ഉപേക്ഷിക്കേണ്ട സുഗന്ധങ്ങൾ

0


പാപിനിക്ക് മോചനം. (ലൂക്കാ 7 : 36-50)  ധ്യാനം -10

ആരാണ് സുഗന്ധങ്ങൾ ഇഷ്ടപ്പെടാത്തത്? പൂങ്കാവനങ്ങളും ചില വിഭവങ്ങളുമെല്ലാം നമ്മെ ആകർഷിക്കുന്നത് അതിന്റെ സുഗന്ധംകൊണ്ടുകൂടിയല്ലേ? ഓരോ മനുഷ്യനും സ്വന്തമായ, മാറ്റിയെടുക്കാൻ സാധിക്കാത്ത ഒരു ഗന്ധമുണ്ടുപോലും.

പോലീസ് നായ്ക്കളൊക്കെ ആ ഗന്ധമുള്ളതുകൊണ്ടാണ് പല കുറ്റവാളികളെയും തിരഞ്ഞുപിടിക്കുന്നത്. നമ്മുടെ മാതാപിതാക്കളുടെയും ജീവിതപങ്കാളിയുടെയും ഗന്ധം നമുക്കെത്രയോ പരിചിതമാണ്. എപ്പോഴാണോ ഒരാളെ ഇഷ്ടപ്പെടുന്നത്, അപ്പോൾ അയാളുടെ ഗന്ധം സുഗന്ധവും, അല്ലെങ്കിൽ ദുർഗന്ധവുമായി മാറുമെന്നത് ശരിയല്ലേ? നാം ഉപയോഗിക്കുന്ന പെർഫ്യൂമുകളും അത്തറുമെല്ലാം നമ്മുടെ സ്വതസിദ്ധമായ ഗന്ധത്തിന്റെ മുകളിൽ ധരിക്കുന്ന ഒരു മൂടുപടമല്ലേ? ഞാൻ എന്താണെന്ന് ആരും അറിയാതിരിക്കാനുള്ള ഒരു ആവരണം?

പാപിനിയായവൾ വെൺകൽഭരണി നിറയെ സുഗന്ധദ്രവ്യവുമായി എത്തുകയാണ്. അൽപനേരം പാദത്തിങ്കൽ കരഞ്ഞുനിന്നതിനുശേഷം അവൾ അവന്റെ പാദം കണ്ണീരുകൊണ്ടു കഴുകി, മുടികൊണ്ട് തുടച്ചു, ചുംബിച്ചു.

അവൾ ആ വെൺകൽഭരണി തുറന്ന് അതിലെ സുഗന്ധദ്രവ്യമെടുത്ത് അവിടുത്തെ പാദങ്ങളിൽ പൂശുകയാണ്. 
ഇന്നുവരെ ആ വെൺകൽഭരണി അവൾ തുറന്നത് അവൾക്കുവേണ്ടി മാത്രമായിരുന്നു. അവളുടെ ഗന്ധംമറച്ചു വയ്ക്കാനായിരുന്നു. ഇന്നിതാ, ആദ്യമായി അവളത് മറ്റൊരാൾക്കുവേണ്ടി, അതിലുപരി അവൾക്കുവേണ്ടിയല്ലാതെ, തുറക്കുകയാണ്.

ഇന്ന് വരെ ആ കൽഭരണി തുറന്നതുമുഴുവൻ പാപജീവിതത്തിന്റെ ആകർഷണങ്ങൾക്കുവേണ്ടിയായിരുന്നു. പാപത്തിന്റെ തീയിലേക്ക് ഈയാംപാറ്റകളെന്നപ്പോലെ പലരെയും ആകർഷിക്കാനായിരുന്നു. ഇന്ന് ആദ്യമായി അതിൽനിന്നും അല്പം ഗുരുവിനുവേണ്ടി നൈവേദ്യമാവുകയാണ്.

ഒരുപക്ഷേ, അവൾ ആ സുഗന്ധദ്രവ്യം സമ്പാദിച്ചതുപോലും അവളുടെ പാപത്തിന്റെ നാണയതുട്ടുകൾ കൊണ്ടായിരിക്കാം. ഇന്നവൾ അവന്റെ പാദത്തിൽ അത് ഒഴുക്കിക്കളയുന്നു. ആ കൽഭരണി അവളവിടെ, ഗുരുവിന്റെ പാദത്തിൽ ഉപേക്ഷിക്കുകയാണ്, ചില തീരുമാനങ്ങളുടെ പ്രതീകമായി.
സ്വഗന്ധം മറച്ചുവച്ചു നമ്മൾ കൃത്രിമമായ അത്തറുകൾ പൂശി മിടുക്കരാകുന്നു.

സത്യത്തിന്റെ, മൂല്യങ്ങളുടെ, നന്മയുടെ സുഗന്ധങ്ങൾ നമ്മെ വിട്ടകന്നിട്ടു എത്രനാളുകളായി? ആർത്തിയുടെ, വൈരാഗ്യത്തിന്റെ, പൊങ്ങച്ചതിന്റെ, തിന്മയുടെ ദുർഗന്ധം നമ്മെ പൊതിയുന്നുണ്ടോ? ചില വെൺകൽഭരണികൾ ഗുരുവിന്റെ പാദങ്ങളിൽ ഉപേക്ഷിക്കാനുള്ള സമയമായി. തീരുമാനിക്കുക- നന്മയുടെ സുഗന്ധമാണോ തിന്മയുടെ ദുർഗന്ധമാണോ നിനക്ക് ഇണങ്ങുക.

ശുഭരാത്രി

🖋

️Fr Sijo Kannampuzha OM