അങ്ങനെ ഒരു ഭാഗ്യമുണ്ടായി. കുറച്ചുനാള്‍ ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ കഴിയാന്‍. നിത്യനഗര മെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നഗരം ഒരേസമയം പുരാതനവും പ്രൗഢിയും നിറഞ്ഞതാണ്. മതപരവും രാഷ്ട്രീയവുമായ ചരിത്രശേഷിപ്പുകള്‍ എല്ലായിടത്തുമുണ്ട്. കത്തോലിക്കാസഭയുടെ കേന്ദ്രവും ക്രൈസ്തവവിശ്വാസത്തിന്റെ ഉള്ളുലയ്ക്കുന്ന ചരിത്രവുമുറങ്ങുന്ന പുണ്യഭൂമി. വത്തിക്കാന്‍ മാത്രമല്ല, നൂറുകണക്കിനു വിശുദ്ധര്ക്കു ജന്മം നല്കിയ ദേശമെന്ന നിലയിലും ഇറ്റലി നമ്മെ വല്ലാതെ വശീകരിക്കും. നമ്മള് ഏറെ ആദരിക്കുന്ന വിശുദ്ധരായ അന്തോണീസ്, ഫ്രാന്‍സീസ് അസീസി, സെബസ്ത്യാനോസ്, ക്ലാര, മരിയഗൊരേത്തി, റീത്ത പുണ്യവതി, സിസിലി പുണ്യവതി… ഇവരെല്ലാം അവരില്പ്പെടുന്നു. കൊടിയ മതപീഡനത്തിന്റെ നാളുകളില്‍, പ്രത്യേകിച്ച് ആദ്യനൂറ്റാണ്ടുകളില്‍ രക്തസാക്ഷികളായവര്‍ ആയിരക്കണക്കിന്. ആ ഓര്മ ഇന്നും നമ്മില്‍ സജീവമാക്കുന്ന കൊളോസിയം, കാറ്റക്കുമ്പുകള്… ഇവിടെ നിലനിര്‍ത്തിയിട്ടുണ്ട്. ഇവിടെ സന്ദര്ശിക്കാനിടയാകുന്ന സ്ഥലങ്ങളിലെ ചെറിയ വിശേഷങ്ങളും കാഴ്ചകളും ഈ ലക്കം മുതല്‍ പങ്കുവയ്ക്കാമെന്നു കരുതുന്നു. ഒരു വിവരണവും പരിപൂര്ണമാവില്ല. ചെറിയൊരു വിശേഷം പറച്ചിലായി കരുതിയാല്‍ മതി.
അസ്സീസി :
രണ്ടാം ക്രിസ്തുവെന്നു വിളിച്ച് ലോകം ആദരിക്കുന്ന ഫ്രാന്‍സീസ് അസ്സീസിയുടെ ജന്മദേശം. 1882 ല്‍ ജനിച്ച് 1226 ല്‍ മരണമടഞ്ഞ മനുഷ്യന്. വെറും 44 വര്‍ഷം മാത്രം ജീവിച്ച് കടന്നുപോയ ഈ മനുഷ്യന് ക്രിസ്തു കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച വ്യക്തിയാണ്. സമ്പന്ന കുടുംബത്തില്‍ ജനിച്ച് യൗവനാരംഭത്തില്‍ത്തന്നെ എല്ലാം ഉപേക്ഷിച്ച് സമ്പൂര്‍ണ്ണ ദാരിദ്ര്യം വരിച്ച ചെറുപ്പക്കാരന്. ദൈവം തലയ്ക്കു പിടിച്ച മനുഷ്യന്. പ്രകൃതിയോടും ജീവജാലങ്ങളോടും സാഹോദര്യത്തില്‍ കഴിഞ്ഞവന്. ലാളിത്യവും ദാരിദ്ര്യവുമെന്തെന്ന് ഈ മനുഷ്യനെ നോക്കിപ്പഠിക്കാം. അതെ, ഫ്രാന്‍സിസിനെ എങ്ങനെ വിശേഷിപ്പിച്ചാലും അധികമാവില്ല. രണ്ടാം ക്രിസ്തുവെന്ന ആ വിശേഷണത്തില്‍ എല്ലാമുണ്ട്. കൂട്ടുകാരി ക്ലാരയും ഫ്രാന്‍സിസിന്റെ ചുവടുകളിലൂടെതന്നെ നടന്നു. അങ്ങനെ ഒരേസമയം രണ്ടു മഹാവിശുദ്ധര്‍ ജീവിച്ചു മരിച്ച മണ്ണാണ് അസ്സീസി.
റോമില്‍നിന്നു രണ്ടു മണിക്കൂര്‍ ട്രെയിനില്‍ യാത്രചെയ്താല്‍ അസ്സീസിയിലെത്താം. ഒരുപാട് തുരങ്കങ്ങളിലൂടെയാണ് യാത്ര. ചെറിയ കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ വഴി. താഴ്വരകള്‍ വിശാലമായ വയലുകളാണ്. ഗോതമ്പും ചോളവുമൊക്കെ തഴച്ചു വളര്‍ന്നു നില്ക്കുന്നു. റെയില്‍വേ സ്റ്റേഷന്നില് നിന്ന് നോക്കിയാല്‍ ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെ അസ്സീസി പട്ടണം കാണാം. ഏകദേശം പത്തുമിനിറ്റ് ബസ് യാത്ര. ഉയര്‍ന്ന പ്രദേശമാണ്. ഒക്ടോബര്‍ പകുതിയേ ആയിട്ടുള്ളൂവെങ്കിലും നല്ല തണുപ്പുണ്ട്.
ബസിറങ്ങി ആദ്യമേ പോയത് സാന്‍ദാമിയാനോ പള്ളിയിലേക്കാണ്. ഏകദേശം ഒന്നരകിലോമീറ്റര്‍ ദൂരെ ഒരു കുന്നിന് ചെരുവിലാണ് ആ ചെറിയ പള്ളി. ഒലിവുതോട്ടങ്ങള്ക്കു നടുവിലൂടെയുള്ള നടത്തം വേറിട്ട ഒരനുഭവമാണ്. കുത്തനെയുള്ള ഇറക്കമാണ്. പള്ളിയോടടുക്കുമ്പോള്‍ റോഡിനിരുവശവും വള്ളിച്ചെടികള്‍ പൂത്തുനില്ക്കുന്നു. ചെറിയ ഒരു ദേവാലയമാണ് സാന്‍ദാമിയാനോ. ഫ്രാന്‍സിസിന്റെ ജീവിതത്തെ 1800 ഡിഗ്രി തിരിച്ച ആ സംഭവമുണ്ടായത് ഈ പള്ളിയില്‍വച്ചാണ്. അവിടെ പ്രാര്ത്ഥിച്ചുകൊണ്ടിരിക്കുമ്
നമ്മള് ആദ്യം പ്രവേശിക്കുന്നത് ആ കുഞ്ഞു പള്ളിയിലേക്കാണ്. ഒരു മുപ്പതടി നീളം കാണും അത്രയേയുള്ളൂ. ആ ക്രൂശിതരൂപം ഇപ്പോള്‍ അവിടെയില്ല. ക്ലാരയുടെ ബസിലിക്കയിലാണ്. പകരം അതേയിടത്ത് അതുപോലെതന്നെ ഒന്ന് സ്ഥാപിച്ചിട്ടുണ്ട്. കണ്ണുകള്‍ തുറന്ന്, ഇരുപാദങ്ങളും ചവിട്ടി, കൈകള്‍ വിരിച്ച് നിവര്‍ന്നു നില്ക്കുന്ന ക്രിസ്തുവിന്റെ മുഖത്ത് കുരിശിലെ തീവ്രവേദനയില്ല. മങ്ങിയ വെളിച്ചത്തില്‍, പരിപൂര്‍ണ്ണ നിശ്ശബ്ദതയില്‍ ആളുകള്‍ പ്രാര്‍ത്ഥിക്കുകയാണ്. എട്ടു നൂറ്റാണ്ട് മുമ്പ് അവിടുന്നു പറഞ്ഞ ആ വാക്കുകള്‍ ഇന്നും കാതില്‍ മുഴങ്ങുകയാണ്. പള്ളി പുതുക്കിപ്പണിയേണ്ടതുണ്ട്.
മദ്ബഹയുടെ വലതുവശത്തുള്ള വാതില്‍ കടന്നാല്‍ താഴത്തെനിലയിലേക്കിറങ്ങാം. ഇടുങ്ങിയ നടകള്‍ ഇറങ്ങിച്ചെല്ലുന്നത് വിശുദ്ധ ക്ലാരയും കൂട്ടുകാരും താമസിച്ചിരുന്ന മഠത്തിലേക്കാണ്. ക്ലാര ജീവിച്ചതും മരിച്ചതും ഇവിടെയാണ്. 1210 ല്‍ ഫ്രാന്‍സിന്റെ പ്രസംഗം കേട്ട് സുവിശേഷദാരിദ്ര്യം ജീവിക്കാന്‍ പ്രഭുകുമാരിയായ ക്ലാര തീരുമാനിക്കുകയായിരുന്നു. വൈകാതെ വേറെ കുറച്ചു പെണ്‍കുട്ടികളും. അവരെ സ്വീകരിച്ച ഫ്രാന്‍സീസ് അവര്‍ക്കു താമസിക്കാന്‍ ഒരുക്കിയ സ്ഥലമാണിത്. മഠവും ഊട്ടുമുറിയും ചാപ്പലും എല്ലാം കാണാം. ദാരിദ്ര്യത്തിന്റെയും ലാളിത്യത്തിന്റെയും അടയാളങ്ങളാണ് എല്ലായിടത്തും. ചെറിയൊരു നാലുകെട്ട്. നടുവില്‍ മനോഹരമായ പൂച്ചെടികള്‍. ഊട്ടുമുറിയില്‍ തിരുവത്താഴത്തിന്റെ ചിത്രം. ഒരാള്‍ക്കു മാത്രം ചവിട്ടിക്കയറാവുന്ന നടകളിലൂടെ മുകളിലേക്കു കയറിയാല്‍ ക്ലാര തനിച്ചിരുന്നു പ്രാര്‍ത്ഥിച്ച മുറിയും മരിച്ച സ്ഥലവുമൊക്കെ കാണാം. ആളുകള്‍ നടന്നും ചവിട്ടിയും വല്ലാതെ തേഞ്ഞും കുഴിഞ്ഞുമിരിക്കുന്നു തറയും നടകളും.
പള്ളിയുടെ മുറ്റത്തു നിന്ന് നോക്കിയാല്‍ മനോഹരമായ താഴ്വാരമാണ്. മനംകവരുന്ന കാഴ്ച. പള്ളിയുടെ പരിസരത്ത് അവിടവിടെ ഫ്രാന്‍സിന്റെ മനോഹരമായ ശില്പങ്ങള് കൊത്തി വച്ചിരിക്കുന്നു. അവയിലൊന്ന് ഫ്രാന്‍സീസ് താഴ്വാരത്തേക്കുനോക്കി ധ്യാനിച്ചിരിക്കുന്നതാണ്. ഇവിടെ നിന്നാല്‍ ദൈവത്തെ ഓര്‍ക്കാതിരിക്കാനാവുമോ? വെറുതെയല്ല, ഫ്രാന്‍സീസ് സൂര്യകീര്ത്തനമെഴുതിയത്. ഏകദേശം രണ്ടു കിലോമീറ്റര്‍ മീറ്റര്‍ ദൂരെയുള്ള ആ സമതലത്തില്‍ വലിയ ഒരു ദേവാലയം കാണാം. ‘ബസിലിക്ക ദി സാന്ന്ത മരിയ ദെല്ലി ആഞ്ചലി’ (Basilica of St.Mary of the Angel) എന്നാണ് ആ ബസിലിക്കയുടെ പേര്. ഫ്രാന്‍സിസിന്റെ പോര്സ്യങ്കുള ആശ്രമം അവിടെയായിരുന്നു. ഫ്രാന്‍സിസ് ജീവിച്ചതും മരിച്ചതും അവിടെയാണ്. ഒരിക്കല്‍ ഫ്രാന്‍സീസിനെ കാണണമെന്ന് ക്ലാര ആഗ്രഹിച്ചപ്പോള്‍ അവിടെ നിന്ന് ഇവിടെവരെയുള്ള വഴിയില്‍ വെള്ളപ്പൂക്കള്‍ വിരിയുന്ന സമയത്ത് വരാമെന്നായിരുന്നു മറുപടി. പിറ്റേദിവസം അവിടെ വെള്ളപ്പൂക്കള്‍ നിറയെ വിരിഞ്ഞു നിന്നു എന്നൊരു പാരമ്പര്യമുണ്ട്. പള്ളിയെയും ആശ്രമത്തെയും കുറിച്ച് പിന്നീട് പറയാം.
കീയെസ നോവ ( Chiesa Nuova)
സാന്ദാമിയാനോയില്നിന്ന് കീയെസ നോവ എന്ന പള്ളിയിലേക്കാണു പോയത്. ഏതാണ്ട് ഒരു കിലോമീറ്ററോളം നടക്കണം. ഇറ്റാലിയന്‍ ഭാഷയില്‍ കീയെസ എന്നാല്‍, പള്ളി എന്നര്‍ത്ഥം. നോവ എന്നാല്‍, പുതിയത്. അസ്സീസിയില്‍ അക്കാലത്തു പണുത ഒടുവിലത്തെ പള്ളി എന്ന നിലയിലാണ് ആ പേരു വീണത്. പീറ്റര്‍ ബര്ണര്ഡിനോയെന്ന പട്ടുവ്യാപാരിയുടെ മകനായി ഫ്രാന്‍സീസ് ജനിച്ചു വളര്‍ന്ന വീടിനു മുകളിലാണ് ഈ പള്ളി. വലിയ വീട്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഈ വീട് വീണ്ടെടുത്തു സംരക്ഷിച്ചത് 1615 ലാണ് .ഫ്രാന്‍സിസ്കന്‍ സഭയുടെ സ്പെയിനിലെ വികാരി ജനറലായിരുന്ന ത്രേജോയിലെ ആന്റണി എന്ന സന്യാസി അസ്സീസി സന്ദര്ശിക്കുന്നിതിനിടെ ഫ്രാന്‍സീസിന്റെ വീട് നശിച്ചു കിടക്കുന്നതുകണ്ട് വേദന തോന്നി. റോമിലെ സ്പാനിഷ് എംബസിവഴി സ്പെയിനിലെ രാജാവായ ഫിലിപ്പ് മൂന്നാമനോട് സഹായമഭ്യര്‍ത്ഥിക്കുകയും അങ്ങനെ അദ്ദേഹം നല്കിയ തുക കൊണ്ട് ആ വീട് വിലയ്ക്കു വാങ്ങുകയായിരുന്നു. മാര്‍പാപ്പ ഇതംഗീകരിക്കുകയും പള്ളിയുടെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. ഫ്രാന്‍സിസിന്റെ മുറിയുടെ മുകളിലാണ് പ്രധാന അള്‍ത്താര. നവോത്ഥാനകാലത്തെ വാസ്തുവിദ്യയും ശില്പങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ട മനോഹരമായ ദേവാലയം.
തന്റെ പട്ടുവസ്ത്രങ്ങള്‍ വാരി ദരിദ്രര്‍ക്കു കൊടുക്കുകയും ഭ്രാന്തനെന്നു വിളിച്ച് ആളുകള്‍ ചെളി വാരിയെറിഞ്ഞു കൂക്കു വിളിക്കുകയും ചെയ്ത ഫ്രാന്‍സിസിനെ അപ്പന് പൂട്ടിയിട്ട മുറി താഴെ കാണാം. നിന്നു തിരിയാന്‍ ഇടമില്ലാത്ത ആ മുറിയില്‍ ഫ്രാന്‍സീസ് മുട്ടിന്മേല് നിന്നു പ്രാര്‍ത്ഥിക്കുന്ന തേജസുള്ള ശില്പമുണ്ട്. അതിനു താഴെ ഒരു നിലകൂടിയുണ്ട് വീടിന്. ഫ്രാന്‍സീസ് പിച്ചവച്ചു നടന്നതും കളിച്ചതുമൊക്കെ ഇവിടെയാണ്. മുറ്റത്ത് മാതാപിതാക്കളായ പീറ്റര്‍ ബര്ണര്ഡിനോയുടെയും പീക്കായുടെയും ശില്പം. അവരുടെ കയ്യില്‍ ഒരു ചങ്ങലയുണ്ട്. ദുഃഖത്തോടെ അതും പിടിച്ച് അവര്‍ നില്‍ക്കുകയാണ്.
വീടിന് അല്പം ഉയരത്തിലാണ് പട്ടണത്തെരുവ്. കെട്ടിടങ്ങള്‍കൊണ്ട് ഇരുവശത്തും മതിലുതീര്ത്തിരിക്കുകയാണെന്നു തോന്നും. നിറയെ കടകളാണ്. ഈ തെരുവിലൂടെയാണ് ഫ്രാന്‍സീസ് മാനസാന്തരത്തിനു മുമ്പ് കുടിച്ചു കൂത്താടി കൂട്ടുകാരോടൊത്ത് ഉല്ലസിച്ചു നടന്നതും പിന്നീട് ഉന്മത്തനെപ്പോലെ ദൈവത്തെ പാടിസ്തുതിച്ചുകൊണ്ട് നടന്നതും. ഈ തെരുവില്‍ വച്ചു തന്നെയാകണം അപ്പനു വസ്ത്രമുരിഞ്ഞു നല്കിയതും.
ഫ്രാന്‍സിസിന്റെ ബസിലിക്ക
കുറെക്കൂടി നടന്നാല്‍ ഫ്രാന്‍സിസിന്റെ ബസിലിക്കയിലെത്താം. അസ്സിസിയിലെ മറ്റൊരു പ്രധാനപ്പെട്ട ദേവാലയമാണിത്. ഫ്രാന്‍സിസിന്റെ കല്ലറ ഈ ദേവാലയത്തിലാണ്. അസ്സീസിയുടെ പടിഞ്ഞുറുഭാഗത്തുള്ള കുന്നിന്റെ ചെരുവിലാണീ ദേവാലയം. ഫ്രാന്‍സിസിന്റെ നാമകരണം കഴിഞ്ഞ് ഉടന്‍തന്നെ (1225) ഈ പള്ളിയുടെ പണിയാരംഭിച്ചു. 9-ാം ഗ്രിഗരി പാപ്പയാണ് നാമകരണം നടത്തിയതും ദേവാലയത്തിന്റെ ശില സ്ഥാപിച്ചതും. കുറ്റവാളികള്‍ക്കു വധശിക്ഷ നല്‍കിയിരുന്ന ഈ സ്ഥലം, നരകക്കുന്ന് എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ഇന്നത് സ്വര്ഗീയമല എന്നറിയപ്പെടുന്നു. 1253 ലാണു പള്ളിയുടെ പണി പൂര്‍ത്തിയായത്. രണ്ട് പള്ളികളാണ്. മുകളിലത്തെ നിലയിലും താഴത്തെ നിലയിലും ഓരോ പള്ളി. 1230 ല്‍ താഴത്തെ പള്ളി (lower basilica) പൂര്‍ത്തിയായി. അന്നുതന്നെ സെന്റ്ജോര്‍ജ്ജ് പള്ളിയിലായിരുന്ന ഫ്രാന്‍സിസിന്റെ ഭൗതികാവശിഷ്ടം ആഘോഷമായി കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിച്ചു. എന്നാല്‍, ഫ്രാന്‍സീസിനോടുള്ള ഭക്തികൊണ്ട് തിരുശേഷിപ്പ് മോഷ്ടിക്കപ്പെട്ടേക്കും എന്നു ഭയന്ന് സംസ്കരിച്ച സ്ഥലം ആര്‍ക്കും കണ്ടെത്താനാവാത്തവിധം മറച്ചുവയ്ക്കുകയായിരുന്നു. ഒന്‍പതാം പീയൂസ് പാപ്പയുടെ കാലത്താണ്- ഏതാണ്ട് 600 വര്‍ഷങ്ങള്‍ക്കുശേഷം- അതു കണ്ടെത്തിയത്. മാര്‍പ്പാപ്പയുടെ താല്പര്യപ്രകാരമാണ് കല്ലറ പുതുക്കി വിശ്വാസികള്‍ക്ക് കണ്ടു വണങ്ങത്തക്കരീതിയില് പണുതത്.
ഫ്രാന്‍സിസിന്റെ കല്ലറ സ്ഥിതിചെയ്യുന്ന താഴത്തെ പള്ളി ചെറുതാണ്. അവിടേക്കു പ്രവേശിക്കുന്നതോടെ അഗാധമായ നിശ്ശബ്ദത നമ്മെ മൂടും. മെഴുകുതിരിയുടെ വെളിച്ചം മാത്രമുള്ള ആ ചെറിയ ദേവാലയത്തില്‍- ലോകത്തെ ഇന്നും വശീകരിച്ചുകൊണ്ടിരിക്കുന്ന ആ മനുഷ്യന് നിത്യവിശ്രമം കൊള്ളുന്നു. വലുപ്പമുള്ള ഒരു കല്‍തൂണില്‍ കയ്യെത്താനാവാത്ത ഉയരത്തിലാണ് കല്ലറ. അതെ, കല്ലുകൊണ്ടുതന്നെയാണ് -കല്ലറ! പ്രാര്‍ത്ഥനയോടെ അതിനെ വലം വച്ച് നിരന്തരം ആളുകള്‍ സാവധാനം നടന്നുനീങ്ങുന്നു. കുറച്ചുപേര്‍ക്കു മാത്രം ഇരുന്നു പ്രാര്‍ത്ഥിക്കാനുള്ള ഇടമുണ്ട്. നൂറ്റാണ്ടുകള്‍ക്കപ്പുറം ജീവിച്ചുകടന്നുപോയൊരു മനുഷ്യന്റെ സജീവസാന്നിധ്യം അവിടെ നിറഞ്ഞുനില്ക്കുന്നു.
ഈ പള്ളിയുടെ പ്രവേശന കവാടത്തില്‍ (ഫ്രാന്‍സീസിന്റെ കല്ലറയുടെ നേരെ മുന്‍പിലായി) ഒരു ചെറിയ പേടകം ഭിത്തിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ജെക്കോബയുടേതാണ്. ഫ്രാന്‍സീസിന്റെ സ്നേഹിതയും ഉപകാരിയുമായിരുന്ന റോമാക്കാരിയാണ്. അദ്ദേഹത്തിന്റെ മരണസമയത്ത് ഒരുള്‍വിളിയാലെന്നവണ്ണം അവര്‍ അസ്സീസിയിലെത്തി. പക്ഷേ, സ്ത്രീയായതുകൊണ്ട് ആശ്രമത്തിനകത്തേക്ക് കയറാന്‍ സന്ന്യാസികള്‍ അനുവദിച്ചില്ല. വിവരമറിഞ്ഞ ഫ്രാന്‍സിസ് ‘ബ്രദര്‍’ ജെക്കോബയെ അകത്തേക്കു കടത്തിവിടാന്‍ ആവശ്യപ്പെടുകയായിരുന്നത്രേ! ഏതായാലും ഫ്രാന്‍സിസിന്റെ കല്ലറയോടടുത്തുതന്നെ അവരുടെ ഭൗതികാവശിഷ്ടങ്ങളും സൂക്ഷിക്കാന്‍ ഫ്രാന്‍സിസിന്റെ നിസ്സാരസഹോദരന്മാര് കാണിച്ച ഔദാര്യം എത്ര വലുതാണ്.
1239 ല്‍ ആരംഭിച്ച മുകളിലത്തെ ബസിലിക്കയുടെ നിര്‍മാണം 1253 ലാണു പൂര്‍ത്തിയായത്. പല കാലഘട്ടങ്ങളിലായി പ്രശസ്തരായ ചിത്രകാരന്മാര് വരച്ച മനോഹരമായ ചിത്രങ്ങളാണ് ഇതിന്റെ മറ്റൊരാകര്‍ഷണം. പഴയ നിയമത്തില്‍ നിന്നും പുതിയ നിയമത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍. സ്യഷ്ടി മുതല്‍ ജോസഫ് സഹോദരന്മാര്ക്ക് മാപ്പുനല്കുന്നതുവരെയുള്ള ചിത്രങ്ങളാണ് പഴയനിയമത്തില്‍ നിന്നുള്ളവ. മംഗളവാര്‍ത്ത മുതല്‍ കല്ലറയിലെ സ്ത്രീകള്‍വരെ പുതിയ നിയമത്തില്‍ നിന്നും. കൂടാതെ വി. സെബസ്ത്യാനോസിന്റേതുള്പ്പടെയു
1997 ലുണ്ടായ ഭൂമി കുലുക്കത്തില്‍ ഈ പള്ളിക്ക് കാര്യമായ കേടു സംഭവിച്ചു. പള്ളിയുടെ കേടുപാടുകള്‍ നിരീക്ഷിക്കുന്നതിനകത്തു കയറിയ സംഘത്തിലെ – രണ്ടു സന്ന്യാസിമാരുള്പ്പെടെ നാലുപേര്‍ തുടര്‍ന്നുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടു. എങ്കിലും രണ്ടു വര്‍ഷംകൊണ്ട് അത്ഭുതകരമായി അതു പുതുക്കിപ്പണിയാന്‍ കഴിഞ്ഞുവത്രേ.
വിശുദ്ധ ക്ലാരയുടെ ബസിലിക്ക ( Baslica di san chiara)
ഫ്രാന്‍സീസിന്റെ ദേവാലയത്തിനടുത്തുതന്നെ, അഭിമുഖമായിട്ടാണ് ഈ ദേവാലയം. ക്ലാരയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. ഒരു സ്ത്രീയുടെയും പുരുഷന്റെയും സൗഹൃദത്തിന് ഇത്രയും മനോഹരമായ ഒരു സാധ്യതയുണ്ടെന്ന് ഇവര്‍ നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. നിര്‍മമതയോടും ഗാഢമായും സ്നേഹിക്കാനാവുന്നവര്ക്ക് എത്തിച്ചേരാവുന്ന സാദ്ധ്യത. ഇവര്‍ തുടങ്ങിവച്ച ആ ഫ്രാന്‍സിസ്കന്‍ സംസ്കാരം എത്രയെത്ര രൂപഭാവങ്ങളില്‍ ഒരു പുളിമാവുപോലെ ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അല്‍ഫോന്‍സാമ്മയും ആ സംസ്കാരത്തില്‍ നിന്നാണെന്ന് ഓര്‍മിക്കുക.
1258 – ലാണ് ക്ലാര മരിച്ചത്. സെന്റ് ജോര്‍ജിന്റെ നാമത്തിലുള്ള പള്ളിയിലാണ് അന്നു സംസ്കരിച്ചത്. ഫ്രാന്സീസിന്റേതുപോലെതന്നെ ക്ലാരയുടെയും കല്ലറ ആറുനൂറ്റാണ്ടോളം അജ്ഞാതമായി ഭൂമിക്കടിയിലായിരുന്നു. ദീര്‍ഘമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ 1850 ലാണ് അതു കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ അസ്ഥികള്ക്ക്ഒരു കേടും സംഭവിച്ചിട്ടില്ലായിരുന്നു. ഇന്നത് ഒരു മെഴുകുപ്രതിമയുടെ രൂപത്തില്‍ പേടകത്തില്‍ സൂക്ഷിച്ചിരിക്കുന്നു. പള്ളിയോടനുബന്ധിച്ച് ചെറിയൊരു മ്യൂസിയമുണ്ട്. അവിടെ ക്ലാര തുന്നിയ വസ്ത്രങ്ങളും ഫ്രാന്‍സീസും ക്ലാരയും ധരിച്ച വസ്ത്രങ്ങളും സൂക്ഷിച്ചിരിക്കുന്നു. ഒപ്പം, ക്ലാരയുടെ മനോഹരമായ സ്വര്‍ണത്തലമുടി ഒരു ചില്ലുപേടകത്തിനുള്ളില്‍ വച്ചിട്ടുണ്ട്.
സിസ്റ്റര്‍ ശോഭ സിഎസ് എന്‍