നിഷ്ക്കളങ്കനെ ദൈവം ഉപേക്ഷിക്കുകയില്ല( ജോബ് 8: 20)
നിഷ്ക്കളങ്കനായി ജീവിക്കുക അത്രമേല്‍ എളുപ്പമല്ല. കാരണം ഈ ലോകം ഇപ്പോള്‍ നാം ആരു വിചാരിക്കുന്നതിലും അധികമായി സാമര്‍ത്ഥ്യവും പ്രാഗത്ഭ്യവും ആവശ്യപ്പെടുന്നുണ്ട്. ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നും എവിടെയും ചതിക്കുഴികള്‍ നിരന്നിരിക്കുന്നുവെന്നുമാണ് ജീവിതത്തിലൂടെ കടന്നുപോയിരിക്കുന്ന വ്യക്തികളും അവര്‍ നല്കിയ പാഠങ്ങളും നമ്മോട് പറഞ്ഞു തന്നിരിക്കുന്നത്. ഇത്തിരിയൊക്കെ വക്രതയും കുരുട്ടുബുദ്ധിയും ഇല്ലാതെ ഈ വാഴ് വിലൂടെ കടന്നുപോകാനും കഴിയാതായിരിക്കുന്നു.
ഇങ്ങനെയാണ് ബാഹ്യ സാഹചര്യങ്ങളെങ്കില്‍ ഒരാള്‍ക്കെങ്ങനെയാണ് നിഷ്ക്കളങ്കനായി വ്യാപരിക്കാന്‍ കഴിയുക? നമ്മുടെ ആത്മീയതയുടെ അടിത്തറ തന്നെ ഇത്തരമൊരു ഉരകല്ലില്‍ വച്ചുവേണം വിലയിരുത്തേണ്ടത്.
ദൈവത്തിന്റെ കൂടാരത്തില്‍ പാര്‍ക്കാനുള്ള അടിസ്ഥാന യോഗ്യതകളിലൊന്നും നിഷ്ക്കളങ്കത തന്നെ. എന്നിട്ടും കാലം ചെല്ലും തോറും അല്ലെങ്കില്‍ വളരും തോറും നിഷ്ക്കളങ്കത എന്ന പുണ്യം നമ്മില്‍ നിന്ന് കുറഞ്ഞുപോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും ഒന്നുപോലെ നിഷ്ക്കളങ്കരായിരിക്കുക. അതാണ് പ്രധാനപ്പെട്ട കാര്യം.
ചിലരുണ്ട് മനുഷ്യരുടെ മുമ്പില്‍ വെളുത്ത ചിരി കൊണ്ടും നിര്‍ദ്ദോഷമായ സംസാരം കൊണ്ടും നിഷ്ങ്കളരാണെന്ന് ഭാവിക്കുന്നു. അതെ നിഷ്ക്കളങ്കതയില്ലാഞ്ഞിട്ടും നിഷ്ക്കളങ്കരെന്ന വ്യാജേന ജീവിക്കുന്നവര്‍. ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും ഒന്നുപോലെ നിഷ്ക്കളങ്കരായി ജീവിക്കുക. പ്രവൃത്തികൊണ്ട്, വാക്ക് കൊണ്ട്, ഇടപെടല്‍ കൊണ്ട്..
നിങ്ങളുടെ ഉത്തരം അതെയെന്നോ അല്ലായെന്നോ മാത്രമായിരിക്കണമെന്ന ചില താക്കീതുകള്‍ പോലും എനിക്ക് തോന്നുന്നു, നിഷ്ക്കളങ്കതയുമായി ചാര്ച്ചപ്പെടുന്നവയാണെന്ന്. പ്രാവുകളെ പോലെ നിഷ്ക്കളങ്കരായിരിക്കുക എന്നതാണ് മറ്റൊരു ആഹ്വാനം. നിഷ്ക്കളങ്കരായവര്ക്ക് ദൈവം നല്കുന്ന പ്രത്യേകമായ കഴിവാണ് വിവേകം. അതും മറക്കരുത്.
നാം കഴിവു കുറഞ്ഞവരോ സ്വാധീനമില്ലാത്തവരോ പ്രതാപവും അധികാരവും ഇല്ലാത്തവരോ വാഗ്ചാതുരിയില്ലാത്തവരോ ഒക്കെയായിരിക്കും. പക്ഷേ നമുക്ക് ഒരു ഉറപ്പുണ്ട്. നിഷ്ക്കളങ്കതയുണ്ടോ, നാം നിഷ്ക്കളങ്കരാണോ ദൈവത്തിന് നമ്മെ ഉപേക്ഷിക്കാനാവില്ല.
ദൈവമേ ജീവിതത്തിന്റെ പല വഴികളിലും എനിക്ക് നിഷ്ക്കളങ്കത നഷ്ടമായിപ്പോയിട്ടുണ്ട്. കളങ്കത്തോടെ ഞാന്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്തിട്ടുണ്ട്. നിലനില്‍പ്പെന്നും പ്രായോഗികതയെന്നുമൊക്കെ വിശേഷിപ്പിക്കാം അതിനെ. എങ്കിലും നിത്യമായി നിഷ്ക്കളങ്കതയില് നിന്ന് അകന്നുജീവിക്കാന്‍ നീയെന്നെ അനുവദിക്കരുതേ. നിഷ്ക്കളങ്കതയോടെ നിന്റെ മുമ്പില്‍ വ്യാപരിക്കാന്‍ നിന്റെ പരിശുദ്ധാത്മശക്തി കൊണ്ട് എന്നെ നിറയ്ക്കണമേ.
ഈ പ്രഭാതം മുതല്‍ എന്റെ നിഷ്ക്കളങ്കതയെ തിരികെ പിടിക്കാനുള്ള ശക്തിയും ശ്രമവും എനിക്ക് നല്കണമേ
നിഷ്ക്കളങ്കമാനസരായി ജീവിക്കാന്‍ ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ
വിഎന്‍.