എന്നും എപ്പോഴും

0
കഴിഞ്ഞ ആഴ്ചയിലായിരുന്നു മകന്റെ പതിവുപോലെയുള്ള മന്ത്‌ലി ടെസ്റ്റ് പേപ്പര്‍. പാഠപുസ്തകങ്ങളുമായി നിര്‍ബന്ധപൂര്‍വ്വം മല്ലിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ അവന്‍ എന്നോട് ചോദിച്ചു. എക്‌സാമൊന്നും വേണ്ടായിരുന്നു അല്ലേ അപ്പേ.. എങ്കീ നല്ല രസമായേനേ.. അതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വെള്ളപ്പൊക്ക കെടുതിപ്രമാണിച്ചുള്ള സ്‌കൂള്‍ അവധികള്‍ വന്നത്. മൂന്നോ നാലോ ദിവസം അങ്ങനെ കടന്നുപോയെന്നാണ് ഓര്‍മ്മ. ആ ദിവസങ്ങളില്‍ അവന്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നത് അടുത്ത ദിവസം അവധിയുണ്ടോ എന്നറിയാനായിരുന്നു. നാളെ ക്ലാസ് ഇല്ലാതിരുന്നെങ്കില്‍..അതാണ് അവന്‍ ആഗ്രഹിച്ചത്. അവന്റെ പ്രായത്തില്‍ ഞാനും ഒരുപക്ഷേ തീര്‍ച്ചയായും അങ്ങനെ ആഗ്രഹിച്ചിട്ടുണ്ട്. എന്നിട്ടും ഞാന്‍ അവനോട് വെറുതെ ദേഷ്യപ്പെട്ടു.സ്‌കൂളില്‍ പോകാന്‍ അത്രമടിയാണെങ്കീ പഠിത്തം നിര്‍ത്തിക്കോടാ..വെറുതെയെന്തിനാ കഷ്ടപ്പെട്ട്  ഫീസുണ്ടാക്കി നിന്നെ പഠിപ്പിക്കുന്നെ..

അതെ ചില സൗകര്യങ്ങള്‍ നമ്മളെ അപ്പോഴത്തെ ആനന്ദത്തിന് ഏറെ ഉപകരിക്കും. എന്നാല്‍ അത്തരം സൗകര്യങ്ങള്‍ നമുക്കൊരിക്കലും സ്ഥിരമായ ആനന്ദമോ സുരക്ഷിതത്വമോ ആശ്വാസമോ നല്കുകയില്ല. സ്ത്രീപുരുഷന്മാര്‍ ഉഭയസമ്മതത്തോടെ രതി അനുഷ്ഠിക്കുന്നതും ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ യാതൊരു ഉടമ്പടികളുടെ പിന്‍ബലമോ മതപ്രമാണങ്ങളുടെ സാക്ഷ്യപത്രമോ ഇല്ലാതെ വര്‍ഷങ്ങളോളം ജീവിക്കുന്നതും  മേല്‍പ്പറഞ്ഞ വിധത്തിലുള്ള താല്ക്കാലിക രക്ഷപ്പെടലോ താല്ക്കാലിക സന്തോഷം തേടലോ മാത്രമാണെന്ന്  തോന്നുന്നു. പരീക്ഷകളെ ഒഴിവാക്കിയും ക്ലാസുകള്‍ ഇല്ലാതെയും കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന അതില്‍ സന്തോഷിക്കുന്ന എന്റെ നാലാംക്ലാസുകാരന്‍ മകനെ പോലെയാണ് ലിവിംഗ് ടുഗെദര്‍ പങ്കാളികളും.  എളുപ്പവഴിയില്‍ ക്രിയ ചെയ്ത് അവര്‍ പരീക്ഷകളില്‍ ജയിക്കാന്‍ ശ്രമിക്കുന്നു. ക്ലാസുകളും ഹോം വര്‍ക്കുകളും  നല്കുന്ന അറിവുകളും അതിലൂടെ നേടിയെടുക്കുന്ന ആനന്ദങ്ങളും ഒഴിവാക്കിനിര്‍ത്തി അവര്‍ സന്തോഷിക്കാനും നേട്ടങ്ങള്‍ കൊയ്യാനും ശ്രമിക്കുന്നു.

 നിത്യവും ക്ലാസില്‍ പോയി പരീക്ഷയെഴുതി വിജയിക്കുന്നവരാണ് സാധാരണ ദമ്പതികള്‍. അവര്‍ക്ക് കഷ്ടപ്പാടുകളുണ്ട്..അദ്ധ്വാനങ്ങളുണ്ട്.. അവര്‍ ക്ലാസിലെ അധ്യാപകര്‍ക്ക് മറുപടി നല്കണം..അവരെ അനുസരിക്കണം.. സഹപാഠികളോട് സഹിഷ്ണുത പുലര്‍ത്തണം.. സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിക്കണം. ഹെഡ് മാസ്റ്റര്‍ക്ക് വിധേയപ്പെടണം. രാവിലെയും വൈകുന്നേരവുമുള്ള യാത്രകള്‍ നടത്തണം. എഴുതണം..വരയ്ക്കണം.. നോക്കൂ സ്വഭാവികമായി ആലോചിച്ചു നോക്കിയാല്‍ എന്തൊരു ബോറന്‍ പരിപാടിയാണ് ഇത്. പക്ഷേ ഇതെല്ലാം ചെയ്ത് , കഷ്ടപ്പെട്ടും അദ്ധ്വാനിച്ചും പഠിച്ച് പരീക്ഷയെഴുതി വിജയിച്ച് ഉന്നത നിലയിലെത്തി കഴിഞ്ഞ് പിന്തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലേക്ക് കടന്നുവരുന്ന വെറുതെയൊരു ചിന്ത ഇതായിരിക്കില്ലേ എന്തു നല്ലതായിരുന്നു ആ കാലം.. എന്തു സുഖമായിരുന്നു അത്.  അവര്‍ക്ക് തങ്ങളുടെ വിജയങ്ങളില്‍ സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നു. അത് നിസ്സാരമായ കാര്യമല്ല.

  ശരിയാണ് സ്വഭാവികമായ ഒരു കുടുംബജീവിതം നമ്മളാരും സിനിമകളില്‍ കാണുന്നതുപോലെ അത്രമേല്‍ കളര്‍ഫുള്ളല്ല. പഴയകാല ബ്ലാക്ക് വൈറ്റ് ചിത്രങ്ങളിലെ പോലെ അനാകര്‍ഷകം ആകാനുള്ള സാധ്യത ഉണ്ടുതാനും.  എന്നിട്ടും കുടുംബജീവിതം എന്ന് പറയുമ്പോള്‍ അതിന് ഒരു സൗന്ദര്യമില്ലേ.. ആകര്‍ഷകത്വം ഇല്ലേ.. വൈദികസന്യാസപരിശീലനവും വിവാഹജീവിതവും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള താരതമ്യപഠനം പലപ്പോഴും  ഉള്ളില്‍ നടത്തിയിട്ടുണ്ട്. കൃത്യമായ വര്‍ഷം പരിശീലനം നല്കിയാണ് വൈദികരും സന്യസ്തരുമൊക്കെ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ രൂപപ്പെടുന്നത്. അക്കാലം കൊണ്ട്  അവര്‍ക്കറിയാം തങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായകാര്യങ്ങള്‍. സംഭവിക്കാനിടയുള്ള കാര്യങ്ങളെക്കുറിച്ചും ഏകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ടാവും. പക്ഷേ അത്തരമൊരു വിധത്തിലുള്ള പരിശീലനങ്ങളും വിവാഹ ജീവിതത്തെ സംബന്ധിച്ച് പറയാനില്ല. അവര്‍ നേരിട്ട് അതിലേക്ക് പ്രവേശിക്കുകയാണ്.  കൊണ്ടും കൊടുത്തും അവര്‍ വളരുന്നു.. കണ്ടും കേട്ടും തിരിച്ചറിയുന്നു.. പിഴവുകള്‍ സംഭവിക്കാം..കുറവുകളുമുണ്ടാകും. എന്നിട്ടും എന്തൊരു ധൈര്യമാണ് അവരുടേത്. അവര്‍ ചുറ്റും കാണുന്ന ദാമ്പത്യങ്ങള്‍ എല്ലാം മനോഹരമോ സന്തോഷപ്രദമോ ആകണമെന്നില്ല. എന്നിട്ടും വിവാഹം കഴിക്കാന്‍, അതും നാടും നാട്ടുകാരും അറിഞ്ഞും ദൈവത്തെ സാക്ഷി നിര്‍ത്തിയും വിവാഹം കഴിക്കാന്‍ സന്നദ്ധരാകുന്നു. സത്യത്തില്‍ ഈ ലോകത്തില്‍ ഏറ്റവും വലിയ ധീരരാണ് വിവാഹം പോലെയുള്ള പരമ്പരാഗതമായ സമ്പ്രദായങ്ങളില്‍ ഏര്‍പ്പെടുന്നവര്‍. അവര്‍ പരസ്പരം വാക്കും വാഗ്ദാനവും നല്കുന്നു. കായികമോ സാമ്പത്തികമോ സാമൂഹ്യമോ വിദ്യാഭ്യാസപരമോ ആയിട്ടെല്ലാം വളരെ പിന്നിലാണെങ്കിലും വിവാഹമെന്ന കാര്യത്തില്‍ അവര്‍ വളരെ ധീരത പ്രകടിപ്പിക്കുന്നു. വരാനുള്ളത് വെയിലാണോ മഴയാണോ ഒന്നും അറിയില്ല. പക്ഷേ ഒന്ന് അവര്‍ പരസ്പരം സമ്മതിക്കുന്നുണ്ട് ഇനിയുളള ജീവിതം മുഴുവന്‍ രണ്ടിലൊരാളുടെ മരണം വരെ മുന്നോട്ടായിരിക്കും. പക്ഷേ അതിനിടയില്‍ പിണക്കങ്ങളുണ്ടാവില്ലെന്നോ മധുരമായി മാത്രമേ സംസാരിക്കൂ എന്നോ അവര്‍ വാക്ക് പറയുന്നില്ല. ശാപങ്ങള്‍ വലിച്ചുതുപ്പിയും വെറുപ്പും ചുമന്നും  ജീവിക്കേണ്ട ദിനരാത്രങ്ങളും അവര്‍ക്കിടയിലുണ്ടാകാം..എന്നിട്ടും വിവാഹം എന്ന ഉടമ്പടി അവരെ ചേര്‍ത്തുനിര്‍ത്തുന്നു. എങ്ങനെയെന്നല്ലേ അതിന്റെ സംഘടിതമായ രൂപം കൊണ്ട്, ആചാരങ്ങള്‍# കൊണ്ട്, സമൂഹത്തിന്റെ സാക്ഷ്യപത്രം കൊണ്ട് ബന്ധുമിത്രാദികളുടെ അനുഗ്രഹങ്ങള്‍ കൊണ്ട്.  ഏതൊരു മതത്തിലെയും വിവാഹം എ്ന്ന ആചാരത്തിന് എന്തൊരു വെളിച്ചമാണ്. അവിടെ സ്‌നേഹിക്കുന്നവരുടെ സാന്നിധ്യമുണ്ട്.. നന്മയുണ്ടാവണമെന്ന പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളുണ്ട്.. ദൈവത്തിന്റെ ആശീര്‍വാദമുണ്ട്.. വിവാഹച്ചടങ്ങുകള്‍ക്കുള്ള പൂവും വിളക്കുമെല്ലാം എന്തിന്റെയെല്ലാമോ അടയാളങ്ങളാണ്.മറ്റൊരാള്‍ നോക്കുമ്പോള്‍ ഒരു തരി പൊന്ന്..അതാണ് പുരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ അണിയിക്കുന്ന താലി. സ്വര്‍ണ്ണമായിട്ടുപോലും അതിന് അത്രവലിയ വിലയൊന്നും കമ്പോളത്തില്‍ ലഭിക്കുകയുമില്ല. പക്ഷേ എന്നിട്ടും എന്തുകൊണ്ടാണ്അതിന് വലിയ വില കൊടുത്തുപോകുന്നത്.. വിലയെന്ന വാക്കുപോലുമായിരിക്കില്ല അനുയോജ്യം. പകരം മൂല്യമെന്നായിരിക്കും. അതെ നാമെന്തിനാണ് അതിന് വലിയ മൂല്യം കൊടുക്കുന്നത്. ഒരിക്കല്‍ എഴുതിയ അപ്രകാശിതമായ ഒരു നോവലിന്റെ അവസാനഭാഗം ഇങ്ങനെയായിരുന്നു. കാമുകനെ തേടിയെത്തിയ കാമുകിക്ക് മുമ്പില്‍ വാതില്‍ തുറന്നുകൊടുത്തത് അയാളുടെ ഭാര്യയായിരുന്നു. അത് വലിയ ആഘാതമൊന്നുമായിരുന്നില്ല അവള്‍ക്ക് കാരണം അവള്‍ക്കറിയാമായിരുന്നു അയാള്‍ വിവാഹിതനാണെന്ന്.പക്ഷേ ഭാര്യയുടെ കഴുത്തിലെ മിന്ന് അവളെ ഞെട്ടി്ച്ചു. തനിക്കില്ലാത്തതും അവള്‍ക്ക് മാത്രം ഉള്ളതുമായ താലി.. അവിടെ അയാളെ ഉപേക്ഷിച്ച് കാമുകി തന്റെ ജീവിതത്തിലേക്ക് തിരികെ പോകുന്നതായിട്ടായിരുന്നു നോവല്‍ അവസാനിപ്പിച്ചത്. മാര്യേജ് ആക്ട്ും താലിയുമൊന്നും വേണ്ട എന്നത് 90 കളില്‍ കാമ്പസ് ലോകം പാടിപ്പതിഞ്ഞ ഒരു ഗാനമായിരുന്നു. പക്ഷേ മാര്യേജ് ആക്ടിനും താലിക്കുമൊക്കെ  അതിന്റേതായ അര്‍ത്ഥമുണ്ട്. മോഷണവസ്തുവും അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പത്തും പോലെ തന്നെയാണത്. വിവാഹം, വിവാഹിതര്‍, ഭാര്യ, ഭര്‍ത്താവ് അത് വല്ലാത്ത ചില ദ്വന്ദ്വങ്ങളാണ്. വിവാഹം കഴിക്കാതെ ഒരുമിച്ചുജീവിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം സ്വന്തം കടമകളെ ഭയക്കുന്നവരോ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നവരോ ആണ് എന്നതാണ് സത്യം. രണ്ടോ മൂന്നോ ദിവസം നീളുന്ന ട്രെയിന്‍ യാത്രകളെ തന്നെ ആലോചിച്ചുനോക്കൂ. ചിലപ്പോള്‍ അടുത്തിരിക്കുന്നവരുമായി നാം സൗഹൃദത്തിലാകുന്നു. പക്ഷേ നമ്മുടെയോ അയാളുടെയോ ലക്ഷ്യസ്ഥാനത്തിന് മുമ്പ് എവിടെ വച്ചോ നാം വേര്‍പിരിയുന്നു. എന്നാല്‍ കൂടെയുള്ളത് ഇണയാണെങ്കില്‍ നമുക്കൊപ്പമുള്ള തുടര്‍യാത്രകളിലും ആ വ്യക്തിയുണ്ടാകും. ലിവിംഗ് ടുഗെദറും മാര്യേജ് ലൈഫും തമ്മിലുള്ള വ്യത്യാസവും അതുതന്നെ. അത്രയുമുണ്ട് താനും. ജീവിതത്തിലെ ഇക്കാലയളവില്‍ എത്രയോ സൗഹൃദങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാം. അവയെല്ലാം ആയകാലത്ത് നമ്മുടെ ഹൃദയബന്ധങ്ങള്‍ തന്നെയായിരുന്നു. എന്നിട്ടും അവയെ എന്നേയ്ക്കുമായി നമുക്ക് സ്വന്തമാക്കാന്‍ തക്കവിധം അതിന് മേല്‍ നമുക്ക് അവകാശമുണ്ടായിരുന്നില്ല. നമ്മെക്കാള്‍ അവകാശപ്പെട്ടവര്‍ വന്നപ്പോള്‍ നാം ഒഴിഞ്ഞുകൊടുത്തു, വേദനയോടെയോ നിസ്സഹായതയോടെയോ. എന്നാല്‍ അവകാശമുള്ള ബന്ധങ്ങള്‍ എന്നും നമ്മുടെ സ്വന്തമാണ്. അവ ഒരിക്കലും നാമായിട്ടല്ലാതെ മറ്റൊരാള്‍ക്ക് പിരിക്കാനാവില്ല. ദിവസങ്ങളും മണിക്കൂറുകളും ആഴ്ചകളും വര്‍ഷങ്ങളും നീണ്ടുനില്ക്കുന്ന ബന്ധങ്ങളല്ല നമുക്കുണ്ടാവേണ്ടത്.. തന്നെക്കാള്‍ യോഗ്യതയുള്ള ആളെ കാണുമ്പോള്‍ ഉപേക്ഷിച്ചുപോകുന്ന ബന്ധങ്ങളുമല്ല്.. തീന്‍മേശ സമൃദ്ധിയില്‍ മാത്രം ഒപ്പമുണ്ടായിരിക്കേണ്ട ബന്ധങ്ങളുമല്ല അതിനെല്ലാം അപ്പുറം എന്നും നിലനില്ക്കുന്നത്, എപ്പോഴും ഏതവസ്ഥയിലും ചേര്‍ന്നുനില്ക്കാന്‍ കഴിയുന്നത്, എന്റെ ഒപ്പമുള്ള ആള്‍തന്നെയാണ് എനിക്കേറ്റവും പറ്റിയ ഇണയെന്ന് മനസ്സിലാക്കുന്നവിധത്തിലുള്ളത്...അങ്ങനെയുള്ള ബന്ധങ്ങളിലേക്ക് വളരണം നമ്മള്‍. അവിടെ മാത്രമേ സംഗീതമുള്ളൂ..സന്തോഷമുള്ളൂ.

വിനായക് നിര്‍മ്മല്‍