നിനക്കുവേണ്ടിയും മാലാഖമാർ

0

ഉത്‌കണ്‌ഠമൂലം ആയുസ്സിൻ്റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ? (മത്തായി 6 : 27).

പൂവിനോടും ശലഭത്തോടും കിന്നാരം പറഞ്ഞുനടന്ന പ്രായത്തിൽ പനിബാധിച്ചു ശരീരം തളർന്നുപോയ ബാലികയായിരുന്നു മാരിയത്ത്. രണ്ടാം ക്ലാസ്സ് വരെ മാത്രം സ്‌കൂളിൽ പോകാൻ സാധിച്ച അവൾക്ക് ലോകമെന്നത് വീടും വീട്ടുകാരും മാത്രമായി ചുരുങ്ങി. പക്ഷേ, ദൈവം അവൾക്ക് വേണ്ടി നേരത്തെതന്നെ മാലാഖമാരെ അയച്ചിരുന്നു. രക്തബന്ധങ്ങളും സുഹൃത്തുക്കളും അധ്യാപകരുമെല്ലാം മാലാഖമാരായപ്പോൾ അവളുടെ ജീവിതം അതിജീവനനത്തിൻ്റെ പുതിയൊരു അദ്ധ്യായം രചിച്ചു. വെളിച്ചം നൽകുന്നവരാണ് അധ്യാപകരെന്ന ബോധ്യമുള്ള ഏതാനും ഗുരുക്കന്മാരുടെ സഹായത്തോടെ മാരിയത്ത് പഠനം തുടർന്നു. SSLC പരീക്ഷക്കുശേഷം ചുങ്കത്തറ മാര്‍ത്തോമാ കോളേജിലായിരുന്നു രണ്ടു വര്‍ഷത്തെ പഠനകാലം. ഈ രണ്ടുവർഷക്കാലവും കോളേജിലേക്ക് മാരിയത്തിനെ എടുത്തുകൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും സഹോദരൻ ഫിറോസ് ആയിരുന്നു. മാരിയത്തിൻ്റെ ജീവിതകഥ പറയുന്ന പുസ്തകമാണ് ‘കാലം മായ്ച്ച കാൽപ്പാടുകൾ’. ആ പുസ്തകത്തിൻ്റെ അഞ്ചാമത്തെ പതിപ്പും പുറത്തിറങ്ങി.

കോളേജിലെ പഠനകാലത്ത് ഒരുദിവസം ഇരിപ്പിടത്തിൽ അറിയാതെ മൂത്രംപോയതും ആ അവസ്ഥയിൽ ഒരുപെൺകുട്ടി അനുഭവിക്കാനിടയുള്ള മാനസ്സീക വ്യഥയിലൂടെ കടന്നുപോയപ്പോൾ മാലാഖായെപ്പോലെ ധന്യയെന്നുപേരായ ഒരു സിസ്റ്റർവന്നതും യാതൊരു സങ്കോചവും കൂടാതെ മാരിയത്തിനെ ആശ്വസിപ്പിച്ച് വൃത്തിയാക്കി കടന്നുപോയതുമെല്ലാം ഈ പുസ്തകത്തിൽ വായിക്കുമ്പോൾ ഒന്നല്ല പലപ്രാവശ്യം കണ്ണുകൾ തുടക്കേണ്ടിവരുന്നു. ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ ലഭിക്കുന്നത് ഒരുറപ്പാണ്- ‘എനിക്കുവേണ്ടിയും ദൈവം ഈ ഭൂമിയിൽ മാലാഖാമാരെ അയച്ചിട്ടുണ്ട്’.

നാളെയെന്തു എന്നോർത്ത് മനസ്സുവെന്തു എത്രരാത്രികൾ നീ തള്ളിനീക്കിയിട്ടുണ്ട്? പക്ഷേ ആ ദിവസവും കടന്നുപോയതില്ലേ?  കണ്ണീരിൽ കുതിർന്ന തലയിണയുമായി എത്രദിവസങ്ങൾ നീ ഉരുകിത്തീർന്നിട്ടുണ്ട്? ആ പ്രശ്നനങ്ങളെയെല്ലാം നീ അതിജീവിച്ചില്ലേ? ഒരിക്കലും പൂർത്തിയാകില്ല എന്നു കരുതിയ എത്രയോ കാര്യങ്ങളിലാണ് നീ അവിശ്വസനീയമായി വിജയിച്ചത്? എത്രയോ രോഗക്കിടക്കകളിലാണ് നീ സ്നേഹത്തിൻ്റെ ആർദ്രത തിരിച്ചറിഞ്ഞത്? എത്രയോ തെറ്റിദ്ധാരണകളാണ് ചിലരെത്ര നൈർമല്യം ഉള്ളവരാണെന്ന തിരിച്ചറിവിലേക്ക് നിന്നെ നയിച്ചത്? കരം പിടിക്കാൻ ആരുമുണ്ടാകില്ലെന്ന വ്യഥയിൽ ഉഴറവേ, എത്രയോ കരങ്ങളാണ് നിന്നെ ചേർത്തുപിടിച്ചത്?

നിൻ്റെ ഉത്കണ്ഠകളൊന്നും നിന്നെ തോൽപ്പിച്ചില്ല. നിൻ്റെ പരാജയഭീതിയൊന്നും നിന്നെ കീഴ്പ്പെടുത്തിയില്ല. കാരണം നീ തോൽക്കരുതെന്ന് ദൈവം ആഗ്രഹിച്ചിരുന്നു. അതിനായി ദൈവം അയച്ച മാലാഖമാർ നിനക്കുചുറ്റും എപ്പോഴും വട്ടമിട്ടുപറക്കുന്നുണ്ടായിരുന്നു.

എത്രപേരുടെ മനസ്സിൽ നീയൊരു മാലാഖയായി ??

ശുഭരാത്രി

Fr Sijo Kannampuzha OM