പനാമ: ലോകയുവജനസംഗമം ദാ ഇങ്ങെത്തിക്കഴിഞ്ഞു. 2019 ജനുവരി 22 മുതല്‍ 27 വരെ പനാമയിലാണ് ആഗോള യുവജനസംഗമം നടക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയും പങ്കെടുക്കും. ലോകത്തിലെ ഏറ്റവും വലിയ യുവജനസംഗമമാണ് ഇത്.
ലോകയുവജനസംഗമത്തിനായി ലോകമെങ്ങും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുമ്പോള്‍ ഈ സംഗമത്തിന്റെ ശ്രദ്ധാകേന്ദ്രമായിതീര്ന്നിരിക്കുന്നവരില് ഒരാള്‍ അംബാര്‍ നിക്കോള കാല്വോ എന്ന പെണ്‍കുട്ടിയാണ്. പനാമയിലെ കോളജ് വിദ്യാര്‍ത്ഥിനിയായ അംബാര്‍ തയ്യാറാക്കിയ ലോകയുവജനസംഗമത്തിന്റെ ലോഗോ ഇതിനകം പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. 2017 മെയ് 14 ന് അതായത് രണ്ടുവര്‍ഷം മുമ്പാണ് ലോഗോയുടെ പ്രകാശനം നടന്നത്.
ഇതാ കര്‍ത്താവിന്റെ ദാസി അങ്ങയുടെ വചനം എന്നില്‍ നിറവേറട്ടെ ( ലൂക്കാ 1:38 ) എന്നതാണ് സംഗമത്തിന്റെ ആപ്തവാക്യം. ഇതിനെ ആസ്പദമാക്കിയാണ് അംബോര്‍ രൂപകല്പന നടത്തിയിരിക്കുന്നത്. അതുകൊണ്ട് ഈ ലോഗോയെ മേരിയന്‍ ചിത്രീകരണമെന്നാണ് അംബോര്‍ വിശേഷിപ്പിക്കുന്നത്.
ഹൃദയത്തിന്റെ ബഹുവര്‍ണ്ണത്തിലുള്ള ചിഹ്നമാണ് ലോഗോയുടെ ആകര്‍ഷണീയത. ഇതിലെ 5 വെളുത്ത പൊട്ടുകള്‍ പരിശുദ്ധ മറിയത്തെ പ്രതിനിധാനം ചെയ്യുന്നവയാണ്. അതോടൊപ്പം പനാമയിലെ ഭൂഖണ്ഡങ്ങളുടെ സംഗമത്തെയും സൂചിപ്പിക്കുന്നു. മറിയത്തിലൂടെ ക്രിസ്തുവിലേക്ക് എന്ന ആഹ്വാനത്തിന്റെ സൂചനകളുമുണ്ട് ലോഗോയില്‍. ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്ന കുരിശ്, ലോകയുവജനസംഗമത്തിന്റെ സ്ഥാപകനായ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെയും ഓര്‍മ്മ ഉണര്‍ത്തുന്നുണ്ട്.
ചുരുക്കത്തില്‍ ലോകയുവജനസംഗമത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റാന്‍ ഇരുപതുകാരിയും ചിത്രകാരിയുമായ അംബോറിന്റെ ലോഗോക്ക് കഴിഞ്ഞിരിക്കുന്നു.