നീ നഗ്നനോ ?

0

നല്ല സമറിയാക്കാരൻ (ലൂക്കാ 10: 25-37) ധ്യാനം -7

എത്ര വലിയ മനുഷ്യനെയും നിരായുധനും നിസ്സഹായനും ആകുന്ന ഒരവസ്ഥയുണ്ട്- അത്  ഒരുവൻ നഗ്നനാക്കപ്പെടുമ്പോൾ ആണ്. എത്രവലിയ അഭ്യാസിയും എത്ര ശക്തിമാനും നഗ്നനാക്കപ്പെടുമ്പോൾ  ഏറ്റവും ബലഹീനനാകുന്നു. മറ്റൊന്നും ചെയ്യാൻ സാധിക്കാതെ, അഭിമാനത്തിന് മുറിവേറ്റ്, തലയുയർത്താൻ സാധിക്കാതെ കുനിഞ്ഞ ശിരസ്സുമായി നിൽക്കപ്പെടുന്നു.

ഇന്നും സംസ്കാരരഹിതരായ മനുഷ്യരുടെയിടയിൽ ഈ വിധത്തിലുള്ള ശിക്ഷാരീതികൾ നിലവിലുണ്ട്. ജറുസലേമിൽ നിന്ന് ജെറിക്കോയിലേക്ക് പോയ മനുഷ്യൻ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടപ്പോൾ ആദ്യമായി കള്ളന്മാർ ചെയ്തതും അത് തന്നെയാണ്. അവർ അവനെ വിവസ്ത്രനാക്കി. കവർച്ചചെയ്യപ്പെടുന്നതും മർദ്ദിക്കപ്പെടുന്നതും പിന്നെയും സഹിക്കാനാകും എന്നാൽ വിവസ്ത്രനാക്കപ്പെടുന്നത് വളരെ ക്രൂരമായ കാര്യമാണ്.

നഗ്നനാക്കപ്പെട്ട ഈ മുഷ്യൻ മാമോദീസാ വേളയിൽ നൽകപ്പെട്ട വിശുദ്ധമായ വെള്ള വസ്ത്രം നഷ്ടപ്പെട്ടവൻ്റെ പ്രതീകമാണ്. ദൈവത്തിൽ നിന്നകന്നുപോയ മനുഷ്യനെ ആക്രമിച്ചതും പരിക്കേല്പിച്ചതും പിശാചാണ്.  ആരെല്ലാമാണോ പാപം ചെയ്തു ദൈവത്തിൽനിന്നു അകന്നുപോകുന്നത് അവരെല്ലാം എത്തിച്ചേരുന്നത് ഈ പിശാചിൻ്റെ കൈകളിലാണ്. ദൈവപുത്രസ്ഥാനമെന്ന വെളുത്ത വസ്ത്രം പിശാച് നശിപ്പിക്കുകയാണ്. വിശുദ്ധിയുടെ വെള്ള വസ്ത്രം കീറിയെറിയുകയാണ്.

ദൈവത്തോട് പ്രാർത്ഥിക്കാതിരിക്കുമ്പോൾ ചെകുത്താനോടാണ് പ്രാർത്ഥിക്കുകയെന്നു ഫ്രാൻസീസ് മാർപാപ്പ ഓർമിപ്പിക്കുന്നുണ്ട്.എൻ്റെ പ്രാർത്ഥനയും ജപമാലയും വി.കുർബ്ബാനയും കൂദാശകളുമെല്ലാം ഞാൻ പല കാരണങ്ങളാൽ ഒഴിവാക്കുമ്പോൾ, ഞാൻ ചെന്നുപതിക്കുന്നത് എന്നെ ആക്രമിക്കാനായി കാത്തിരിക്കുന്ന ചെകുത്താൻ്റെ കൈകളിലാണ്. എൻ്റെ വിശുദ്ധിയുടെയും ദൈവമകനെന്ന സ്ഥാനത്തിൻ്റെയും വിശുദ്ധവസ്ത്രം അവൻ വലിച്ചുകീറുന്നു.

മാമോദീസായിൽ ലഭിച്ച വെള്ളവസ്ത്രം കറപറ്റാതെ ജീവിതാവസാനം വരെ കാക്കേണ്ടതുണ്ട്. അത് നഷ്ടപ്പെടാതിരിക്കാൻ നമുക്ക് പരിശ്രമിക്കാം. നിൻ്റെ വഴികളിൽ നിന്നെ നഗ്നനാക്കാൻ ഒരാൾ മറഞ്ഞിരിപ്പുണ്ടെന്ന് ഓർമ്മയിലുണ്ടായിരിക്കട്ടെ.

ശുഭരാത്രി  

Fr Sijo Kannampuzha OM