനാഥന് അവിടുന്ന് സഹായകനാണല്ലോ?
(സങ്കീ 10: 14)
എല്ലാം കാണുന്നത് ഒരേയൊരാളേയുള്ളൂ. ദൈവം. എല്ലാം മനസ്സിലാക്കുന്നതും ഒരേയൊരാളേയുള്ളൂ ദൈവം. ദൈവം എല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു എന്നതിലാണ് നിസ്സഹായന്റെ പ്രത്യാശ. കാരണം അവന്റെ ക്ലേശങ്ങളും കഷ്ടപ്പാടുകളും ദൈവം മാത്രമേ മനസ്സിലാക്കുന്നുള്ളൂ.
അവന് ആര്‍ക്കുവേണ്ടിയാണ് രാവും പകലും അദ്ധ്വാനിക്കുന്നത്.. അവന് ആര്‍ക്കുവേണ്ടിയാണ് കഷ്ടപ്പെടുന്നത്? അവര്‍പോലും അവനെ മനസ്സിലാക്കുന്നില്ല. ആശ്വസിപ്പിക്കുന്നുമില്ല. എന്തിന് കുത്തുവാക്കുകള്‍ കൊണ്ട് മുറിവേല്പിക്കുകയും അവന്റെ ആത്മാര്‍ത്ഥതയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. എല്ലാ മനുഷ്യരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ള സങ്കടമാണിത്. എന്നെ ആരും മനസ്സിലാക്കുന്നില്ല. എന്നോടാരും നല്ല വാക്ക് പറയുന്നില്ല.
സാരമില്ല എന്റെയും നിന്റെയും ക്ലേശങ്ങളും കഷ്ടപ്പാടുകളും ദൈവമൊരാള്‍ കാണുന്നുണ്ട്. അവിടുന്ന് അവ ഏറ്റെടുക്കും. മറ്റാരു നമ്മെ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലേറെ ദൈവത്തിന് നമ്മെ മനസിലാക്കാനും കാണാനും കഴിയുന്നുണ്ട് എന്നതുതന്നെ എത്രയോ വലിയ ആശ്വാസമാണ്.!
അതുകൊണ്ട് ഇനി നാം വിഷമിക്കരുത്. എല്ലാ സങ്കടങ്ങളും വിലാപങ്ങളും കേള്ക്കുന്നവന് നമുക്ക് മുകളിലുണ്ട്. അവിടുന്ന് നമ്മെ വീക്ഷിക്കുന്നുണ്ട്. പ്രിയപ്പെട്ടവര്‍ പോലും നിന്നെ തെറ്റിദ്ധരിക്കുമ്പോഴും അകന്നുനിന്ന് കുറ്റം വിധിക്കുമ്പോഴും മനസ്സ് തളരരുത്. കാരണം ദൈവം കാണുന്നുണ്ട് എല്ലാം.
നമ്മള് നിസ്സഹായരാണ് . നമ്മളില്‍ തന്നെ ആശ്രയിക്കാന്‍ കരുത്തില്ലാത്തവര്. എല്ലാം ദൈവത്തിന് സമര്‍പ്പിക്കുക. നമുക്ക് അവിടുന്ന് സഹായകനായി മാറും. ജീവിതത്തില്‍ ഇന്നുവരെ നാം അനുഭവിച്ച എല്ലാ വിഷമതകളും സങ്കടങ്ങളും ദൈവത്തിന്റെ കൈകളിലേക്ക് കൊടുക്കുക.
ഭാരങ്ങളില്ലാത്ത നല്ലൊരു പ്രഭാതം നമുക്കുണ്ടാവട്ടെ
സസ്നേഹം
വിഎന്‍.